കേരളത്തിന്റെ പാസ് ഇല്ലാത്തവർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പെർമിറ്റ് അനുവദിക്കരുത്; കത്തയച്ച് ഡിജിപി

കേരളത്തിന്റെ പാസ് ഇല്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ പെർമിറ്റ് അനുവദിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കത്ത്. സംസ്ഥാന ഡിജിപിമാർക്കാണ് കേരള ഡിജിപി കത്തയച്ചത്. അതിർത്തി ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കത്തയച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ കേരളത്തിലേക്കുള്ള യാത്രയ്ക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കേരളത്തിന്റെ പാസ് അവർക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കത്തിൽ പറയുന്നു. സംസ്ഥാന അതിർത്തിക്ക് രണ്ട് കിലോമീറ്റർ മുമ്പായി മിനി ചെക്പോസ്റ്റുകൾ സ്ഥാപിക്കണം. ഇവിടെവച്ച് യാത്രക്കാർക്ക് പാസും പെർമിറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതിനുശേഷമേ അതിർത്തി കടത്തിവിടാവൂ എന്നും കത്തിൽ പറയുന്നു. തമിഴ്നാട്, കർണാടക ഡിജിപിമാർക്ക് പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്.
അതിനിടെ തിരുത്തിയ പാസുമായി അതിർത്തി കടക്കാനെത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.മഞ്ചേശ്വരം വഴി അതിർത്തി കടക്കാനുള്ള പാസായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നത്. എന്നാൽ യുവാവ് ഇത് തിരുത്തി മുത്തങ്ങ എന്നാക്കുകയായിരുന്നു. പാസിലെ തീയതിയും തിരുത്തി. വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here