Advertisement

കുട്ടനാട് സീറ്റ് തർക്കം; യുഡിഎഫ് നേതൃത്വം ജോസഫ്- ജോസ് വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും

March 2, 2020
Google News 1 minute Read

കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസ് എമ്മിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള അവസാനവട്ട ശ്രമവുമായി കോൺഗ്രസ്. പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവുമായി മുന്നണി നേതൃത്വം ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. തർക്കങ്ങൾ ഒഴിവാക്കി പി ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

ജോസഫ് വിഭാഗവുമായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ജോസ് കെ മാണിയുമായി ബെന്നി ബെഹ്‌നാനും പി കെ കുഞ്ഞാലിക്കുട്ടിയും ഡൽഹിയിലും ചർച്ച നടത്തും. വിട്ടുവീഴ്ചയ്‌ക്കോ സമവായത്തിനോ ജോസഫ് – ജോസ് വിഭാഗങ്ങൾ തയാറായാൽ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി മുന്നണി നേതൃത്വം വീണ്ടും ചർച്ച നടത്തും. ഔദ്യോഗിക ചർച്ചകൾക്ക് മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി ഇരുവിഭാഗം നേതാക്കളുമായും അനൗദ്യോഗിക ചർച്ചകൾ നടത്തി വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻചാണ്ടി

എന്തു വില കൊടുത്തും കുട്ടനാട് വിജയിച്ചേ മതിയാവൂ എന്ന നിലപാടിലാണ് നേതൃത്വം. എന്നാൽ കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവും തർക്കം തുടരുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വം തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. പി ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ സമവായത്തിൽ എത്തുകയാണെങ്കിൽ കുട്ടനാട് കേരളാ കോൺഗ്രസിന് തന്നെ നൽകും. തർക്കം തുടരുകയാണെങ്കിൽ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുളള നീക്കത്തിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ മുന്നണിയിലെ മറ്റ് കക്ഷികളുടെയും ഒപ്പം സഭാ നേതൃത്വത്തിന്റെയും പിന്തുണ കോൺഗ്രസിനുണ്ട്.

കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വിഭാഗത്തിന് തന്നെയാണ് സീറ്റിന് അവകാശം എന്നത് തന്നെയാണ് മുന്നണി നേതൃത്വത്തിന്റെയും നിലപാട്. ജോസ് കെ മാണി വിഭാഗം കുട്ടനാട് സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, സമ്മർദ തന്ത്രം മാത്രമായാണ് നേതൃത്വം അതിനെ കാണുന്നത്. സീറ്റ് ഏറ്റെടുക്കേണ്ടി വന്നാൽ തന്നെ ജോസഫ് വിഭാഗം വലിയ തർക്കങ്ങളിലേക്ക് കടക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് ജോസഫ് വിഭാഗം പകരം ആവശ്യപ്പെടും. മൂവാറ്റുപുഴയിലാണ് ജോസഫ് വിഭാഗത്തിന് നോട്ടമെന്നാണ് സൂചന.

 

kuttanad by election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here