കഥ, തിരക്കഥ, അഭിനയം-ശ്രീജിത്ത് രവി ആൻഡ് ഫാമിലി

interview with sreejith ravi

മലയാള സിനിമയിലേ ശ്രദ്ധേയനായ നടൻ ശ്രീജിത്ത് രവിയെപ്പറ്റി വിശേഷണങ്ങളുടെ ആവശ്യമില്ല. നടൻ ടിജി രവിയുടെ മകൻ എന്നതിലുപരി അദ്ദേഹം വളരെ മികച്ച ഒരു നടനാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞു. അഭിനയം മാത്രമല്ല, സംവിധാനം അടക്കം ക്യാമറക്ക് പിന്നിലെ ജോലികൾ കൂടി തനിക്ക് വഴങ്ങുമെന്നാണ് ഒരു നമ്പർ വൺ പ്രതികാരം എന്ന ഹ്രസ്വചിത്രത്തിലൂടെ ഇപ്പോൾ അദ്ദേഹം പറയുന്നത്. അദ്ദേഹത്തോടൊപ്പം ഭാര്യയും മക്കളുമൊക്കെ ഹ്രസ്വചിത്രത്തിൽ മുഖം കാണിക്കുന്നു.

അഭിനയവും ക്യാമറയുമൊക്കെ താങ്കളാണ്. ഭാര്യ തിരക്കഥയെഴുതി. ഒരു ഫാമിലി പ്രൊഡക്ട്. അതേപ്പറ്റി?

അതെ. ഭാര്യയും മക്കളും അഭിനയിച്ചിട്ടുണ്ട്. വല്യച്ഛൻ്റെ മോനും അഭിനയിച്ചു. ഞാനാണ് അതിൻ്റെ സംവിധാനം. ക്യാമറയും കലാസംവിധാനവും ഞാൻ തന്നെയാണ്. ലോക്ക്ഡൗൺ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നതിനകത്തു നിന്ന് ചെയ്ത ഒരു വർക്കാണ്. ട്രൈപോഡിൽ ക്യാമറ സെറ്റ് ചെയ്തിട്ട് ‘സ്റ്റാർട്ട് ക്യാമറ’ എന്ന് പറഞ്ഞ് റെക്കോർഡ് ബട്ടൺ അമർത്തുന്നു. ഫ്രെയിമിൽ വന്ന് ‘ആക്ഷൻ’ എന്നു പറഞ്ഞ് അഭിനയിച്ച് തുടങ്ങുന്നു. കട്ട് എന്ന് പറഞ്ഞ് പോയി ക്യാമറ റെക്കോർഡ് ഓഫ് ചെയ്യുന്നു. ഇങ്ങനെയാണ് അഭിനയിച്ചത്. ഈ സാഹചര്യത്തിൽ പുറത്തു നിന്ന് ആൾക്കാരെ കൊണ്ടു വരികയെന്നാൽ ബുദ്ധിമുട്ടാണ്. ഒരു താത്പര്യം കൊണ്ട് ചെയ്തതാണ്. ആളുകൾ ഇത് എത്രത്തോളം കാണുമെന്നോ എന്താവും അഭിപ്രായമെന്നോ ഊഹമുണ്ടായിരുന്നില്ല. വിദൂര ഭാവിയിൽ എപ്പോഴെങ്കിലും സംവിധാന രംഗത്തേക്ക് കടന്നാലോ എന്ന ആലോചനയുണ്ട്. അതിൻ്റെയൊക്കെ ചുവടുപിടിച്ച് ശ്രമിച്ച് നോക്കിയതാണ് ഇത്. മുൻപ് ‘കൊറോണ ഒരു ഭീകരജീവിയല്ല’ എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അത് മകൻ്റെ സ്കൂൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് ചെയ്തതായിരുന്നു. എനിക്കും മൂത്ത മകനും സിനിമയുടെ സാങ്കേതികമായ കാര്യങ്ങളിലൊക്കെ താത്പര്യമുണ്ട്. അങ്ങനെ ചെയ്തതാണ്. അത് ഫോണിൽ തന്നെ ഷൂട്ട് ചെയ്ത് ഫോണിൽ തന്നെ എഡിറ്റ് ചെയ്ത വീഡിയോ ആയിരുന്നു. അതിൻ്റെ കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ടെക്നിക്കലി അത്ര മികച്ചതായിരുന്നില്ലെങ്കിലും അതിൻ്റെ പ്രമേയം എല്ലാവർക്കും ഇഷ്ടമായി. ഈ ഷോർട്ട് ഫിലിം ടെക്നിക്കലി കുറച്ചു കൂടി നന്നാവണമെന്നുണ്ടായിരുന്നു. അങ്ങനെ നിക്കോണിൻ്റെ ക്യാമറ ഉണ്ടായിരുന്നത് എടുത്തു. പിന്നീടായിരുന്നു ഷൂട്ട്.

