Advertisement

മൃതസഞ്ജീവനി

July 30, 2020
Google News 5 minutes Read

.

ശരത്/കഥ

എംഎ ഇംഗ്ലീഷ് ബിരുദധാരിയാണ് ലേഖകൻ

‘ദാദാ ഞാൻ പറയുന്നതൊന്ന് കേൾക്കു’, ഒട്ടും ക്ഷമയില്ലാതെ അവൻ അയാളുടെ കൈ പിടിച്ചു കുലുക്കി. മൃണാൾ ചക്രബർത്തി വായിച്ചുകൊണ്ടിരുന്ന പത്രം മേശയിലേക്ക് എറിഞ്ഞു കൊണ്ട് അസ്വസ്ഥതയോടെ അവനോടു പറഞ്ഞു,

‘നിനക്കു ഭ്രാന്താണ് ചോട്ടു, ഇല്ലാത്ത ഒരാളെ അന്വേഷിച്ചുള്ള ഈ നടപ്പ് നിനക്ക് അവസാനിപ്പിച്ചു കൂടെ?’

കോളജ് സ്ട്രീറ്റിലെ കോഫി ഹൗസിൽ നല്ല തിരക്കുണ്ടായിരുന്നു, അതുകൊണ്ടു തന്നെ മൃണാൾ ദായുടെ ശബ്ദം ഉയർന്നത് പലരും ശ്രദ്ധിച്ചില്ല. വളരെ ആവേശത്തോടെ സംസാരിച്ചു തുടങ്ങിയ ആ യുവാവ് പെട്ടെന്ന് നിശബ്ദനായി. അവന്റെ മുഖ ഭാവം കണ്ടിട്ടെന്നോണം മൃണാൾ ദാ അവനെ ആശ്വസിപ്പിച്ചു.

‘ചോട്ടു, നീ ഈ പറയുന്ന ജൻ മിത്ര എന്ന വാരികയും ആ എഴുത്തുകാരനും, എന്താ അയാളുടെ പേര് ?’ മൃണാൾ ദാ സംശയത്തോടെ ചോട്ടുവിനെ നോക്കി,

‘സ്വദേശ്’ അവൻ മറുപടി എന്നോണം പറഞ്ഞു. ‘ അതെ, അത് തന്നെ. അങ്ങനെയൊരു ആളും എന്റെ അറിവിൽ ഇല്ല’, മൃണാൾ ദാ പത്രം മാറ്റിവച്ച് രണ്ടു കാപ്പി ഓർഡർ ചെയ്തുകൊണ്ട് പറഞ്ഞു. ചോട്ടുവിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന ദാ അവന്റെ കണ്ണിലെ തിളക്കം ശ്രദ്ധിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ്, ഇതേ കോഫി ഹൗസിൽവച്ചാണ് ചോട്ടുവിനെ ആദ്യം കാണുന്നത്. തന്റെ പതിവ് പത്രം വായനയും കാപ്പിയുമായി ഒറ്റയ്ക്കിരുന്ന അദ്ദേഹത്തെ ‘ദാദാ’ എന്ന് വിളിച്ചു കൊണ്ട് ഇങ്ങോട്ട് വന്നു പരിചയപ്പെട്ട ഒരു യുവാവ്. സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവൻ പ്രെസിഡെൻസി കോളജിലെ ഒരു വിദ്യാർത്ഥി ആണെന്നും ഒരു പുസ്തക പ്രേമിയുമാണെന്ന് അദ്ദേഹത്തിന് മനസിലായത്. വളരെ പെട്ടെന്ന് തന്നെ ആ പരിചയം ഒരു സൗഹൃദത്തിലേക്ക് വഴി മാറി. അങ്ങനെ ഒട്ടനവധി സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും തുടക്കം കുറിച്ച ഒരു സ്ഥലമായിരുന്നു ഈ കോഫി ഹൗസ്. ചോട്ടുവിനോട് സംസാരിക്കുവാൻ മൃണാൾ ദായ്ക്കു വളരെ ഇഷ്ടമായിരുന്നു. വല്ലാത്ത ഒരു ആവേശമുണ്ടായിരുന്നു അവന്റെ സംസാരത്തിൽ. മറ്റു ചെറുപ്പക്കാരിൽ കാണാത്ത ഒരു തരം തിളക്കം അവന്റെ കണ്ണുകളിൽ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ചോട്ടു, ജൻ മിത്രയെപ്പറ്റിയും സ്വദേശ് എന്ന എഴുത്തുകാരനെപ്പറ്റിയും മൃണാൾ ദായോടു പറയുന്നത്. ഒരു
കാലത്ത് ബംഗാളിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രസാധകനും ഒക്കെയായിരുന്നു മൃണാൾ ദാ. ശക്തമായ ഭാഷയിൽ തന്റെ ചുറ്റുപാടുകളെ പറ്റി എഴുതിയിരുന്ന മൃണാൾ ചക്രബർത്തി എന്ന ആ എഴുത്തുകാരൻ ഇന്നില്ല, വാർദ്ധക്യം ആ കൈകളെയും ബാധിച്ചിരിക്കുന്നു. പക്ഷേ ജനങ്ങൾ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നു. ചോട്ടുവിന്റെ നിർബന്ധ പ്രകാരം മൃണാൾ ദാ കുറെ നാളുകളായി ആ വാരികയെയും എഴുത്തുകാരനെയും പറ്റിയുള്ള അന്വേഷണത്തിലാണ് പക്ഷേ അങ്ങനെ ഒരു വാരികയോ എഴുത്തുകാരനോ ബംഗാളിലില്ല എന്നാണ് ദാ കണ്ടെത്തിയത്. പലവട്ടം അവനെ അത് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും ചോട്ടു അവന്റെ അന്വേഷണം തുടർന്ന് കൊണ്ടേയിരുന്നു.

