വിലാപതാരാവലി

vilapatharavali poem

സി.ജെ ജിതിൻ/കവിത

കവിയും ബ്ലോഗറുമാണ് ലേഖകൻ

കുന്നംകുളം അങ്ങാടിയിലെ
ചുമട്ട്കാരൻ ലോന
പാറെമ്പാടം കപ്പേളയ്ക്ക്
ചുവട്ടിലിരുന്നു
ആഞ്ഞാഞ്ഞു
വലിക്കുകയായിരുന്നു
കൊഹിബ എന്ന
ക്യൂബൻ സിഗാർ.


അതയാൾക്കിഷ്ടമില്ലാത്ത
മകൻ അവധിക്ക്
വന്നപ്പോൾ കൊണ്ട്
കൊടുത്തതായിരുന്നു
അപ്പന്റെ ചങ്കിലെ
ചീഞ്ഞ വിപ്ലവത്തിന്
ക്യൂബൻ സിഗാർ
കനല് കോരുമെന്ന്
അയാൾക്കറിയാം.

പൊടുന്നനെ ലോന
പൊട്ടിക്കരഞ്ഞു.
അത്
പൂച്ചക്കണ്ണുള്ള
അയാളുടെ മകൾ
പാമ്പ് കൊത്തി ചത്തത്
കൊണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്ത മകൻ
കരണം പുകച്ചതുകൊണ്ടുമല്ല
പത്താം വയസിൽ
ചുട്ടുപഴുത്ത ജീവിതം
ചെരുപ്പിടാതെ ചവുട്ടിവന്ന
അയാൾക്കിതൊക്കെ
പുല്ലായിരുന്നു.

മുളങ്കൂമ്പു തിന്നുന്ന
പാണ്ടയെ പോലെ
അയാൾ തന്റെ
വ്യഥകളെ രുചിച്ചു.
സിഗാർ ആഞ്ഞു വലിച്ചു
കണ്ണീരണിഞ്ഞു
മഞ്ഞനിറമുള്ള
വഴിയരികിലെ കപ്പേള
അയാളുടെ
വിലാപങ്ങൾ
ഉള്ളിലെടുത്തുവച്ചു.

വർഷങ്ങൾക്ക് മുൻപുള്ള
മഴകളെ ഓർത്തു
കയറുവലിച്ചോടിയ
എരുമയുടെ പിറകിൽ
അയാൾക്ക് വേദനയിൽ
അവളൊഴുകി.
കണ്ട കാഴ്ച്ചയിൽ
ഉള്ളുലഞ്ഞു
അയാൾ
ലാങ്കിപ്പൂക്കളെ
മറന്നു കളഞ്ഞു.

ആ എരുമ
ഞാറായഴ്ചയിലേക്ക്
ജീവിച്ചു
ലോന പേരറിയാത്തവളുടെ
കൊന്തക്കുരിശിലേക്ക്
രൂപപ്പെട്ടു
തെങ്ങിൻപ്പറമ്പുകളിലും
വാഴത്തോട്ടങ്ങളിലും
എരുമയെ കൂടാതെ
അവർ കണ്ടുമുട്ടി
അപ്പൻ ലോനയുടെ
നെഞ്ചിനു വെട്ടി
ലോന
ഞായറാഴ്ചകളെ താണ്ടി
അവളുടെ പ്രേമത്തിൽ
അതിജീവിച്ചു.
കണ്ടമാനം
കുർബാനകൾ കഴിഞ്ഞു
അടുപ്പമുള്ളവർക്ക്
അയാൾ
അപ്പം വിളമ്പി.

ലോനയെ വിപ്ലവം കൊണ്ടുപോയി
അങ്ങാടിയിൽ
അയാൾ അറിവുകെട്ടവനായി
നെറിവുകെട്ടവരുടെ
വികാരങ്ങൾക്കിരയായി
മൊരിഞ്ഞ വരാല് കണക്കെ
അയാളൊരിക്കൽ
തിരിച്ചെത്തി
അവൾക്ക് കൊടുത്ത
ഹൃദയം പാതി നിലച്ചു
ഓർമകളിൽ അയാളത്
തിരികെ കൊടുക്കാൻ
ശ്രമിച്ചു കൊണ്ടിരിന്നു.

ലോന വൈദ്യന്മാർക്ക്
വിത്തായി
അയാൾക്കുണ്ടാവാത്ത
മക്കൾ അയാളെ
അങ്ങനെ വീതം വച്ചു.
ലോന ചുമടെടുത്തു
ഓർമകളിൽ അവൾക്ക്
ഹൃദയം കൊടുക്കാൻ
ശ്രമിച്ചു കൊണ്ടിരുന്നു
കാലം കാടായും
മഴയായും അയാളെ തടവി
കടന്നു പോയി.

കപ്പേളയ്ക്കരികിൽ
ലോന
ഇതാ കരച്ചിൽ നിർത്തി
അയാളുടെ ഓർമകളിൽ
വറുത്തു കോരിയ
ഹൃദയത്തിന്റെ ചൂടിൽ
അവളുടെ ചുണ്ട് പൊള്ളി
വിലപിടിച്ച ചായം തേച്ച കണക്കിന്
അത് ചുവന്നു മിന്നി.

വർഷങ്ങൾ പൂത്ത പൂക്കളിൽ
പുതഞ്ഞു നിന്ന പുത്തൻ ഹൃദയമെന്ന്
നീയൊക്കെ അത് തെറ്റി വായിച്ചു.
ദൂരയാത്രയ്ക്ക് മുമ്പ് നൽകിയ
അമ്ലഗുണമുള്ള പാനീയങ്ങൾ
ഖേദിക്കുന്നവന്റെ ആമാശയത്തിന്
ചേർന്നുപോയില്ല
അയാൾ
ആകാശങ്ങളെ സ്വപ്നം കണ്ടു
ദുരിതങ്ങളിൽ പട്ടുകുട ചൂടി
അമ്പുപെരുന്നാളിന്
ക്‌ളാരനെറ്റൂതി
കണ്ണിൽ ചുവന്ന
അരങ്ങുകൾ മിന്നി
വായിലൂടെ
കുരിശേറിയവന്റെ
ചോരയൊഴുകി
അപ്പം നടുമുറിഞ്ഞു
പ്രിയപ്പെട്ടവർക്കും
അല്ലാത്തവർക്കും വീതിച്ചു.
മരമില്ലാതെ മണ്ണിലേക്ക്
മടങ്ങിപ്പോയി.

ഓർമകളിൽ അവൾ
അയാളുടെ ഹൃദയം സ്വീകരിച്ചു.

Story highlights- Vilapatharavali, Poem, C J jithien, Readers Blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top