ഷോർട്ട് ഫിലിമിൻ്റെ ത്രെഡ് എങ്ങനെയാണ് ഉണ്ടായത്?

എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആലോചന. സിനിമകളൊന്നും നടക്കുന്നില്ല. അതുകൊണ്ട് ആലോചിച്ച സംഗതിയാണ്. ഞാനും ഭാര്യയും ചേർന്നാണ് ഇത് ആലോചിച്ചത്. അങ്ങനെയിരിക്കെ അവിചാരിതമായി കേട്ട് പരിചയമുള്ള ഒരു കഥയിൽ നിന്നാണ് ഇതിനുള്ള ത്രെഡ് കിട്ടുന്നത്. നമുക്ക് പരിചയമുള്ള ഒരു വിഷയമാണ് പ്രതികാരത്തിൽ പറയുന്നത്. പക്ഷേ, ഈ പ്രശ്നം വളരെ പെട്ടെന്ന് സോൾവ് ആകാറുണ്ട്. ഞങ്ങൾ പക്ഷേ, അത് പരിഹരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. അയൽക്കാരൻ അല്പം കണിശക്കാരനാവണമെന്നതു കൊണ്ട് ആ കഥാപാത്രത്തെ റിട്ടയേർഡ് കേണൽ ആക്കി. വിഷയം അവതരിപ്പിക്കുന്നയാൾക്ക് പേടിയുണ്ടാവണമെന്നതു കൊണ്ട് എൻ്റെ കഥാപാത്രത്തെ അഭയകുമാറും ആക്കി. ആ കഥാപാത്രം എല്ലാവർക്കും അറിയാമല്ലോ. ഭാര്യ സജിതയെ ചിഞ്ചു എന്ന കഥാപാത്രമാക്കി. അങ്ങനെ വളർന്നു വന്നതാണ്. കഥയെ സീൻ ഓർഡർ ആക്കുന്നതിനും ക്യാമറ ആംഗിൾ തീരുമാനിക്കുന്നതിനും മാത്രമാണ് എൻ്റെ പങ്കുള്ളത്. മറ്റെല്ലാം ഭാര്യ തന്നെയാണ് ചെയ്തത്.

Read Also : മാസ്ക് വെക്കാതെ പുറത്തിറങ്ങി ആളുകൾ; ബോധവത്കരിക്കാൻ കഴുതയെ അഭിമുഖം നടത്തി മാധ്യമപ്രവർത്തകൻ: വീഡിയോ

കുടുംബം മൊത്തം നന്നായി അഭിനയിക്കുന്നുണ്ടല്ലോ?

