സിനിമാ സെറ്റ് തകർത്ത സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും

കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സൈബർ വിദ​​ഗ്ധരടക്കമുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആലുവ റൂറൽ എ.എസ്.പി. എം.ജെ. സോജൻ, പെരുമ്പാവൂർ ഡിവൈഎസ്പി കെ. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേസന്വേഷണത്തിന് നിയോഗിച്ചത്. പ്രത്യേക അന്വേഷണ സംഘം എസ്പി ഓഫീസിൽ യോഗം ചേർന്നു. പ്രതികൾ എത്രയും വേഗം പിടിയിലാകുമെന്ന് ആലുവ റൂറൽ എസ്.പി. കെ. കാർത്തിക് അറിയിച്ചു.

കാലടി മണപ്പുറത്ത് നിർമ്മിച്ച മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തതിനെതിരെ മലയാള സിനിമാ രം​ഗത്തുനിന്നുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിർമ്മാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്.പി. കെ. കാർത്തിക്കിന് പരാതി നൽകി. ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിൻ്റെ 5 പ്രവർത്തകർക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസെടുത്തിട്ടുണ്ട്.

read also: ക്ഷേത്രത്തിന്റെ സ്ഥലത്ത് ഷൂട്ടിംഗ് നടത്താൻ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല; കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്

നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിർമ്മാതാവ് സോഫിയ പോളും നായകൻ ടൊവിനോ തോമസും വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും മാക്ടയും ആവശ്യപ്പെട്ടു. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി.

story highlights- minnal murali, tovino thoma, basil joseph, special police team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top