മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രധാന ഭാഗങ്ങൾ [Highlights]

chief minister press conference key points

സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 133 പേരാണ് രോഗമുക്തി നേടിയത്. 6029 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4997 ആയി. ഇന്ന് 20 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ആറ് പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

രോഗം സ്ഥിരീകരിച്ചവർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 246 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 47 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ ജൂലൈ 15ന് മരണമടഞ്ഞ ഷൈജു (46) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

532 പേർക്കാണ് സമ്പർക്കത്തിലൂടെ് രോഗം ബാധിച്ചത്. അതിൽ 42 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവന്തപുരം ജില്ലയിലെ 240 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പത്തനംതിട്ട ജില്ലയിലെ 56 പേർക്കും, ആലപ്പുഴ ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 29 പേർക്കും, കാസർഗോഡ് ജില്ലയിലെ 23 പേർക്കും, കോഴിക്കോട് ജില്ലയിലെ 14 പേർക്കും, കോട്ടയം ജില്ലയിലെ 9 പേർക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 7 പേർക്കും, ഇടുക്കി ജില്ലയിലെ 6 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപിയ്ക്കും, തൃശൂർ ജില്ലയിലെ 7 കെ.എസ്.സി. ജീവനക്കാർക്കും, ഒരു ബി.എസ്.എഫ്. ജവാനും, കണ്ണൂർ ജില്ലയിലെ ഒരു ഫയർ ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

ഫലം നെഗറ്റീവ് ആയവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 133 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ (ആലപ്പുഴ 1), മലപ്പുറം (തിരുവനന്തപുരം 1) ജില്ലകളിൽ നിന്നുള്ള 32 പേരുടെ വീതവും, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം (പത്തനംതിട്ട 1, ഇടുക്കി 1), കണ്ണൂർ ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (കൊല്ലം 1) ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 6029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4997 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളവർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,481 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,72,357 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6124 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധിച്ച സാമ്പിളുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,642 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,89,395 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7610 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 88,903 സാമ്പിളുകൾ ശേഖരിച്ചതിൽ 84,454 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഹോട്ട്‌സ്‌പോട്ടുകൾ

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6), പ്രമദം (10), അടൂർ മുൻസിപ്പാലിറ്റി (24, 26), അയിരൂർ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂർ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കൽപ്പറ്റ (18റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈൻമെന്റ് സോൺ: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 285 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ആദ്യമായി സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ആദ്യമായി ഇന്ന് സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തെ പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് കണക്കുകൾ വിവരിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ മാത്രം 51 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയിൽ 26 പേരുടെ ഫലം പോസിറ്റീവായി. പുതുക്കുറിശിയിൽ ഇരുപതും അഞ്ചു തെങ്ങിൽ പതിനെഞ്ച് സാമ്പിളും പോസിറ്റീവായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരായിരുന്നിട്ടും സലൂൺ തൊഴിലാളികൾ നിന്ന് ആർക്കും വൈറസ് പകർന്നില്ല; മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ച ആ പഠനം ഇങ്ങനെ

സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ വിശദീകരിക്കുന്ന പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇന്ന് വ്യത്യസ്തമായൊരു പഠന റിപ്പോർട്ടിനെ കുറിച്ച് പരാമർശിച്ചു. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷന്റെ മോർബിഡിറ്റി ആന്റ് മോർട്ടാലിറ്റി വീക്ക്‌ലി നടത്തിയ പഠനമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

തീരപ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും; മേഖല മൂന്നായി തരംതിരിച്ചു; മാർഗ നിർദേശങ്ങളും ആക്ഷൻ പ്ലാനും വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ തീരദേശ മേഖലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണം എളുപ്പമാക്കാൻ തീരദേശ മേഖലയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിനും രൂപം നൽകി. ഈ സംവിധാനത്തിന്റെ ചുമതലയുള്ള പ്രത്യേക ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബലരാം കുമാർ ഉപാധ്യായയാണ്. ഇതിന് പ്രത്യേക കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും, പൊലീസും, കോർപറേഷനും പഞ്ചായത്തും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എല്ലാ വിവരങ്ങളും കണ്ട്രോൾ റൂമിൽ ലഭ്യമാകും. ഇതിന് പുറമെ ഈ മൂന്ന് സോണുകളിലും രണ്ട് മുതിര്ന്ന ഐഎഎസ് ഓഫിസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിക്കും.

എച്ച്‌വിഡിസി ലൈനും സബ്‌സ്റ്റേഷനു ഒക്ടോബർ മാസത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വലിയ നേട്ടങ്ങളുണ്ടായിട്ടുള്ള ഒരു മേഖലയാണ് വൈദ്യുതി. എടമൺ കൊച്ചി പവർഹൈവേ അടക്കം ഈ രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്. കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നിൽകണ്ടുകൊണ്ട് നമ്മുടെ വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിക്കുന്നതിൽ ഈ സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച് വിഡിസി ലൈനും സബ്‌സ്റ്റേഷനും.

കൊവിഡുമായി ബന്ധപ്പെട്ട് വ്യാപക വ്യാജപ്രചാരണം; വിമർശിച്ച് മുഖ്യമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട് വ്യാപക വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ പിന്തുണ പോലുമില്ലാത്ത പ്രചാരണങ്ങളാണ് പലരും നടത്തുന്നത്. ജാഗ്രത പാലിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഡ്യൂട്ടി കഴിഞ്ഞി ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്ന ചില ആആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയർന്നു വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാധാരണ നിലയ്ക്ക് ചെയ്യാൻ പാടില്ലാത്തതാണ്. ഇതിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story Highlights chief minister press conference key points

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top