അതെയതെ. അഭിപ്രായം വന്നപ്പോൾ എന്നെക്കാൾ നന്നായി അവർ അഭിനയിച്ചു എന്നായി. ഞാൻ ഭാര്യയുടെയൊന്നും അത്ര മികച്ചതായില്ല എന്ന് കേട്ടു. അത് സന്തോഷമാണല്ലോ. ഇതിപ്പോ ഇത്ര കംഫർട്ടബിളായ ചുറ്റുപാടായതു കൊണ്ട് അവർ നന്നായി ചെയ്തു. ചിലരൊക്കെ ഭാര്യയെയും മറ്റും അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അവർക്കും താത്പര്യമുണ്ട്. പക്ഷേ, പ്രൊഫഷണൽ ഇടത്തിൽ അത് എങ്ങനെയാവുമെന്ന കാര്യത്തിൽ അവർക്ക് ഐഡിയയില്ല. അവർക്ക് താത്പര്യമുണ്ട്. എനിക്കും താത്പര്യമുണ്ട്. അവർ അഭിനയിക്കട്ടെ. അവർക്കാണ് കൂടുതൽ അവസരം ലഭിക്കുന്നതെങ്കിൽ, ഞാൻ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കണമെങ്കിൽ അതിനും ഞാൻ തയ്യാറാണ്. കുടുംബം മുന്നോട്ടു പോകണമല്ലോ.

താങ്കൾ തുടങ്ങുന്നത് മയൂഖത്തിൽ. ചാന്തുപൊട്ടിലൂടെ ശ്രദ്ധിക്കപ്പെട്ടു. പുണ്യാളനിലൂടെ പാത്ത് ബ്രേക്കിംഗ്. സിനിമാ ജീവിതത്തെപ്പറ്റി?

അതെയതെ. പുണ്യാളൻ ആയിരുന്നു വഴിത്തിരിവ്. അതുവരെ വില്ലൻ റോളുകളാണ് കൂടുതലും ചെയ്തത്. സത്യേട്ടൻ്റെ (സത്യൻ അന്തിക്കാട്) കഥ തുടരുന്നു എന്ന സിനിമയിലെ കഥാപാത്രത്തിനു ശേഷമാണ് ക്യാരക്ടർ റോളുകൾ എനിക്ക് വഴങ്ങുമെന്ന് ആളുകൾ മനസ്സിലാക്കുന്നത്. ഹ്യൂമറിൻ്റെ തുടക്കം ‘കിളി പോയി’ ആയിരുന്നു. എനിക്ക് ഹ്യൂമർ കഴിയുമെന്ന് എനിക്ക് തന്നെ മനസ്സിലായത് ആ സിനിമയിലാണ്. പിന്നീടാണ് പുണ്യാളൻ വരുന്നത്. അത് മറ്റൊരാൾ ചെയ്യേണ്ട വേഷമായിരുന്നു. പക്ഷേ, ഒടുവിൽ ഭാഗ്യവശാൽ എനിക്കത് ലഭിക്കുകയായിരുന്നു. അത് നന്നായി ചെയ്യാനും കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങളിൽ നിന്ന് മാറി ഇത്തരം ഒരു വേഷം ചെയ്തത് ആളുകൾക്ക് പുതുമയായി.

വില്ലൻ വേഷങ്ങളിൽ കത്തി നിൽക്കുമ്പോഴാണ് അച്ഛൻ ബ്രേക്ക് എടുക്കുന്നത്. തിരികെ വന്നതിനു ശേഷം അഭിനയിച്ചതാവട്ടെ ഹ്യൂമർ, ക്യാരക്ടർ റോളുകളിലും. എന്തായിരുന്നു അതിനുള്ള കാരണം?

ബ്രേക്ക് എടുക്കാൻ കാരണം ബിസിനസ് ശ്രദ്ധിക്കാനായിരുന്നു. റബ്ബർ വ്യവസായം ഉണ്ട്. സിനിമകളിൽ അഭിനയിച്ച് ബിസിനസ് ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ബിസിനസോ സിനിമയോ എന്ന് തീരുമാനിക്കേണ്ടി വന്നപ്പോൾ അച്ഛൻ ബിസിനസ് തീരുമാനിച്ചു. കാരണം, അതിൽ ആശ്രയിച്ചിരിക്കുന്ന ആളുകളുണ്ട്. സിനിമയെ ഞങ്ങൾ കുടുംബത്തെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. പക്ഷേ, ബിസിനസിൽ പ്രശ്നം വന്നാൽ അത് ഒരുപാട് പേരെ ബാധിക്കും. അങ്ങനെയാണ് ബ്രേക്കെടുത്തത്. തിരിച്ചു വന്നപ്പോൾ രൂപവും ഭാവവും മാറി. മലയാള സിനിമയും മാറി. അച്ഛൻ്റെ രൂപത്തിനനുസരിച്ച് ചില കഥാപാത്രങ്ങൾ കിട്ടുകയും ചെയ്തു. അങ്ങനെയാണ് പിന്നീടുള്ള സിനിമാ ജീവിതം ഉണ്ടായത്.

