Advertisement

അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി കബളിപ്പിച്ച സംഭവം; ഗവർണർ കത്ത് അയച്ചിട്ടും കാലടി സർവകലാശാല മറുപടി നൽകിയില്ല

February 28, 2020
Google News 1 minute Read

കാലടി സർവകലാശാലയിൽ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാർത്ഥികളെ കബളിപ്പിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ കത്ത് അയച്ചിട്ടും സർവകലാശാല മറുപടി നൽകിയില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ അംഗീകാരമില്ല മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സിലെ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടത് ഫെബ്രുവരി 15നായിരുന്നു.

Read Also: അംഗീകാരമില്ലാത്ത കോഴ്‌സ്; കാലടി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പരാതി

കാലടി സംസ്‌കൃത സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്‌സിനാണ് അംഗീകാരം നഷ്ടപ്പെട്ടത്. ഇതോടെ 37 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ വാർത്ത ട്വന്റിഫോർ പുറത്ത് വിട്ടിരുന്നു. സർവകലാശാലയോട് വിദ്യാർത്ഥികളുടെ പഠനം സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗവർണറും ആവശ്യപ്പെട്ടതിനുള്ള തെളിവാണ് ഈ കത്ത്.

കഴിഞ്ഞ 15ാം തിയതിയാണ് വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ഗവർണർ വൈസ് ചാൻസലർക്ക് കത്തയച്ചത്. മാത്രമല്ല അംഗീകാരം ലഭിക്കാത്ത കോഴ്‌സ് പഠിപ്പിക്കാനുണ്ടായ സാഹചര്യം തന്നോട് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ യൂണിവേഴ്‌സിറ്റിയും വൈസ് ചാൻ സ്‌ലറും നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ഗവർണർക്ക് മറുപടിയും നൽകിയില്ല. മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്‌സിന് അംഗീകാരമില്ലാത്ത കാര്യം ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത വിഭാഗം വിദ്യാർത്ഥി ലിയ വിനോദ് രാജ് നൽകിയ പരാതിയിലാണ് ഗവർണർ വൈസ് ചാൻസലർക്ക് കത്തയച്ചത്.

മതിയായ പരീശീലന സൗകര്യവും ആവശ്യത്തിന് അധ്യാപകരും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് കോഴ്സിന് അംഗീകാരം ലഭിക്കാത്തത്. ഈ അധ്യയന വർഷം മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സ് നിർത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് യൂണിവേഴ്സിറ്റി പ്രവേശനം നൽകിയ 37 കുട്ടികളുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നത്. എന്നാൽ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിക്കുന്നതുകൊണ്ട് തന്നെ യൂണിവേഴ്സിറ്റിയിൽ നാഷണൽ അസസ്മെന്റ് ആൻഡ് അക്രിഡേഷൻ കൗൺസിൽ പരിശോധന നടത്തിയില്ല. ഇതോടെ അംഗീകാരമില്ലാത്ത കോഴ്സിൽ നിന്ന് മറ്റൊരു കോഴ്സിലേയ്ക്ക് മാറാൻ വിദ്യർത്ഥികളെ യൂണിവേഴ്‌സിറ്റി നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്.

 

kaladi university, mphed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here