എല്ലാം സെറ്റ്…; ക്വാറന്റീൻ മരത്തിനു മുകളിലും

ലോക്ക് ഡൗണിനെ തുടർന്ന് ചെന്നെയിൽ നിന്ന് സ്വദേശമായ ബംഗാളിലേക്ക് മടങ്ങിപോയവർ ക്വാറന്റൈനിൽ താമസിക്കുന്നത് മരത്തിനുമുകളിൽ. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ ക്വാറന്റീൻ കാഴ്ച.

പത്തടി ഉയരം വരുന്ന മരത്തിൽ കിടക്കകളും അതിൽ കൊതുകുവലകളും മൊബൈൽ ചാർജറുകളും ലൈറ്റും വരെ സജ്ജീകരിച്ചിട്ടുണ്ട്. ദിവസം മുഴുവൻ മരത്തിനു മുകളിൽ ചെലവിടുന്ന ഇവർ പ്രാഥമിക കർമങ്ങൾക്കും ഭക്ഷണത്തിനും വേണ്ടി മാത്രമാണ് മരത്തിനു താഴേക്ക് ഇറങ്ങുന്നത്. ചെന്നൈയിൽ നിന്നും തിരികെ പോയ 7 തൊഴിലാളികളാണ് ഇപ്രകാരം സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ട്രെയിനിലും ബസ്സിലും യാത്രചെയ്ത് ഇവർ ഗ്രാമത്തിലെത്തുന്നത്. നാട്ടിൽ ചെന്നയുടൻ സ്വമേധയാ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ഡോക്ടറുടെ നിർദേശം തേടുകയും, ഡോക്ടർ ഇവരോട് സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പടുകയുമായിരുന്നു.

എന്നാൽ, സ്വന്തം വീട് ചെറുതും ഇടുങ്ങിയതും ആയതിനാൽ ഇവർക്ക് ക്വാറന്റീനിൽ കഴിയുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ ഒരു സൗകര്യം നിർമിച്ചു നൽകിയതെന്ന് ഗ്രാമവാസികൾ പറയുന്നു.

ചെന്നൈയിൽ ദിവസക്കൂലിക്കാരായ ഇവർക്ക് തൊഴിൽ ഉടമ കൃത്യമായി വേതനം നൽകിയിരുന്നില്ല. എന്നാൽ വേതനം പോലും വാങ്ങാൻ നിൽക്കാതെ മടങ്ങുകയായിരുന്നുവെന്നും നീരീക്ഷണത്തിലാണെങ്കിലും സ്വന്തം നാട്ടിൽ ആണ് എന്ന ആശ്വാസം ഉണ്ടെന്നും തൊഴിലാളികൾ പറയുന്നു.

Story highlight: Living in the Quarantine, is above the treeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More