അച്ഛനു വേണ്ടി ഡബ് ചെയ്തതിപ്പറ്റി?

അത് അധികം ആർക്കും കിട്ടുന്ന ഭാഗ്യമല്ല. ആദ്യം ചെയ്തത് അശ്വാരൂഢനു വേണ്ടി ആയിരുന്നു. സിനിമയിൽ അച്ഛൻ്റേത് ഒരു സസ്പൻസ് കഥാപാത്രമായിരുന്നു. ക്ലൈമാക്സ് പോർഷനിൽ കഥാപാത്രത്തെ പെട്ടെന്ന് മനസ്സിലാവാതിരിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് നറുക്കു വീണത്. 40-45 വയസ്സ് പ്രായമുള്ള കഥാപാത്രത്തിന് അച്ഛൻ തന്നെ ഡബ് ചെയ്തു. ഞാൻ ചെയ്തത് 80 വയസ്സുള്ള കഥാപാത്രത്തിനാണ്. ആ സമയത്ത് അച്ഛന് 60-65ഉം എനിക്ക് 30-32ഉം വയസ്സാണ് പ്രായം. ആദ്യം ഞാൻ ഡബ് ചെയ്തപ്പോൾ അച്ഛൻ്റെ അതേ ശബ്ദമായിരുന്നു. പിന്നീട് ശബ്ദം അല്പം മാറ്റിയാണ് അത് ചെയ്തത്. പ്രാഞ്ചിയേട്ടനിൽ സന്ദർഭവശാൽ ചെയ്തതാണ്. വർഷങ്ങളായി അച്ഛൻ ബോട്‌സ്വാനയിലാണ്. അവിടെ എൻ്റെ ചേട്ടനൊപ്പമാണ് താമസം. ഇടക്കേ നാട്ടിൽ വരൂ. അങ്ങനെ പ്രാഞ്ചിയേട്ടൻ ഷൂട്ടിനു വന്നിട്ട് അച്ഛൻ തിരികെ പോയി. ഡബ്ബിംഗ് സമയത്ത് പെട്ടെന്ന് എത്താൻ കഴിഞ്ഞില്ല. അങ്ങനെ എന്നെ വിളിക്കുകയായിരുന്നു.

അച്ഛൻ ആദ്യം വില്ലൻ റോളുകളാണ് ചെയ്തത്. അതുകൊണ്ടാണ് താങ്കൾക്കും ആദ്യം അത്തരം റോളുകൾ ലഭിച്ചതെന്ന് കരുതുന്നുണ്ടോ?

അച്ഛൻ കാരണമാണ് തീർച്ചയായും ഞാൻ സിനിമയിലെത്തിയത്. അച്ഛൻ്റെ രൂപമാണ് എനിക്ക് ലഭിച്ചത്. മാത്രമല്ല, ടിജി രവിയുടെ മകനെന്ന നിലയിൽ വില്ലൻ വേഷങ്ങൾ എനിക്ക് ചേരുമെന്ന ധാരണ ആദ്യ കാലത്ത് ഉണ്ടായിരുന്നു. അതുകൊണ്ടാവാം അത്തരം വേഷങ്ങൾ ലഭിച്ചത്. മടുപ്പ് തോന്നിയിരുന്നു ഇടക്ക്. ആദ്യമൊക്കെ സെറ്റിലെത്തുമ്പോഴേ വില്ലൻ വേഷങ്ങൾക്കുള്ള കോസ്റ്റ്യൂമും മേക്കപ്പുമാണ് തയ്യാറാക്കുക. പിന്നീടേ സ്ക്രിപ്റ്റ് പോലും നോക്കാറുണ്ടായിരുന്നുള്ളൂ. പക്ഷേ, അത്തരം അനുഭവങ്ങളും അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.

