Advertisement

കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിർബന്ധിത സാലറി ചലഞ്ച് വേണ്ട: കെ.സുരേന്ദ്രൻ

April 1, 2020
Google News 1 minute Read
k surendran SABARIMALA

കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുരേന്ദ്രൻ്റെ വാർത്താക്കുറിപ്പ്:

കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നൽകി. എന്നാൽ ആ പണം കൃത്യമായി വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതർക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഐഎം നേതാക്കൾ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാർട്ടി നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോൾ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂർത്തടിച്ചും സർക്കാരും അവർക്കൊപ്പം ചേരുകയാണുണ്ടായത്‌. ഇപ്പോൾ ദുരിതാശ്വാസത്തിന്റെ പേരിൽ വീണ്ടും ശമ്പളമുൾപ്പടെ പിടിച്ചെടുക്കാൻ തീരുമാനിക്കുമ്പോൾ എന്തു വിശ്വസിച്ച് പണം നൽകുമെന്ന് സുരേന്ദ്രൻ ചോദിച്ചു.

ഈ പണവും ധൂർത്തടിക്കുകയും സിപിഎം നേതാക്കൾ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പ്?നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം. കഴിവും മനസുമുള്ളവർ പണം നൽകട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സർക്കാർ നൽകണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ശുചീകരണത്തിലേർപ്പെട്ടവർ തുടങ്ങി അവശ്യ സർവീസിലുള്ളവരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സർക്കാർ തീരുമാനിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Story Highlights: salary challenge k surendran against kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here