Advertisement

‘ഞായർ ഒഴിവുദിനം’ 10ാം തിയതി മുതൽ: എറണാകുളം കളക്ടർ

May 2, 2020
Google News 1 minute Read

ഞായറാഴ്ച പൂർണ ഒഴിവുദിനമായി കണക്കാക്കുമെന്ന സർക്കാർ ഉത്തരവ് ഈ മാസം പത്ത് മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. അന്ന് കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും വാഹനങ്ങളും പുറത്തിറക്കാൻ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച പൂർണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് പറഞ്ഞിരുന്നു. കടകളും ഓഫീസുകളും അന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വാഹനങ്ങൾ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊള്ളിച്ച് മൂന്നാം ഘട്ടത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ഇടങ്ങളിൽ പ്രഭാത സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് ഓഫീസിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പണം അടക്കാനായി സഞ്ചരിക്കാൻ ആഴ്ചയിലൊരിക്കൽ പോകാം. ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 21 എണ്ണം കണ്ണൂരാണ്. ഇടുക്കിയിലും കോട്ടയത്തും പതിനൊന്ന് വീതവും ഹോട്ട്സ്പോട്ടുകൾ ഉണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകളില്ല.

 

ernakulam, collector, s suhas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here