ജോളിയുടെ ആത്മഹത്യാശ്രമത്തില്‍ പൊലീസ് കേസ് എടുത്തു

കൂടത്തായി കൊലപാതകത്തിലെ മുഖ്യപ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തില്‍ പൊലീസ് കേസ് എടുത്തു. കസബ പൊലീസാണ് കേസ് എടുത്തത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. അതേസമയം ഇത്തരം സംഭവങ്ങള്‍ ജയിലില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ ഗൂഢനീക്കമുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ജയില്‍ സൂപ്രണ്ട് കസബ പൊലീസിന് പരാതി നല്‍കിയത്. ഐപിസി 309 പ്രകാരം ആത്മഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇത്തരം സംഭവങ്ങള്‍ ജയിലില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ജോളിക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പ്രതികരിച്ചു.
കേസിന്റെ ആദ്യഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദം ജോളി അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍ മാറ്റം വന്നു. പതിവ് പോലെ തന്നെയാണ് സഹതടവുകാരോടും പെരുമാറിയിരുന്നത്. വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളെയും സ്വാധീനിക്കുന്നതിന് അഭിഭാഷകന്‍ ഉപദേശിച്ചു കൊടുത്ത തന്ത്രമാവാം ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എന്നാണ് പൊലീസ് കരുതുന്നത്.
Story Highlights: koodathai deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here