Advertisement

‘ശുദ്ധ പെട്രോൾ’ നടപടികളുമായി കേന്ദ്രം; ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാൻ ലക്ഷ്യം

February 22, 2020
Google News 1 minute Read

‘ശുദ്ധ പെട്രോൾ’ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ തീരുമാനം. ലോകത്തിലെ ഏറ്റവും ‘ശുദ്ധ’മായ പെട്രോളും ഡീസലും ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ എപ്രിൽ ഒന്ന് മുതൽ മാറണം എന്നതാണ് നയം.

യൂറോ നാല് നിലവാരത്തിൽ നിന്ന് യൂറോ ആറ് നിലവാരമുള്ള ഇന്ധത്തിലേക്കാണ് രാജ്യം മാറുക. ഇക്കാര്യത്തിൽ ഇനി ഒരു സാവകാശം എണ്ണ കമ്പനികൾക്ക് നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. കടുത്ത പിഴ അടക്കം ചുമത്തും എന്ന് സൂചിപ്പിക്കുന്ന സന്ദേശം സർക്കാർ എണ്ണ കമ്പനികൾക്ക് നൽകിയതായി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. സൾഫർ ഉൾപ്പെടെയുള്ള മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ ഇന്ധനം ആകും ഇന്ത്യയിലെ പമ്പുകളിലെ നോസിലുകളിൽ നിന്ന് എപ്രിൽ ഒന്ന് മുതൽ ഒഴുകുക.

Read Also: ഷഹീന്‍ ബാഗ്; പൊലീസ് അടച്ച പാതകള്‍ തുറക്കണമെന്ന ആവശ്യം ശക്തം

വാഹന എഞ്ചിൻ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് (ബിഎസ് 6) നിലവിൽ വരുന്നതിന് സമാന്തരമായാണ് ശുദ്ധ പെട്രോൾ നടപടികളും കൊണ്ടുവരുന്നത്. 2017ൽ നിലവിൽ വന്ന ബിഎസ് 4 നിലവാരത്തിൽ നിന്ന് നേരിട്ട് ആണ് ആറിലേക്കാണ് മാറ്റം. ബിഎസ് 6ൽ പത്ത് പിപിഎം സൾഫർ മാത്രമേ ഉണ്ടാകൂ. മാത്രമല്ല നൈട്രജൻ ഓക്‌സൈഡിന്റെ അളവും നാമമാത്രമായിരിക്കും.

ഇതിനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖലാ എണ്ണ കമ്പനികൾ 35,000 കോടി രൂപയുടെ അധിക നിക്ഷേപമാണ് നടത്തുന്നത്. ബിഎസ് 4 നിബന്ധന വന്ന ശേഷം ചെലവാക്കിയ 60,000 കോടിക്ക് പുറമെയാണിത്. ഈ വലിയ മുതൽമുടക്കിന്റെ വിഹിതം വിലയിലൂടെ ഈടാക്കാൻ അനുവദിക്കണം എന്നാണ് എണ്ണ കമ്പനികളുടെ ആവശ്യം. ഇക്കാര്യത്തിൽ അനുകൂലമായോ പ്രതികൂലമായോ ഇതുവരെയും ഒരു അഭിപ്രായം കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല.

1990കളുടെ തുടക്കത്തിലാണ് ആദ്യമായി ഇന്ത്യ ഇന്ധന നവീകരണ പരിപാടി സ്വീകരിച്ചത്. ലോ ലെഡ് ഗ്യാസോലിൻ പെട്രോൾ 1994ൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു. 2000 ഫെബ്രുവരി ഒന്നിന് രാജ്യവ്യാപകമായി കറുത്തീയമില്ലാത്ത ഇന്ധനം നിർബന്ധമാക്കി. നിലവിൽ ഉപയോഗത്തിലുള്ള പഴയ തലമുറ ഡീസൽ വാഹനങ്ങളിൽ പോലും സൾഫർ ഉദ്ഗമനം കുറയ്ക്കുന്നതാകും പുതിയ ഇന്ധനം.

 

petrol- diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here