Read Also : 45 ന്റെ നിറവില്‍ നടിപ്പിന്‍ നായകന്‍ സൂര്യ

അച്ഛൻ എന്ന റോളിൽ ടിജി രവിയെ എങ്ങനെ വിലയിരുത്തും?

അച്ഛനെ അന്ന് കാണാൻ കിട്ടുമായിരുന്നില്ല. മദ്രാസിലാണ് താമസിച്ചിരുന്നത്. വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളൂ. വെക്കേഷനുകളിൽ ഞങ്ങൾ അവിടെ പോയി താമസിച്ചിരുന്നു. എങ്കിലും ട്രങ്ക് കോളൊക്കെ ബുക്ക് ചെയ്ത് ഞങ്ങളോട് സംസാരിക്കാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നു. ജോലി അതായിപ്പോയി എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൾഫിൽ പോകുന്നവർ ഒരു വർഷത്തിൽ ഒന്നൊക്കെയല്ലേ നാട്ടിൽ വരിക? അങ്ങനെ ഒരു ജോലി എന്നേ ഞങ്ങളും കരുതിയിരുന്നുള്ളൂ. വരുമ്പോഴൊക്കെ അപരിചിതത്വം തോന്നാത്ത രീതിയിൽ അച്ഛൻ ഞങ്ങളോട് പെരുമാറിയിരുന്നു. അത് അച്ഛൻ്റെ വിജയമായിരുന്നു.

അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ?

അമ്മ ഡോക്ടറായിരുന്നു. സർക്കാർ സർവീസിലായിരുന്നു. അച്ഛൻ്റെ നട്ടെല്ലായിരുന്നു. അച്ഛൻ്റെ മാത്രമല്ല, ഞങ്ങളുടെയല്ലാം പിന്തുണ അമ്മയായിരുന്നു, മരണം വരെ അങ്ങനെയായിരുന്നു. അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ അമ്മ തന്നെയായിരുന്നു ഞങ്ങളുടെ ശക്തി. അമ്മ വളരെ പോസിറ്റീവായ ഒരാളായിരുന്നു. കരൾ സംബന്ധമായ അസുഖം വന്നിട്ടാണ് മരിക്കുന്നത്.

താങ്കൾ ഒരു എഞ്ചിനീയറല്ലേ? അങ്ങനെ ജോലി ചെയ്തിട്ടുണ്ടോ?

ഞാൻ മാത്രമല്ല, ചേട്ടനും അച്ഛനും മെക്കാനിക്കൽ എഞ്ചിനീയർമാരാണ്. പക്ഷേ, എഞ്ചിനീയറിംഗ് മേഖലയിൽ ഞാൻ ജോലി ചെയ്തിട്ടില്ല.

മക്കൾക്കും സിനിമാ താത്പര്യം ഉണ്ടെന്ന് തോന്നുന്നല്ലോ?

മൂത്ത മകന് ടെക്നിക്കൽ കാര്യങ്ങളിലൊക്കെ താത്പര്യമുണ്ട്. അവന് 11 വയസ്സാണ്. ഇളയ മകനും അഭിനയിക്കുന്നുണ്ട്. ഇനിയും ഇത്തരം ഷോർട്ട് ഫിലിമുകൾ ചെയ്യണമെന്നുണ്ട്. പക്ഷേ, ടെക്നിക്കലി കുറച്ചു കൂടി മികച്ചതാക്കണം. അതിനു പണം വേണം. ലാഭം കിട്ടിയില്ലെങ്കിലും നഷ്ടം ആവാതിരിക്കുകയെങ്കിലും വേണം. അങ്ങനെ പണം മുടക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നുള്ള തിരച്ചിലിലാണ്.

Story Highlights interview with actor sreejith ravi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top