പെട്ടെന്ന് തോറ്റു കൊടുക്കുന്ന ഒരു മനസല്ല അവന്റേതെന്ന് അദ്ദേഹത്തിന് മനസിലായി. പതിവ് പോലെ ഇന്നും സ്വദേശിനെ പറ്റി എന്തോ പുതിയ കണ്ടുപിടുത്തവുമായി എത്തിയതാണ് ചോട്ടു. അതാണ് ദായെ ചൊടിപ്പിച്ചത്. അവനെ തന്നെ നോക്കി ഇരിക്കുമ്പോഴാണ് വെയ്റ്റർ കാപ്പിയുമായി വന്നത്. ഒരു കപ്പ് കാപ്പി ചോട്ടുവിന്റെ നേർക്ക് നീട്ടി ദാ ചോദിച്ചു,

‘ആട്ടെ, എന്താണ് ഇന്നത്തെ പുതിയ കണ്ടുപിടുത്തം’ അവന്റെ മുഖം ചെറുതായൊന്ന് തെളിയുന്നത് കണ്ട്, മൃണാൾ ദാ ചിരിച്ചു. ‘ഇതൊന്ന് നോക്കൂ’, അവൻ ഒരു പഴകിയ പേപ്പർ മൃണാൾ ദായ്ക്കു നേരെ നീട്ടി. ‘സ്വദേശ് എഴുതിയ ലേഖനമാണ്, ശാന്തിനികേതനിൽ ഉള്ള ഒരു സുഹൃത്താണ് ഇതെനിക്ക് തന്നത്’, ദാ ആ പേപ്പർ വാങ്ങി വായിക്കാൻ ആരംഭിച്ചു. അക്ഷരങ്ങൾ അത്ര വ്യകതമല്ല, പേപ്പറിന്റെ പഴക്കംവച്ച് ഒരു പാട് കാലം മുന്നേ എഴുതിയതാണ്. മുകളിൽ ജൻ മിത്ര എന്ന് കുറിച്ചിരുന്നു, ചോട്ടുവിന്റെ കണ്ണിലെ തിളക്കം ദാ ശ്രദ്ധിച്ചു വലിയ എന്തോ ഒരു കാര്യം സാധിച്ചമട്ടുണ്ട് അവനെ കണ്ടാൽ. ചോട്ടു അദ്ദേഹത്തെ തന്നെ നോക്കി ഇരുന്നു, വായിച്ചു കഴിഞ്ഞു കുറച്ചു നേരം ദാ ഒന്നും പറഞ്ഞില്ല, ചോട്ടു അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു.

‘ദാദാ, എന്തുപറ്റി’; അവന്റെ ചോദ്യം കേട്ടു ഒന്നാലോചിച്ച ശേഷം ദാ പറഞ്ഞു, ‘ഇത്രയും ശക്തമായ ഭാഷയിൽ ഒരു ലേഖനം അടുത്ത കാലത്തു ഞാൻ വായിച്ചിട്ടില്ല. എത്ര കൃത്യമായിട്ടാണ് ഈ സമൂഹത്തെ അയാൾ ഈ വാക്കുകളിൽ വിവരിച്ചിരിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്, വർഷങ്ങൾ പഴക്കം ഉണ്ട് ഈ പേപ്പറിനും ഈ എഴുത്തിനും, പക്ഷേ ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളെ പറ്റിയാണ്, അതെങ്ങനെ സംഭവിച്ചു. ദായുടെ സംശയം കണ്ടു ചോട്ടുവിനുചിരി വന്നെങ്കിലും അവനത് പുറത്തു കാണിച്ചില്ല. ചോട്ടു ആ പേപ്പർ മൃണാൾ ദായുടെ കയ്യിൽ നിന്ന് മേടിച്ചു,

