Advertisement

ഒരു കൊവിഡ് കഥ

June 25, 2020
Google News 1 minute Read

ലതികാ ശാലിനി

ആലുവ എടത്തല അല്‍- അമീന്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

ബസില്‍ നിന്നും ധൃതിപിടിച്ച് ഇറങ്ങി സൂപ്പര്‍ മാര്‍ക്കറ്റിനെ ലക്ഷ്യമാക്കി നടന്നു. നാട് പ്രതിസന്ധിയിലേക്കാണെന്നും, ക്ഷാമം ഉണ്ടാകും എന്നൊക്കെയുള്ള കഥകള്‍ കേട്ടു കൊണ്ടാണ് ഇക്കണ്ട ദൂരം മുഴുവനും പിന്നിട്ടത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയതും ഏതെടുക്കണം എന്തെടുക്കണം എന്നറിയാത്ത സ്ഥിതി. ഒരു നിമിഷം സിഐഡി മൂസയിലെ ബിന്ദു പണിക്കരെ അനുസ്മരിപ്പിക്കുമാറ് പലതും എടുത്ത് ഇടുപ്പിനു പകരം ട്രോളിയില്‍ വച്ചു. പയറു വര്‍ഗങ്ങള്‍ കൂടുതല്‍ കരുതണമത്രേ…ഇടക്ക് രഞ്ചിയേട്ടനെ വിളിക്കാനും മറന്നില്ല. കാര്‍ഡില്‍ കാശുകുറവാണ്. ഇനി തികഞ്ഞില്ലെങ്കിലോ…

ബാക്കി ഉള്ള സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹത്തിനെ ചുമതലപ്പെടുത്തി ബില്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ ആശ്വാസം..കേട്ടറിഞ്ഞ് ആളുകള്‍ എത്തി തുടങ്ങുന്നതേയുള്ളൂ. പലരും ഞാനെന്തോ വലിയ അപരാധം ചെയ്തു നില്‍ക്കും പോലെ എന്നെയും, എന്റെ ട്രോളിയിലെ സാധനങ്ങളെയും നോക്കി ദഹിപ്പിച്ചു.

ഞാനും,

അതേയ്….ഇത്തിരി നേരത്തെ കാലത്തെ ഒക്കെ വരണേയ്, അപ്പോ ദിതുപോലെ വന്നു നിക്കാമായിരുന്നൂ എന്ന് കണ്ണാല്‍ പറഞ്ഞു ..

സാധനങ്ങള്‍ വാങ്ങി ഷോപ്പിലേല്‍പ്പിച്ച് പുസ്തകക്കടയിലെത്തി ഇടക്കച്ചവടം നടത്താനെത്തിയ പോലെ ആര്‍ത്തിപിടിച്ച് കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി.

‘പൊളിക്കണം.പുസ്തകങ്ങള്‍ വായിച്ചിട്ടെത്ര കാലായീ…’മനസ്സില്‍ പറഞ്ഞു…

ഓട്ടോ വിളിച്ച് ഫ്‌ളാറ്റില്‍ എത്തിയതു വരെയാണ് ഓര്‍മയോടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

നാളെ മുതല്‍ പോകണ്ട..

വളരെ സന്തോഷം..

എത്ര കാലായീ ഒന്ന് നന്നായി കിടന്നൊന്ന് ഒറങ്ങീട്ട്..

നാളെ മുതല്‍ ഒരു രണ്ടാഴ്ച കലക്കണം…

രണ്ടു മൂന്നു ദിവസം അങ്ങനെ ഇങ്ങനെ ഒക്കെ പോയി…

അതു കഴിഞ്ഞാണ് യഥാര്‍ത്ഥ കളി തുടങ്ങിയത്. രണ്ടു നേരം ആഹാരം വയ്ക്കുന്നത് നാലു നേരമായി. ഇടപ്പലഹാരങ്ങള്‍ യൂ ട്യൂബ് നോക്കിയുള്ള പരീക്ഷണം ഇവ നിത്യപലഹാര സമയക്രമങ്ങളിലേക്ക് ചേക്കേറി. എങ്ങാനും കഴിയാതെ വന്നാല്‍ കുട്ടികളുടെ വകയും കെട്ടിയോന്റെ വകയും മുഖം വീര്‍പ്പ്. അത് കൂടാതെ ഇടക്കിടെ പലതരം സ്‌നാക്കുകള്‍, ഒക്കെ നാടന്‍ പാചകവിധി.

പോരെ…!!

പുതിയ ചിട്ടകളിലേക്ക് മാറുന്നതിന്റെ ഭാഗമാകണം ഇനിയെങ്കിലും. ഒക്കെ നാടന്‍ മതീ എന്ന തിരുവായുടെ മുന്നില്‍ ഉത്തമ കുടുംബിനിയായതു കൊണ്ട് നിശബ്ദം പിടിച്ചു നിന്നു. ആദ്യമൊക്കെ വാര്‍ത്താ സമ്മേളനത്തിനോടാഭിമുഖ്യം തോന്നിയുരുന്നില്ല. പിന്നീട് ഈ ഒഴിയാബാധ എന്ന് വിട്ടു പോകുമെന്നറിയാന്‍ പിള്ളേരോട് വഴക്കിട്ട് അതിനായി അരമണിക്കൂര്‍ മാറ്റിയെടുത്തൂ..

