എംഎക്‌സ് പ്ലെയറിനെ വെല്ലുന്ന മീഡിയ ആപ്പ്; പിന്നില്‍ മലയാളി വിദ്യാര്‍ത്ഥി

ഫേസ്ബുക്കിലെ ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി എന്ന ഗ്രൂപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു പോസ്റ്റ് വന്നു. എംഎക്‌സ് പ്ലയര്‍ പോലെ, പരസ്യങ്ങള്‍ ഇല്ലാത്ത ഒരു ആപ്പ് സജസ്റ്റ് ചെയ്യാമോ എന്നായിരുന്നു പോസ്റ്റ്. നിരവധി ആളുകള്‍ പല ആപ്പുകളുടെയും പേര് പോസ്റ്റില്‍ കമന്റ് ചെയ്തു. അതില്‍ വ്യത്യസ്തമായ ഒരു കമന്റിന് ഒട്ടേറെ പിന്തുണ ലഭിച്ചു. ആപ്പ് സജസ്റ്റ് ചെയ്യാനില്ല, വേണമെങ്കില്‍ നിര്‍മ്മിക്കാം എന്നായിരുന്നു ആ കമന്റ്. ശ്രീകാന്ത് ആര്‍ തട്ടേക്കാട് എന്ന യുവാവിന്റെ ആ കമന്റ് ചരിത്രമായി.
ആളുകളുടെ പിന്തുണയില്‍ ആപ്പ് നിര്‍മ്മിക്കാന്‍ ആരംഭിച്ച ശ്രീകാന്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം ചോദിച്ചു കൊണ്ടായിരുന്നു നിര്‍മ്മാണം. ആപ്പ് നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ ശ്രീകാന്ത് ഇടക്കിടെ ഗ്രൂപ്പില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ആപ്പിനുള്ള പേരിട്ടതും ഗ്രൂപ്പില്‍ ചോദിച്ച ശേഷമാണ്. അങ്ങനെ നിരവധി സവിശേഷതകളുമായി മല്ലു ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി പ്ലയര്‍ അഥവാ എം എ സി പ്ലയര്‍ എന്ന മീഡിയ പ്ലയര്‍ ആപ്പ് തയ്യാറായി. അടുത്ത മാസം ബീറ്റ വെര്‍ഷന്‍ ഇറക്കണമെന്നാണ് ആഗ്രഹം.
Read Also: മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തവർക്കെതിരെ നടപടി വേണം; പ്രതിഷേധമറിയിച്ച് ഫെഫ്ക
മുന്‍പും യൂടിലിറ്റി, ടൂള്‍സ് വിഭാഗത്തിലുള്ള ആപ്പുകള്‍ താന്‍ തയ്യാറാക്കിയിരുന്നു എന്ന് ശ്രീകാന്ത് ട്വന്റിഫോര്‍ വെബിനോട് പറഞ്ഞു. ആദ്യമായാണ് ഒരു മീഡിയ ആപ്പ് ചെയ്യുന്നത്. മൂവാറ്റുപുഴ ഇലാഹിയ കോളജ് ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീകാന്ത് ഇലാഹിന്‍ മെസഞ്ചര്‍ എന്ന പേരില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മെസേജിംഗ് ആപ്പും നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. അതാണ് ശ്രീകാന്തിന്റെ മെയിന്‍ പ്രൊജക്ട്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഈ മീഡിയ പ്ലെയറില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയൂ. ഇപ്പോള്‍ 70 ശതമാനത്തോളം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
ഈ ആപ്പില്‍ ആഡ്‌സെന്‍സ് ചെയ്യാന്‍ കഴിയില്ല. കാരണം, ആഡ് ഇല്ലാത്ത ഒരു ആപ്പ് എന്ന ആളുകളുടെ അഭ്യര്‍ത്ഥന കാരണമാണ് ഈ ആപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടമൊന്നും ഇതില്‍ നിന്ന് കിട്ടില്ല. ഓപ്പണ്‍ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ്പിന്റെ നിര്‍മ്മാണം. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അതാവാം. ഓപ്പണ്‍ സബ്‌ടൈറ്റില്‍സ്, മലയാളം സബ്‌ടൈറ്റില്‍സ് എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് സബ്‌ടൈറ്റിലുകളും ലോഡ് ചെയ്യാം. വീഡിയോ പ്ലെയറിനൊപ്പം ഓഡിയോ പ്ലെയര്‍ കൂടി ആപ്പില്‍ ബില്‍റ്റ് ഇന്‍ ആണ്.
സപ്ലിയുണ്ട്. അതൊക്കെ എഴുതിയെടുക്കണം. ബിസിഎ പൂര്‍ത്തിയാക്കണം. എംസിഎ എടുക്കണം. എന്നിട്ട് ഫ്രീലാന്‍സറായിട്ട് ജോലി. അതാണ് ശ്രീകാന്തിന്റെ പ്ലാന്‍. അധികം ആരോടും സംസാരിക്കാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന പ്രകൃതമായതു കൊണ്ട് ഇന്റര്‍വ്യൂവിലൊന്നും ശോഭിക്കുമെന്ന് ശ്രീകാന്ത് വിചാരിക്കുന്നില്ല. വിവാഹിതയായ ഒരു ചേച്ചിയും അമ്മയും അച്ഛനും അച്ഛമ്മയും അടങ്ങുന്നതാണ് ശ്രീകാന്തിന്റെ കുടുംബം.
Story Highlights: BCA student developed media player app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here