ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ തീരുമാനം ഇന്ന്; എതിർത്ത് ഭരണപക്ഷം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഇന്ന് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച ഗവർണർ നിയമസഭയുടെ അന്തസിനേയും അധികാരങ്ങളേയും ചോദ്യം ചെയ്‌തെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്.
Read Also: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം വായിച്ച് ഗവർണർ
ഗവർണറും സർക്കാരുമായുള്ള ബന്ധം മോശപ്പെടുത്താനേ പ്രമേയം ഉപകരിക്കൂ എന്ന നിലപാടിലാണ് സർക്കാർ. നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശങ്ങൾ അതേപടി വായിച്ച ഗവർണറെ വീണ്ടും പിണക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് പ്രമേയം പരിഗണിക്കണോ എന്ന് തീരുമാനിക്കുക. പ്രമേയം പരിഗണിക്കേണ്ടെന്ന് കാര്യോപദേശക സമിതിയിൽ ഭരണപക്ഷം വ്യക്തമാക്കും.
സർക്കാർ – ഗവർണർ ധാരണയുടേയും പൗരത്വ നിയമ ഭേദഗതിയിൽ സർക്കാരിന്റെ ആത്മാർഥതയില്ലായ്മയുടേയും ഉദാഹരണമായി പ്രമേയം നിരസിക്കലിനെ തുറന്നുകാട്ടാനാണ് പ്രതിപക്ഷ തീരുമാനം. സഭയാകട്ടെ ഇന്ന് തോമസ് ചാണ്ടിക്ക് ആദരമർപ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയും.
തിങ്കളാഴ്ച മുതൽ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ ചർച്ച തുടങ്ങും. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്.
aarif muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here