Advertisement

ഇടുക്കി ജില്ലയ്ക്ക് 1000 കോടി രൂപയുടെ പാക്കേജ്

February 7, 2020
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിസ്ഥിതി സന്തുലനാവസ്ഥ ഉറപ്പുവരുത്തി സുഗന്ധ വിളകളുടെയും ചക്ക പോലുള്ള പഴവര്‍ഗങ്ങളുടെ ഉത്പാദനവും ഉയര്‍ത്തിയുള്ള വികസനമാണ് ഇടുക്കിക്ക് ആവശ്യമെന്ന് ധനമന്ത്രി. 1000 കോടി രൂപയാണ് ഇടുക്കിയുടെ സമഗ്ര വികസത്തിനായുള്ള പാക്കേജായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കൃഷി, മണ്ണ് – ജല സംരക്ഷണം, മൃഗപരിപാലനം എന്നീ വകുപ്പുകളില്‍ നിന്നായി 2020-21 കാലയളവില്‍ 100 കോടി രൂപ മാറ്റിവയ്ക്കും.

സ്‌പൈസസ് പാര്‍ക്കിന്റെയും ആഗ്രോ പാര്‍ക്കിന്റെയും നിര്‍മാണം ഊര്‍ജിതപ്പെടുത്തും. വട്ടവടയിലെ ശീതകാല വിളകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൃഷിഭൂമിയുടെ നഷ്ടപ്പെട്ട പോഷക മൂലകങ്ങളും ജൈവാംശങ്ങളും വീണ്ടെടുക്കുന്നതിന് മണ്ണ് പരിശോധന നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കും.

നീര്‍ത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിമയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കും. ഇത്തരമൊരു ബൃഹത് പദ്ധതിക്കായി റീബില്‍ഡ് കേരളയില്‍ നിന്ന് 200 കോടി ലഭ്യമാക്കും. പ്രാദേശിക ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍, ശുചിത്വ ജലസംരക്ഷണ പരിപാടി, മരംനടീല്‍ കാമ്പയിന്‍ എന്നിവയുമായി കൂട്ടിയിണക്കി ഈ പരിപാടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അധികമായി വകയിരുത്തി.

Read More: പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍; 19,130 കോടി അനുവദിച്ചു

മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ചുള്ള ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം എന്നിവയും പ്രധാന പ്രവര്‍ത്തനങ്ങളാണ്. ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പും സ്ഥാപിക്കും.

പ്രളയ നഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആര്‍കെഐ എന്നിവയിലായി 130 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 722 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്. 278 കോടി രൂപയുടെ ബോഡിമെഡ് – മൂന്നാര്‍ ദേശീയ പാതയുടെ നിര്‍മാണം നടക്കുകയാണ്.

Read More: കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

കിഫ്ബിയില്‍ നിന്ന് ഏതാണ് 1000 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. അതില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 100 കോടി രൂപ, കുടിവെള്ളത്തിന് 80 കോടി രൂപ, ആരോഗ്യത്തിന് 70 കോടി രൂപ, സ്‌പോര്‍ട്‌സിന് 40 കോടി രൂപ, മരാമത്ത് പണികള്‍ക്ക് 300 കോടിരൂപ തുടങ്ങിയ ഉള്‍പ്പെടും. ഏതാണ്ട് 400 കോടി രൂപയുടെ പ്രവര്‍ത്തികള്‍ അപ്രൈസല്‍ ഘട്ടത്തിലുണ്ട്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഊര്‍ജിതപ്പെടുത്തും. ഇവയില്‍ നിന്നെല്ലാമായി 1000 കോടി രൂപയാണ് ഇടുക്കി പാക്കേജിന്റെ ഭാഗമായി 2020- 21 കാലഘട്ടത്തില്‍ ചെലവഴിക്കുക.

Story Highlights: budget 2020, State Budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement