Advertisement

മലയാള ചലച്ചിത്ര സംഗീത ലോകത്തെ ‘മാസ്റ്റെറോ’; അർജുനൻ മാഷിന് ഇന്ന് 84-ാം ജന്മദിനം

March 1, 2020
Google News 1 minute Read

എംകെ അർജുനൻ, മലയാളികളുടെ പ്രിയ്യപ്പെട്ട അർജുനൻ മാഷ്. മലയാള ചലച്ചിത്ര സംഗീത സംവിധായകർക്കിടയിൽ ജനകീയ അംഗീകാരം ലഭിച്ച ഒടുവിലത്തെ’മാസ്റ്റെറോ’യ്ക്ക് ഇന്ന് 84-ാം ജന്മദിനം. പകരംവയ്ക്കാനാവാത്ത സംഗീത സപര്യയായി ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് അർജുനൻ മാഷ്. 22-ാം വയസിൽ തുടങ്ങിയ മാഷിന്റെ സംഗീത മാധുര്യത്തിന് കാതോർക്കാത്ത മലയാളികൾ ഇല്ല. ചലച്ചിത്ര സംഗീത ലോകത്ത് അരനൂറ്റാണ്ട് പിന്നിട്ട ഈ സംഗീത പ്രതിഭയുടെ ഉള്ളിൽ ഇപ്പോഴുമുണ്ട് മാധുര്യമേറുന്ന പാട്ടുകളുടെ വറ്റാത്ത ഉറവ.

പ്രായത്തിന്റെ അസ്വസ്ഥതകൾ അൽപമുണ്ടെങ്കിലും സംഗീതത്തിന്റെ ലോകത്താണ് മാഷ് ഇപ്പോഴും. പതിവ് തെറ്റിക്കാതെ ഇക്കുറിയുമുണ്ട് മാഷിന്റേതായ ഒരുപിടി നാടക ഗാനങ്ങൾ. ജന്മ ദിനം ഒന്നും അത്ര കണ്ട് ആഘോഷിക്കുന്ന പതിവില്ല. സുഹൃത്തുക്കൾ ആഘോഷിക്കുമായിരുന്നു. വീട് കാണാതെയുള്ള പിറന്നാളുകളും കടന്നു പോയിട്ടുണണ്ട്… മാഷ് പറയുന്നു.

1946 മാർച്ച് ഒന്നാം തീയതി ഫോർട്ടുകൊച്ചിയിൽ ചിരട്ടപ്പാലത്ത് കൊച്ചു കുഞ്ഞിന്റെയും പാർവതിയുടെയും മകനായി ജനിച്ച അർജുനൻ മാഷ് നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്. തുടക്ക കാലത്ത് സിനിമ ലോകത്തു നിന്നും നേരിടേണ്ടി വന്ന ചില തിരിച്ചടികൾക്കപ്പുറം മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി എംകെ അർജുനൻ മാഷ് എന്ന നാമം ഉയർന്നു വന്നതിനു പിന്നിൽ തിരിച്ചടികളെ സധൈര്യം നേരിട്ട ഒരു കഥ കൂടിയുണ്ട്.

16 തവണ മികച്ച നാടക സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള സംഗീത കുലപതി അന്നും ഇന്നും ഒരു സാധാരണക്കാരനെ പോലെ, സംഗീതത്തെ ആരാധിച്ചു ജീവിക്കുന്നു. തന്റെ നേട്ടങ്ങളോ, കഴിവുകളോ എടുത്തു പറയുന്നവരോട് ഒരു ചെറു ചിരിയോടെ മാത്രം പ്രതികരിക്കുന്ന അർജുനൻ മാഷ്, ഹൃദയ നൈർമല്യമുള്ളൊരു മനുഷ്യൻ കൂടിയാണ്.

