രാജ്യത്ത് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദം ആവർത്തിച്ച് ഉത്തരകൊറിയ

ലോകമെമ്പാടും കൊവിഡ് പടർന്ന് പിടിക്കുമ്പോൾ രാജ്യത്ത് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദം ആവർത്തിച്ച് ഉത്തരകൊറിയ. വൈറസ് പടരാതിരിക്കാൻ അതിർത്തികൾ അടച്ചിട്ടത് ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരകൊറിയ വിശദീകരിക്കുന്നത്. അതേസമയെ, ഉത്തരകൊറിയയുടെ അവകാശ വാദം തെറ്റാണെന്ന് പറയുന്നവരുമുണ്ട്.
ലോകത്ത് മറ്റു രാജ്യങ്ങൾ കൊവിഡ് 19 അപകടം തിരിച്ചറിയുന്നതിന് മുൻപ് തന്നെ അവശ്യമായ മുൻ കരുതലെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞതുകൊണ്ടാണ് രോഗ ഭീഷണി തടയാനായതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ചൈനയുമായുള്ള അതിർത്തികളെല്ലാം ജനുവരി അവസാനത്തോടെ തന്നെ അടച്ചിടുകയും അവരുമായുള്ള എല്ലാത്തരത്തിലുമുള്ള വ്യാപാര ബന്ധങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഉത്തര കൊറിയയുടെ വിദേശ വ്യാപാരത്തിന്റെ വലിയൊരു പങ്ക് ചൈനയിൽ നിന്നാണ്. രാജ്യത്തെ അനൗദ്യോഗിക വിപണിയെ സജീവമായി നിലനിർത്തുന്ന കള്ളക്കടത്തുകാരെ തടഞ്ഞു.
രാജ്യത്തെ എല്ലാ മുതിർന്ന നയതന്ത്രജ്ഞരെയും ഒരു മാസത്തേക്ക് നിരീക്ഷണത്തിലാക്കി. കിംഗ് ജോങ് ഉൻ എന്ന ഏകാധിപതിയോടുള്ള ഭയം ഉപയോഗപ്പെടുത്തി രാജ്യത്തെ ജനങ്ങളെ രാജ്യത്തെ ജനങ്ങളെ വീട്ടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കി. ഇതൊക്കെയാണ് ഉത്തരകൊറിയയെ കൊറോണ ഭീഷണിയിൽ നിന്ന് മാറ്റിനിർത്തിയതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
അതേസയയം, ഉത്തര കൊറിയയുടെ അവകാശ വാദങ്ങളെല്ലാം പൊള്ളയാണെന്ന് ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങൾ വാദിക്കുന്നു. കൊവിഡ് മൂലം ഉത്തര കൊറിയയിൽ ചിലർ മരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ രാജ്യങ്ങൾ പറയുന്നത്.
കൊറോണ പടർന്നാൽ അത് ഗുരുതരമായ പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോങ് ഉൻ പാർട്ടിയിലെ ഉന്നതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. പതിറ്റാണ്ടുകാളായി നിലനിൽക്കുന്ന ഉപരോധങ്ങൾ മൂലം രാജ്യത്തെ പൊതുജനാരോഗ്യം തീർത്തും ദുർബലമാണെന്ന യാഥാർത്ഥ്യം അറിയുന്ന കിംഗ് ജോങ് ഉൻ, കൊവിഡിന്റെ പ്രത്യാഖ്യാതങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞന്ന് ചില ആരോഗ്യ വിദഗ്ധർ
ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ അതിവേഗം രാജ്യമൊട്ടാകെ പടർന്ന പിടിക്കുമെന്നതിൽ ഉത്തരകൊറിയയുടെ പൊതുജനാരോഗ്യത്തെക്കുറിച്ച് അറിയുന്ന ആർക്കും നിസംശയം പറയാമെന്ന് ഇവർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here