ചൈനയ്ക്ക് എതിരായ നീക്കം; കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തും

കൊറോണ വ്യാപനത്തിന്റെ അതിതീവ്രഘട്ടത്തിൽ വെർച്വൽ നയതന്ത്ര ചർച്ചകൾ ഇന്ത്യയും- ഓസ്‌ട്രേലിയയും സംഘടിപ്പിച്ചത് ചൈനയ്ക്ക് എതിരായ നീക്കത്തിന്റെ ഭാഗം. ചൈനയുമായി സംഘർഷത്തിലുള്ള മറ്റ് രാജ്യങ്ങളുമായും അടുത്ത ദിവസങ്ങളിൽ ഇന്ത്യ വെർച്വൽ നയതന്ത്ര ചർച്ചകൾ നടത്തും. അതേസമയം ഇന്ത്യ-ഓസ്‌ട്രേലിയ ചർച്ചകളെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയില്ലെന്ന് ചൈന പ്രതികരിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ച ദിവസങ്ങൾക്കിടയിൽ തീരുമാനിച്ചതാണ്. ഇരുരാജ്യങ്ങളും ചർച്ച നടത്താനും കരാറുകൾ ഒപ്പിടാനും ഇത്ര അസാധാരണമായ വേഗം കാട്ടിയത് എതെങ്കിലും ഒഴിവാക്കാനാകാത്ത സാഹചര്യത്തിലും അല്ല. പകരം പൊതുശത്രുവാണെന്ന് പ്രഖ്യാപിച്ച് ചൈനയെ സമ്മർദത്തിലാക്കുകയാണ് ഇരുരാജ്യങ്ങളും.
Read Also: ഇന്ത്യയും ഓസ്‌ട്രേലിയയും ഏഴ് കരാറുകളിൽ ഒപ്പുവച്ചു
എതാനും മാസങ്ങൾക്ക് മുൻപ് വരെ ഓസ്‌ട്രേലിയയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്നു ചൈന. എന്നാൽ മുന്നറിയിപ്പില്ലാതെ ചൈന ഇത് വെട്ടിക്കുറച്ചു. തുടർന്ന് വ്യാപാര വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിലും തർക്കം ഉടലെടുക്കുകയും രൂക്ഷമാകുകയും ചെയ്തു. ഇപ്പോൾ ഒരുവിധത്തിലും കണ്ണി ചേർക്കാനാകാത്ത വിധം അകലമാണ് ഇരുരാജ്യങ്ങൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യാന്തര അന്വേഷണം നടത്തുന്ന കാര്യത്തിൽ ചൈനയ്ക്ക് എതിരെ ഓസ്‌ട്രേലിയ നടത്തിയ നീക്കങ്ങൾ മതി ഇതിന് ഉദാഹരണം. ഇന്നലെ ഇരുപ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിൽ പിറന്നത് പ്രധാനപ്പെട്ട സൈനിക സഹകരണ കരാറുകൾ കൂടിയാണ്. യുദ്ധകപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും, അറ്റകുറ്റപ്പണികൾക്കും അടക്കം സഹകരിയ്ക്കാനാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ തിരുമാനം. മേഖലയിലെ ചൈനയ്ക്കുള്ള സൈനികവും സാമ്പത്തികവുമായ മേൽക്കൈ ചോദ്യം ചെയ്യുകയാണ് ഇതുവഴിയുള്ള ലക്ഷ്യം.
ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രം ഇന്ത്യയും ഓസ്‌ട്രേലിയയും തന്ത്രപരമായി പ്രഖ്യാപിക്കുകയാണ്. സമാനമായ രീതിയിൽ ബ്രസീൽ ഉൾപ്പെടെ മറ്റ് ചില രാജ്യങ്ങളുമായി അടുത്ത ദിവസങ്ങളിൽ ഇന്ത്യ വെർച്വൽ ചർച്ച നടത്തി കരാറുകളിൽ ഒപ്പ് വയ്ക്കും.
china, india, australia, agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here