കോലിയുമല്ല, സ്മിത്തുമല്ല; തന്റെ പ്രിയപ്പെട്ട താരം ലോകേഷ് രാഹുലെന്ന് ബ്രയാൻ ലാറ

നിലവിൽ തൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ ആണെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. മികച്ച ഒരുപാട് താരങ്ങൾ പല ടീമുകളിലായി ഉണ്ടെന്നും അവരിൽ നിന്നൊക്കെ തനിക്ക് ലോകേഷ് രാഹുലിനെയാണ് ഇഷ്ടമെന്നും ലാറ പറഞ്ഞു.

“രാഹുൽ ക്ലാസ് കളിക്കാരനാണ്. അദ്ദേഹമാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റർ. അദ്ദേഹം ഒരു മികച്ച ബാറ്റ്സ്മാനാണ്. ടെസ്റ്റ് ടീമിൽ എന്തുകൊണ്ട് രാഹുൽ ഉൾപ്പെട്ടില്ലെന്ന് മനസ്സിലാവുന്നില്ല. അദ്ദേഹത്തിൻ്റെ ടെക്നിക്കും ബാറ്റ് ചെയ്യുന്ന രീതിയും കാണുമ്പോൾ ഏത് ഫോർമാറ്റിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എല്ലാ ഫോർമാറ്റും കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വിരാട് കോലിക്ക് ശേഷം ഇന്ത്യൻ ടീമിലെ രണ്ടാം സ്ഥാനക്കാരനാണ് രാഹുൽ.”- ലാറ പറഞ്ഞു. മുൻപും രാഹുലിനെ പുകഴ്ത്തി ലാറ സംസാരിച്ചിരുന്നു.

റോഡ് സേഫ്റ്റി ലോക സീരീസിനായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് ലാറ. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് ടീമിൻ്റെ ക്യാപ്റ്റനാണ് ബ്രയാൻ ലാറ. ഇന്ത്യൻ ലെജൻഡ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 151 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ച് നീട്ടിയത്. 57 പന്തിൽ 11 ഫോറുകൾ സഹിതം 74 റൺസെടുത്ത ഓപ്പണർ വീരേന്ദർ സെവാഗിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയുടെ അനായാസ ജയത്തിന് തുണയായി.

Story Highlights: Love KL Rahul’s style, says Brian Lara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top