റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ആദ്യ മത്സരത്തിൽ ലാറയും സച്ചിനും മുഖാമുഖം; പരമ്പരയിൽ ആകെ 11 മത്സരങ്ങൾ

ട്രാഫിക് നിയമങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിനു വേണ്ടി നടത്തുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ ഉദ്ഘാടന മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറുടെയും ബ്രയാൻ ലാറയുടെയും ടീമുകൾ ഏറ്റുമുട്ടും. സച്ചിൻ്റെ ഇന്ത്യ ലെജൻഡ്സും ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സും തമ്മിലാണ് പോരടിക്കുക. മാർച്ച് ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന 5 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. ആകെ 11 മത്സരങ്ങളാണ് ഉണ്ടാവുക. വാംഖഡെയിൽ രണ്ട് മത്സരങ്ങൾ നടക്കുമ്പോൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാലു മത്സരങ്ങൾ നടക്കും. നേവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും നാല് മത്സരങ്ങളുണ്ട്. ഫൈനൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.

സച്ചിനെയും ലാറയെയും കൂടാതെ വീരേന്ദർ സെവാഗ്, യുവ്‌രാജ് സിംഗ്, സഹീർ ഖാൻ, ശിവ്‌നരൈൻ ചന്ദർപോൾ, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ, അജന്ത മെൻഡിസ് തുടങ്ങി ഒട്ടേറെ കളിക്കാർ പരമ്പരയിൽ കളത്തിലിറങ്ങും.

അതേ സമയം, ബാറ്റെടുക്കരുതെന്ന് ഡോക്ടറുടെ കർശന നിർദ്ദേശം ഉള്ളതുകൊണ്ട് തന്നെ സച്ചിൻ കളിക്കാനിരങ്ങുമോ എന്ന് സംശയമാണ്. കഴിഞ്ഞ ദിവസം നടന്ന ബുഷ്‌ഫയർ ക്രിക്കറ്റ് മത്സരത്തിലും സച്ചിൻ കളിച്ചിരുന്നില്ല. രണ്ട് ഇന്നിംഗ്സിൻ്റെ ഇടവേളയിൽ ഒരു ഓവർ മാത്രമാണ് സച്ചിൻ ബാറ്റെടുത്തത്. ഓസീസ് വനിതാ ഓൾറൗണ്ടർ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായാണ് ബുഷ്ഫയർ ചാരിറ്റി മത്സരം നടത്തിയത്. പോണ്ടിംഗ് ഇലവൻ, ഗിൽക്രിസ്റ്റ് ഇലവൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. ബ്രയാൻ ലാറ, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡൻ, യുവ്‌രാജ് സിംഗ്, എലിസ് വിലാനി, വസിം അക്രം, കോർട്നി വാൽഷ്, ഷെയിൻ വാട്സൺ, അലക്സ് ബ്ലാക്ക്‌വെൽ തുടങ്ങി ഒട്ടേറെ താരങ്ങൾ കളത്തിലിറങ്ങിയിരുന്നു.

അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് പോണ്ടിംഗ് ഇലവൻ ഗിൽക്രിസ്റ്റ് ഇലവനെ പരാജയപ്പെടുത്തിയിരുന്നു. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Story Highlights: Road Safety World Series, Sachin Tendulkar, Brian Lara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top