ഇന്നത്തെ പ്രധാന വാർത്തകൾ (14-04-2020)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10815 ആയി
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10815 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 1463 പുതിയ കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 353 പേരാണ് മരിച്ചത്. 1190 പേര്‍ രോഗമുക്തരായി. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം അതിവേഗം ഉയരുകയാണ്.
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 29 പേര്‍
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 29 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1463 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 10363 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 339 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും
ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകർച്ചവ്യാധി ഓർഡിനൻസ് ഭേദഗതി ചെയ്യും. നിയമോപദേശത്തിന്റെ പകർപ്പ് 24ന് ലഭിച്ചു.
കൊവിഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രോഗവ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം ഇന്നുണ്ടാവും. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തിക,ആശ്വാസ പക്കേജുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ എന്നതാണ് രാജ്യം ഉറ്റ് നോക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ധാരണയായിരുന്നു.
മഹാമാരിയെയും അതിജീവിക്കും ; പ്രതീക്ഷകളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയും കണ്ണിവെള്ളരിയും കണനെയും വിഷുക്കണി കണ്ട് മലയാളികള്‍ കണ്ണ് തുറക്കുന്നത് ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷത്തിലേക്കാണ്. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഓരോ വിഷുവും.
വ്യാജവാറ്റും മദ്യവില്പനയും നടത്തുന്നവര്‍ക്കെതിരെ കാപ്പ ചുമത്തും
ലോക്ക് ഡൗൺ കാലത്ത് വ്യാജവാറ്റും മദ്യവിൽപനയും നടത്തുന്നവർക്കെതിരെ കാപ്പ ചുമത്താൻ എറണാകുളം റൂറൽ പൊലീസ് നടപടികളാരംഭിച്ചു. ലോക്ക് ഡൗണിനു ശേഷം വ്യാജമദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ 12 കേസുകളെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെയാണിത്. കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് പിടിക്കപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.
Story Highlights- News round up, headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here