കൊവിഡ് ആശങ്ക; രക്തദാതാക്കള്‍ എത്താത്തതിനാല്‍ ബ്ലഡ് ബാങ്കുകള്‍ പ്രതിസന്ധിയില്‍

Blood banks

കൊവിഡ് ആശങ്കയെ തുടര്‍ന്ന് രക്തദാതാക്കള്‍ എത്താത്തതിനാല്‍ ബ്ലഡ് ബാങ്കുകള്‍ പ്രതിസന്ധിയില്‍. രോഗികള്‍ക്കാവശ്യമായ രക്തം കിട്ടാനില്ലാത്തത് മൂലം ശസ്ത്രക്രിയകള്‍ അടക്കം മാറ്റി വയ്‌ക്കേണ്ട സ്ഥിതിയിലാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലടക്കം രക്തത്തിന്റെ ലഭ്യതയില്‍ തടസം നേരിടുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ പ്രധാന ബ്ലഡ് ബാങ്കാണ് ജനറല്‍ ആശുപത്രിയിലേത്. കോഴഞ്ചേരി, അടൂര്‍, റാന്നി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇവിടെ നിന്നാണ് രോഗികള്‍ക്ക് ആവശ്യമായ രക്തം നല്‍കുന്നത്. എന്നാല്‍ കൊവിഡ് പിടിമുറുക്കിയതോടെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കിയിരുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരില്‍ പലരും ഇപ്പോള്‍ രക്തം നല്‍കാതായി.

ഇതോടെ പല ആശുപത്രിയിലെയും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടങ്ങുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാലാണ് രക്താദാതാക്കള്‍ പലരും രക്തം നല്‍കാനായി എത്താന്‍ മടിക്കുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യ സുരക്ഷ ക്രമീകരണങ്ങളുള്ള ആശുപത്രിയില്‍ നിന്നും രോഗം പടരില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോധവത്കരണം നടത്തി ബ്ലഡ് ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

Story Highlights Blood banks in crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top