പഴനിയിലെ ആശ്രമത്തിൽ മാഷെ എത്തിച്ചത് ബാല്യത്തിൽ നേരിട്ട കടുത്ത ദാരിദ്ര്യമായിരുന്നു. ആശ്രമത്തിൽ ഭജനകൾ പാടി തന്റെ സ്വരസ്ഥാനങ്ങൾ ഉറപ്പിച്ച മാഷിന്റെ സംഗീത യാത്ര തികച്ചും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

കാളിദാസ കലാകേന്ദ്രത്തിലെ ഹാർമോണിസ്റ്റിൽ നിന്നും അക്കാലത്തെ സംഗീത കുലപതികൾക്കൊപ്പമോ അവർക്കു മേലെയോ ആയി വളർന്നു വരാൻ അദ്ദേഹത്തിന് പിന്നീട് കഴിഞ്ഞെങ്കിൽ, അത് സംഗീതത്തിനു വേണ്ടി ജീവിതം സമർപ്പിച്ചൊരുവന്റെ വിജയമായിരുന്നു. അക്കാലത്തെ സംഗീത മഹാരഥന്മാർക്കൊപ്പമാണ് കേവലം ഹാർമോണിസ്റ്റ് എന്നൊരിക്കൽ അവഗണിക്കപ്പെട്ടിരുന്ന എംകെ അർജുനന് സ്ഥാനം ലഭിച്ചത്. ആ യാത്രയിൽ ദേവരാജൻ മാസ്റ്ററുടെ ആശിർവാദവും ആർകെ ശേഖറുടെ സംരക്ഷണവും അജയ്യനായ സംഗീത സംവിധായകന്റെ ശുദ്ധ സംഗീതത്തിന്റെ വഴികൾ തെളിച്ചു.

സുഹൃത്തായ ആർകെ ശേഖറിന്റെ മകൻ ദിലീപ് എന്ന സംഗീത പ്രതിഭ പിന്നീട് എആർ റഹ്മാനായതിലും അർജുനൻ മാസ്റ്ററുടെ പങ്ക് ചെറുതല്ല. 1968 ലെ കറുത്ത പൗർണമി എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതൽ ഇങ്ങോട്ടുള്ള ഗാന മാധുര്യങ്ങളൊക്കെയും മലയാളികളുടെ മനസ് നിറച്ചു. പി ഭാസ്‌ക്കരൻ, വയലാർ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ, പാപ്പനംകോട് ലക്ഷ്മൺ തുടങ്ങിയ പ്രതിഭകളുടെ വരികളെ അനുപമ ഗാനസൃഷ്ടികളാക്കി മാഷ് മലയാളിക്ക് സമ്മാനിച്ചു. മാഷിന്റെ ഗാനങ്ങൾ മലയാളത്തിലെ ലക്ഷണമൊത്ത ഗസലുകൾ തന്നെയാണ് അടിവരയിട്ടു പറയാം.
ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു…, ഏഴു സുന്ദരരാത്രികൾ..തുടങ്ങിയവ ഉദാഹരണങ്ങൾ! ഏത് നിലയ്ക്കും ഒന്നാം നിരയിൽ നിൽക്കുന്ന എത്രയോ മനോഹര ഗാനങ്ങൾ…

ഒരു ഇടവേളയ്ക്കു ശേഷം സംവിധായകൻ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളിൽ വീരം’ എന്ന ചിത്രത്തിലൂടെയാ മാസ്റ്റർ വീണ്ടും സജീവമായത്. ജയരാജിന്റെ തന്നെ ചിത്രമായ ഭായനകത്തിലും മാഷ് ആയിരുന്നു സംഗീതം. ആയിരത്തിയഞ്ഞൂറിലേറെ സിനിമഗാനങ്ങൾ അസംഖ്യം നാടക ഗാനങ്ങൾ, അതിലേറെയും കാലാതിവർത്തിയായ ഹിറ്റുകൾ. 1968 ൽ തുടങ്ങിയ സംഗീത സപര്യയ്ക്ക് കേരള സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹനാകാൻ മാസ്റ്റർക്ക് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.

ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഒടുവലദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോഴും സ്വതസിദ്ധമായ പുഞ്ചിരിയല്ലാതെ മറ്റൊന്നും അർജുനൻ മാഷിന്റെ മുഖത്തും മനസിലും ഉണ്ടായിരുന്നില്ല.

ഈ എൺപത്തിനാലാം വയസിലും ഹാർമോണിയ കട്ടകളിൽ വിരലോടിച്ചാൽ കസ്തൂരി മണമുള്ള ഗാനങ്ങളൊരുക്കാൻ അർജുനൻ മാഷിന് കഴിയും. മലയാളികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. പ്രിയ്യപ്പെട്ട അർജുനൻ മാഷ്, ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾക്കൊപ്പം മലയാളി ഒന്നാകെ കാത്തിരിക്കുകയാണ്… ഒരിക്കൽ കൂടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഒരു ഗാനം കേൾക്കാൻ…

Story highlight: MK arjunan master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here