ചൈനീസ് കമ്പനി വാവേയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്ക

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കയില്‍ വാണിജ്യ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കന്‍ വിപണയിലെ എതിരാളികളില്‍ നിന്നും കച്ചവട രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് വാവേയ്ക്കും അനുബന്ധ കമ്പനികൾക്കുമെതിരെ അമേരിക്കന്‍ നീതി വകുപ്പ് ക്രിമിനല്‍ കേസുകള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് നടപടി.

ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായി രഹസ്യബന്ധങ്ങള്‍ ചൈനീസ് കമ്പനി നടത്തിയതായാണ് ആരോപണം. 2009 ല്‍ ടെഹ്‌റാനില്‍, ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരെ നിരീക്ഷിക്കാന്‍ ഇറാന് നിരീക്ഷണ ഉപകരണം നൽകിയെന്നും . ഇറാനെതിരേയുള്ള ഉപരോധം നിലനില്‍ക്കെ ആ രാജ്യവുമായുള്ള ഇടപാടുകള്‍ ബാങ്കുകളില്‍ നിന്നും മറച്ചുവച്ചെന്ന കുറ്റവും ചൈനീസ് കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം നേരിടുന്ന ഉത്തര കൊറിയയില്‍ രഹസ്യമായി ബിസിനസ് നടത്തിയെന്ന കുറ്റവും വാവേയ്‌ക്കെതിരേ അമേരിക്കന്‍ നീതി വകുപ്പ് ഉയര്‍ത്തുന്നുണ്ട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് വാവേയ്‌ക്കെതിരെ  അമേരിക്കന്‍ ഭരണകൂടത്തിനുള്ളത്. വാവേ എതിരാളികളുടെ കച്ചവട രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവരുടെ കമ്പനികളില്‍ നിന്നുള്ളവരെ ജോലിക്കെടുത്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. എതിര്‍ കമ്പനികളുടെ കച്ചവട രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ബ്രൂക്‌ലിനിലെ പ്രോസിക്യൂട്ടര്‍മാര്‍ വാവേയ്‌ക്കെതിരേ കുറ്റപത്രം കൊണ്ടുവരികയും സിയാറ്റിലെ പ്രോസിക്യൂട്ടര്‍മാര്‍ പ്രത്യേകം പരാതി നല്‍കുകയും ചെയ്തതോടെ അമേരിക്കയില്‍ ഈ ചൈനീസ് കമ്പനിയുടെ നില പരുങ്ങലിലായിരിക്കുകയാണ്.

എന്നാല്‍, തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വാവേയുടെ പ്രതികരണം. മുമ്പ് കോടതികള്‍ തന്നെ തള്ളിക്കളഞ്ഞ ആരോപണങ്ങളും പരാതികളും തന്നെയാണ് ഇപ്പോഴും അമേരിക്ക ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നാണ് ചൈനീസ് കമ്പനിയുടെ വാദം. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വിജയിക്കില്ലെന്നും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് തെളിയിക്കാനാകുമെന്നും വാവേ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More