ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിക്കുന്നതെന്ത് ? തർക്കം എന്തിന്റെ പേരിൽ ? ഇത് അരനൂറ്റാണ്ടോളം പഴക്കമുള്ള ‘കലുഷിത’ ബന്ധം [24 Explainer]

16 ജൂൺ 2020, ഈ ദിനം ഇന്ത്യ ഒരിക്കലും മറക്കില്ല. 45 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 20 സൈനികരുടെ ജീവനാണ്. ഇതിന് മുമ്പും ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും സൈനികരുടെ ജീവൻ കവർന്നെടുക്കുന്ന തലത്തിലേക്ക് ഇവയൊന്നും എത്തിയിരുന്നില്ല. ആദ്യം ഒരു ഓഫിസറുടേയും രണ്ട് സൈനികരുടേയും അടക്കം മൂന്ന് ജവാന്മാരുടെ ജീവൻ നഷ്ടമായ വാർത്തയാണ് പുറത്ത് വന്നിരുന്നത്. പിന്നീട് രാത്രിയോടെ 17 സൈനികർ കൂടി വീരമൃത്യുവരിച്ചത് സ്ഥിരീകരിച്ചു.
എന്താണ് ലഡാക്കിലെ അതിർത്തിയിൽ സംഭവിക്കുന്നത് ? എന്തുകൊണ്ടാണ് ഇന്ത്യ-ചൈന ബന്ധം കലുഷിതമാകുന്നത് ? അരനൂറ്റാണ്ടോളം പഴക്കമുള്ള സംഘർഷത്തെ കുറിച്ച് അറിയാം…
തർക്കം എന്തിന്റെ പേരിൽ ?
ഇന്ത്യ-ചൈന തർക്കത്തിന് കാരണങ്ങൾ പലതുണ്ട്.
1. ഭൂമിയുടെ പേരിൽ
ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശത്തെ ഭൂമിക്കായി പതിറ്റാണ്ടുകളായി തർക്കിക്കുയാണ് ഇരുരാജ്യങ്ങളും. ഇന്ത്യയുടെ വടക്ക്-കിഴക്ക് സ്ഥിതി ചെയ്യുന്ന, അരുണാചൽ പ്രദേശ് അടക്കമുള്ള, 90000 സ്‌ക്വയർ കിലോമീറ്റർ ഭൂമിയിലാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. പശ്ചിമ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന അക്‌സായ് ചൈന പ്ലാറ്റിയുവിലെ ലഡാക്കിലെ ചില ഭാഗങ്ങളടങ്ങുന്ന 38,000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് ഇന്ത്യ പറയുന്നത്. 1950ലാണ് ഇന്ത്യയും-ചൈനയും തമ്മിൽ നയതന്ത്ര ബന്ധത്തിലേക്ക് എത്തുന്നത്. എന്നാൽ 1962ൽ സിനോ-ഇന്ത്യ യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.
2. ദലൈ ലാമ
1959 ൽ തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. വടക്കൻ ഇന്ത്യയിലെ ധർമശാലയിൽ സ്വയം പ്രഖ്യാപിത ഭരണവുമായി മുന്നോട്ടുപോകുകയാണ് ലാമ.
3. പാകിസ്താന് നൽകുന്ന പിന്തുണ
കശ്മീർ വിഷയത്തിൽ ബെയ്ജിംഗ് പാകിസ്താന് പിന്തുണ നൽകുന്നതും ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ആസാദ് ജമ്മു കശ്മീരിലൂടെ ചൈന റോഡ് നിർമിച്ചത് ന്യൂക്ലിയർ സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടയുകയും, പാകിസ്താന് പ്രവേശനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യ-ചൈന അതിർത്തി നിർണയിച്ചിട്ടുണ്ടോ ?

ചിത്രം : ബിബിസി
യഥാർത്ഥത്തിൽ ഇന്ത്യ-ചൈന അതിർത്തി ശരിയായി രേഖപ്പെടുത്തിയിട്ടില്ല. പശ്ചിമ ലഡാക്കിലാണ് എൽഎസി അഥവാ ലൈൻ ഓഫ് അക്ച്വൽ കണ്ട്രോൾ സ്ഥിതി ചെയ്യുന്നത്.
കൃത്യം മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജൂൺ 18ന് ഡോക്‌ലാമിൽ നടന്നത്….
മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2017 ലും ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഡോക്‌ലാമിൽ ചൈന ആരംഭിച്ച റോഡ് നിർമാണമാണ് അന്ന് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളുടെ അതിർത്തി പങഅകിടുന്ന പ്രദേശമാണ് 100 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഡോക്‌ലാം.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായക പ്രദേശമാണ് ഡോക്‌ലാം. സിലിഗുരി ഇടനാഴിക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശമാണ് ഇന്ത്യയെ വടക്ക് കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്. ‘ചിക്കൻ നെക്ക്’ എന്നും ഇത് അറിയപ്പെടുന്നു.
ഭൂട്ടാൻ ഈ റോഡ് നിർമാണത്തിന് എതിരായി നിലപാടെടുത്തതോടെ ഇന്ത്യയും പിന്തുണ അറിയിച്ചു. 18 ജൂൺ 2017 ൽ ഓപറേഷൻ ജുനീപറിന്റെ ഭാഗമായി രണ്ട് ബുൾ ഡോസറുകളും 270 സായുധദാരികളായ ഇന്ത്യൻ ട്രൂപ്പും സിക്കിം അതിർത്തി കടന്ന് ചൈനീസ് അധിനിവേശം തടയുന്നതിനായി ഡോക്‌ലാമിൽ എത്തി. തുടർന്ന് ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിച്ചതായി പ്രഖ്യാപിച്ചു.
വർഷങ്ങൾക്കിപ്പുറം ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളാകാൻ കാരണമായതെന്ത് ?
3,440 കിലോമീറ്റർ പരന്ന് കിടക്കുന്നതാണ് ഇന്ത്യ-ചൈന അതിർത്തി. ലഡാക്കിൽ ഇന്ത്യ ആരംഭിച്ച റോഡ് നിർമാണമാണ് നിലവിൽ ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഇതോടെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈന സൈനിക നീക്കങ്ങൾ നടത്തി. നിലവിൽ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ നിർമിച്ചിരിക്കുന്ന റോഡ് ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിന് വളരെ അടുത്താണെന്ന് മുൻ സാനികൻ അജയ് ശുക്ല ബിബിസിയോട് പറഞ്ഞു. എന്നാൽ താഴ്‌വര തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
ഇനി എന്ത് ?
ഇന്ത്യ-ചൈന ബന്ധം വഷളാകുന്നത് ലോകം തന്നെ ഏറെ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ ജില്ലകൾ നിലവിൽ കനത്ത ജാഗ്രതയിലാണ്. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഉന്നത തലത്തിൽ നയതന്ത്ര ചർച്ചകൾ നടത്തി തർക്കം ഒത്തുതീർക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
Story Highlights- whats happening india china border tension explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here