Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (30.01.2020)

January 30, 2020
Google News 1 minute Read

യുപിയിൽ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി; മോചിപ്പിക്കുന്നതിനിടയിൽ വെടിവെയ്പ്പ്

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഗ്രാമത്തിൽ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കിയതായി റിപ്പോർട്ട്. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ സ്വന്തം വീട്ടിൽ വിളിച്ചു വരുത്തി ബന്ദികളാക്കിയത്. സ്വന്തം ഭാര്യയും മകളും ബന്ദികളാക്കിയവരിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.

കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1053 പേര്‍

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്ന് ഏഴ് പേര്‍ അഡ്മിറ്റായെന്നും മന്ത്രി അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ യുഡിഎഫിന്റെ മനുഷ്യഭൂപടം

പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ മനുഷ്യഭൂപടം സംഘടിപ്പിച്ചു. മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന പ്രവര്‍ത്തകര്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. ഭരണഘടനക്ക് വെല്ലുവിളിയാകുന്ന കേന്ദ്രനീക്കങ്ങളെ മുളയിലേ നുള്ളണമെന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞു.

കൊറോണ ബാധിച്ച രോഗി തൃശൂർ ജനറൽ ആശുപത്രിയിൽ; അതീവ ജാഗ്രത പാലിക്കാൻ നിർദേശം

കൊറോണ ബാധിച്ച രോഗി തൃശൂർ ജനറൽ ആശുപത്രിയിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; വൈറസ് ബാധ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്ക്

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാൻ പറയാൻ മോദി ആര്?; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എം പി. മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും ഗോഡ്‌സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച ഭരണഘടനാ
സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കർ

ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. വാച്ച് ആൻഡ് വാർഡിനോട് ബലപ്രയോഗം നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞത്. മറിച്ചൊരു പരാതിയുണ്ടെങ്കിൽ പരിശോധിക്കും. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ വിയോജിപ്പ് രേഖകളിലുണ്ടാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.\

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഡോ.കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2017 ആഗസ്റ്റിൽ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ അറുപതിലേറെ കുട്ടികള്‍ മരണപ്പെട്ട  കേസില്‍ കുറ്റാരോപിതനായിരുന്നു കഫീല്‍ ഖാന്‍. ഡിസംബറിൽ അലിഗഡിൽ വച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മുംബൈയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നടിയെ അക്രമിച്ച കേസ്; അന്തിമ വിചാരണ ഇന്ന് ആരംഭിക്കും

നടിയെ അക്രമിച്ച കേസിലെ അന്തിമ വിചാരണ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിക്കും. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here