ചായയും, കാപ്പിയും, ജ്യൂസും, നാരങ്ങവെള്ളവും മാറി മാറി കുടിച്ച പാത്രങ്ങള്‍ സിങ്കില്‍ നിന്നും ഇടക്കിടെ കുളികഴിഞ്ഞിറങ്ങിപ്പോയി. ഉണക്കമീനും, ചക്കയും, അടയുമൊക്കെയായി പലരും ഗ്യാസിനു മുകളിലേക്ക് കയറുകയും ഗന്ധം പരത്തി ഊണുമുറിയിലേക്ക് കുണുങ്ങി കുണുങ്ങി പോകുകയും ചെയ്തു..ഇടക്ക് എതിരെ ഫ്‌ളാറ്റിലെ നളിനി ചേച്ചി അടുക്കളയില്‍ നിന്നും കൈപൊക്കി കാണിക്കും ,

ഞാനും ഇവിടത്തന്നെടീ വിഷമിക്കണ്ട എന്ന ആ കൈപൊക്കലില്‍ ഞാന്‍ ഒറ്റക്കായില്ലല്ലോ എന്ന് ഞാനും കരുതിപ്പോന്നൂ…ഇതിനിടയില്‍ വീട് വൃത്തിയാക്കലും,അലക്കും,പെറുക്കും മറുവശത്ത് തകൃതിയായി നടത്തി. ജോലിക്കാരിയെ മനസില്‍ പൂജിച്ച് എല്ലാ കാര്യങ്ങളും സ്വയം സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചു. സ്റ്റാറ്റസുകള്‍ മാറി മാറി പോസ്റ്റ് ചെയ്ത് പാചകപരീക്ഷണ മികവ് എല്ലാ ആളുകളേയും അറിയിച്ചെന്നുറപ്പിച്ചു.

എല്ലാവരും സ്റ്റാറ്റസുകള്‍ കാണുന്നുണ്ടെന്ന് ആശ്വസിച്ചു…

ഉറങ്ങാന്‍ നേരം പുസ്തകങ്ങള്‍ മാറോടടുക്കി.. ഒരു പേജ് തുറന്നിരുന്നെന്നാണ് ഓര്‍മ്മ.. രാവിലെ അലാം കേട്ടോ കേട്ടില്ലേ നേരെ അടുക്കള പിടിച്ചു. രഞ്ചിയേട്ടന്‍ യോഗ ചെയ്യാന്‍ പോയി. വരുമ്പോഴേക്കും നാരങ്ങ നീര്.. അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് ചായ.. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞ് ചായ ,പലഹാരം..അതു കഴിഞ്ഞ് ഉച്ചയ്ക്ക് വേണ്ട വല്യ കനമില്ലാത്ത ഊണ് വിഭവങ്ങള്‍…അങ്ങനെ..അങ്ങനെ ഇരുന്ന ഒരു ദിവസം ..പതിവ് പോലെ വാര്‍ത്താ സമ്മേളനത്തിന്റെ സമയം..

ഓഹ്..ഒരു മാസം പിന്നിട്ടത്രേ..

ഇതൊക്കെ ആരറിയാന്‍..

അടുത്തു തന്നെ ജോലിയില്‍ പ്രവേശിക്കണം എന്ന് മാത്രം മനസിലായി..ദിവസങ്ങള്‍ പോകവെ നാളെയാണ് പഴയതാളത്തില്‍ നൃത്തം പുനരാരംഭിക്കേണ്ടത് എന്ന് അറിവു കിട്ടി..ചിരിക്കണോ, കരയണോ.. ചിരിക്കാനാണ് മനസ് പറഞ്ഞത്.. നാട് പഴയ സ്ഥിതിയില്‍ എത്തിയല്ലോ….സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നൂ….എത്ര പേരുടെ സഹനം, ത്യാഗം…എല്ലാത്തിനുമൊടുവില്‍ താന്‍ നടത്തിയ ക്വാറന്റീന്‍ പദ്ധതികളെ അവള്‍ ഒന്ന് വിശകലനം ചെയ്തു. എഴുത്ത്, വായന,പെയിന്റിംഗ്, ചിത്രപ്പണി …അങ്ങിനെ ആ സ്വപ്നം കഴിഞ്ഞു. രാവിലെ സാരി വാരിച്ചുറ്റി കണ്ണാടിയിലേക്ക് പിന്‍തിരിഞ്ഞൊന്ന് നോക്കവെ അടുത്ത ഷെല്‍ഫിലിരുന്ന പുസ്തകങ്ങളും,മഷിക്കൂട്ടുകളും കണ്ണിമക്കാതെ അവളെ നോക്കി ഇരിപ്പുണ്ടായിരുന്നൂ….

Story Highlights: covid story,  Readers Blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here