കളക്ടര്‍ അനുമതി നല്‍കിയില്ല; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഉപയോഗിക്കപ്പെടുന്നില്ലെന്ന് അടൂര്‍ പ്രകാശ് എംപി

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ അനുവദിച്ച തുക ഉപയോഗിക്കുന്നില്ലെന്ന് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്. മൂന്ന് ഘട്ടങ്ങളിലായി മണ്ഡലത്തില്‍ അനുവദിച്ച നാലര കോടിയോളം രൂപയാണ് കളക്ടര്‍ അനുമതി നല്‍കാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്നത്.ഇതില്‍ അന്‍പത് ലക്ഷം രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം അനുവദിച്ച തുകയാണ്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയാണ് കളക്ടറുടെ അനുമതി കാത്തിരിക്കുന്നത്. ഫെബ്രുവരി 18 ന് പ്രൊപ്പോസല്‍ നല്‍കിയ മൂന്ന് കോടി പതിനാറ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ്റി അറുപത്തിരണ്ട് രൂപയും മാര്‍ച്ച് 31 ന് പ്രോപ്പോസല്‍ നല്‍കിയ അന്‍പത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി മൂന്നുറ്റി അറുപത്തിയൊന്‍പത് രൂപയുമാണ് കളക്ടര്‍ ഫയലില്‍ ഒപ്പിടാത്തത് മൂലം ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്നത്.

എന്നാല്‍ ഫണ്ട് വിനിയോഗത്തെ കുറിച്ച് കളക്ടറുമായി ബന്ധപ്പെട്ടിട്ടും എന്ത് കൊണ്ട് തുക ഉപയോഗിക്കുന്നില്ല എന്നതിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് അടൂര്‍ പ്രകാശ് പറയുന്നു. കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ നാല് താലൂക്കുകള്‍ക്കായി അനുവദിച്ച 50 ലക്ഷം രൂപയും സമാന സാഹചര്യത്തില്‍ തന്നെയാണ്. ഈ തുക ഉപയോഗിക്കുന്നതിനും കളക്ടര്‍ അനുമതി നല്‍കിയിട്ടില്ല. തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ക്ക് ഈ മെയില്‍ മുഖാന്തരവും അല്ലാതെയും കത്ത് നല്‍കിയിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് എംപി വ്യക്തമാക്കി .

Story Highlights: adoor prakash,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top