എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന നിയന്ത്രണത്തിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിർദേശത്തിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാനേജ്മെന്റിന്റെ അധികാരത്തിൽ കൈവെച്ചിട്ടില്ലെന്നും കോടതിയിൽ പോകുമ്പോൾ ബോധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
മാനേജ്മെന്റുകളുടെ പ്രതിഷേധത്തിനിടയിലും എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന നിയന്ത്രണവുമായി മുന്നോട്ടുപോകുമെന്നാണ് ധനമന്ത്രി നിയമസഭയിൽ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ വ്യക്തമാക്കിയത്. തസ്തിക സൃഷ്ടിക്കുന്നത് സർക്കാർ അറിയണം. വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരല്ല അതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
എന്നാൽ, തലസ്ഥാന ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനുള്ള ധനമന്ത്രിയുടെ മറുപടി വാക്കേറ്റത്തിനിടയാക്കി. തിരുവനന്തപുരം ജില്ലയ്ക്ക് മാത്രം 4853 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി മറുപടി നൽകി. എംഎൽഎമാർക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപധനാഭ്യർത്ഥനയിൽ ആയിരം കോടി രൂപ മാറ്റിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 61 കോടി രൂപയുടെ പുതിയ പദ്ധതികളും മറുപടി പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. തലസ്ഥാന ജില്ലയെ അവഗണിച്ചെന്നാരോപിച്ച് ധനമന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Story highlight: aided school teacher post,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here