പ്രളയത്തെ നേരിടാന്‍ നിയമങ്ങള്‍ മാറ്റേണ്ടതുണ്ടോ: ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി റീബില്‍ഡ് കേരള സിഇഒ

പ്രളയത്തെ നേരിടാന്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതായി ജനങ്ങള്‍ പറഞ്ഞാല്‍ അതും സര്‍ക്കാര്‍ ചെയ്യേണ്ടിവരുമെന്ന് റീബില്‍ഡ് കേരള സിഇഒ ഡോ. വി വേണു. റീബില്‍ഡ് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ നമ്മള്‍ നമുക്കായ്’ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ തട്ടില്‍ ‘നമ്മള്‍ നമുക്കായ്’ ചര്‍ച്ചാ പരിപാടി സംഘടിപ്പിച്ച് ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാകും ‘നമ്മള്‍ നമുക്കായ്’ പരിപാടി സംഘടിപ്പിക്കുക. ദുരന്തനിവാരണത്തിനുള്ള പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്ത് അതില്‍ നിന്ന് ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ചെയ്യുക. ഇന്ത്യയില്‍ ഇതുവരെ ഒരു  സംസ്ഥാനത്തും ഇത്തരത്തിലൊരു വലിയ ജനകീയ ചര്‍ച്ചാ പരിപാടി സംഘടിപ്പിച്ചിട്ടില്ല. ഓരോ പ്രദേശത്തിന്റെയും അഭിപ്രായം ഒപ്പിയെടുത്ത് സര്‍ക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ദുരന്ത ലഘൂകരണവും ദുരന്ത നിവാരണവും കേരളത്തില്‍ ആവശ്യമാണ്. കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാന്‍ സാധിക്കുമെന്നും ഡോ. വി വേണു  പറഞ്ഞു.

എന്താണ് തങ്ങളുടെ നാട്ടില്‍ ചെയ്യേണ്ടതെന്ന് ജനങ്ങള്‍ തന്നെ നിര്‍ദേശിക്കുന്ന പരിപാടിയാണ് നമ്മള്‍ നമുക്കായെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വേണം ഇനി നിര്‍മാണങ്ങള്‍ എന്ന് ജനങ്ങള്‍ പറഞ്ഞാല്‍ അതും സര്‍ക്കാരിന് നിഷേധിക്കാനാവില്ല. ഭൂരിപക്ഷം അഭിപ്രായപ്പെടുന്നത് അതാണെങ്കില്‍ സര്‍ക്കാര്‍ അതും നടപ്പിലാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം നേരിട്ട കേരളത്തില്‍ രണ്ടു തരത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ആദ്യം അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളുണ്ടായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. വീട് നഷ്ടമായവര്‍ക്ക് വീട് നല്‍കുക, സ്ഥലം നഷ്ടമായവരെ മാറ്റി പാര്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങളായിരുന്നു.

രണ്ടാം ഘട്ടമായാണ് ദുരന്ത ലഘൂകരണത്തിനുള്ള  നടപടികള്‍ നടപ്പിലാക്കുന്നത്. അതിനായുള്ള നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. അതിനുവേണ്ടിയാണ് ‘നമ്മള്‍ നമുക്കായ്’ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുനനത്. നാളത്തെ കേരളം റോഡുകളുടെയും പാലങ്ങളുടെയും മാത്രമല്ല, ഏതൊക്കെ നിയമങ്ങള്‍ മാറ്റണം, ഏത് തരത്തിലുള്ള നിര്‍മിതികളാണ് നടത്തേണ്ടത്. എന്ത് കൃഷി ചെയ്യാം, എല്ലായിടത്തും റോഡ് വെട്ടാമോ എന്നീ കാര്യങ്ങളെല്ലാം എല്ലാവരും ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്യുകയാണ് ‘ നമ്മള്‍ നമുക്കായ്’ ചര്‍ച്ചാ വേദിയിലൂടെയെന്നും റീബില്‍ഡ് കേരള സിഇഒ ഡോ വി വേണു പറഞ്ഞു.

റീബില്‍ഡ് കേരള സിഇഒ, ഡോ വി വേണു,  ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ബെഡ്‌റോക് സിഇഒ ആനി ജോര്‍ജ്, രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു, സാമ്പത്തിക വിദഗ്ധന്‍ ഡോ ബി എ പ്രകാശ്, ബോധിഗ്രാം പ്രസിഡന്റ് ജെ എസ് അടൂര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ മധുപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ഡോ. കെ അരുണ്‍കുമാര്‍ ചര്‍ച്ച നയിച്ചു. ചര്‍ച്ചയുടെ പൂര്‍ണരൂപം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്വന്റിഫോര്‍ ചാനലില്‍ കാണാം.

Story Highlights: rebuilding Kerala,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top