‘ഞാൻ ഇത് വായിച്ചു നോക്കാതെയാണ് ദാദയുടെ അടുത്ത കൊണ്ടുവന്നത്, ഇനിയിപ്പോ ഞാൻ പറയുന്നത് ദാദാ വിശ്വസിക്കുമല്ലോ അല്ലെ? ‘ അവന്റെ ചോദ്യത്തിന് മറുപടി പറയാതെ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു മൃണാൾ ദാ. അവൻ തുടർന്നു, ‘ഞാൻ ഒന്ന് കൂടി അന്വേഷിക്കട്ടെ, അയാളെ കണ്ടെത്താൻ കഴിയുമോ എന്ന്, നാളെ കാണാം ദാദാ’ ചോട്ടു പോകുന്നതും നോക്കി മൃണാൾ ദാ അവിടെ ഇരുന്നു, സ്വദേശിനെ കണ്ടു പിടിക്കുക ഇനി തന്റെ കൂടി ആവശ്യമാണ്. മൃണാൾ ചക്രബർത്തി എന്ന ആ പഴയ എഴുത്തുകാരൻ ഇനിയും മരിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് തോന്നി.

പിറ്റേന്ന് കോഫി ഹൗസിൽ ഇരിക്കുമ്പോൾ ദാ വല്ലാതെ അസ്വസ്ഥനായിരുന്നു. വാതിൽ കടന്ന് ഏതു നിമിഷവും ചോട്ടു വരാം എന്ന് അദ്ദേഹത്തിന് തോന്നി. സ്വദേശിനെ പറ്റി കൂടുതൽ എന്തെങ്കിലും അറിഞ്ഞു കാണുമോ? അയാളെ കണ്ടെത്താൻ കഴിഞ്ഞാൽ അത് തന്റെ ഉള്ളിൽ മരിക്കാതെ കിടക്കുന്ന ആ എഴുത്തുകാരന്റെ വിജയം ആയിരിക്കും. പക്ഷേ ചോട്ടു വന്നില്ല, കാത്തിരുന്നു അക്ഷമനായ മൃണാൾ ദായെ തേടി ഒരു ചെറുപ്പക്കാരൻ വന്നു, അയാളുടെ കയ്യിൽ ഒരു പേപ്പർ ഉണ്ടായിരുന്നു അത് മൃണാൾ ദായുടെ നേരെ നീട്ടി, ‘ഇത് ദാദക്ക് തരാൻ സൻഗുപ്ത് തന്നതാണ്’, അയാൾ പറഞ്ഞു. ആ പേപ്പർ വാങ്ങുമ്പോൾ ‘സൻഗുപ്ത്’ ആരാണ് എന്നതായിരുന്നു മൃണാൾ ദായുടെ ചിന്ത, എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ യുവാവ് അവിടെ നിന്ന് പോയിരുന്നു. പേപ്പർ നിവർത്തി വായിച്ച മൃണാൾ ദാ അക്ഷരാർത്ഥത്തിൽ ഞെട്ടി,

‘ചിന്തകൾക്ക് തീപിടിച്ച ഒരു സമൂഹം ഉണ്ടായിരുന്നു, അതിന്നെവിടെ?

വിപ്ലവം പ്രസംഗത്തിൽ അല്ലാതെ പ്രവർത്തിയിൽ കാണിച്ചിരുന്ന സഖാക്കളിന്നെവിടെ?

ദേശഭക്തിയുടെ മുറവിളികൾക്കിടയിൽ, മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്ന ആ നല്ല കാലമിന്നെവിടെ?

തൂലികയുടെ ശക്തി മനസിലാക്കിയ നിന്നിലെ ആ എഴുത്തുകാരനിന്നെവിടെ?

-സ്വദേശ് -‘

തനിക്ക് നേരെ ഉള്ള വിമർശനമായിട്ടാണ് മൃണാൾ ദാ സ്വദേശ് എഴുതിയ ഈ വരികളെ കണ്ടത്. സൻഗുപ്ത് ആരാണ്? അയാളെന്തിനാണ് ഈ പേപ്പർ എനിക്ക് തരാൻ പറഞ്ഞത്, ചോട്ടു എവിടെ? ഇനി അവൻ തന്നെയാണോ ഈ സൻഗുപ്ത് താൻ ഒരിക്കലും അവന്റെ ശരിയായ പേര് ചോദിച്ചിട്ടില്ല, ചോട്ടു എന്ന് അവനെ സ്‌നേഹത്തോടെ വിളിച്ചതാണ്. ഇങ്ങനെ ഒരുപാടു ചിന്തകളോടെ കസേരയിൽ നിന്ന് എഴുന്നേറ്റ മൃണാൾ ദായുടെ കയ്യിൽ നിന്ന് ആ പേപ്പർ താഴെ വീണു, അതെടുക്കാൻ തുടങ്ങവേ പെട്ടെന്ന് വീഴാൻ പോവുന്നത് പോലെ അദ്ദേഹത്തിന് തോന്നി. ബോധം വരുമ്പോൾ അദ്ദേഹം സ്വന്തം കിടപ്പു മുറിയിൽ ആയിരുന്നു. കട്ടിലിൽ എഴുന്നേറ്റിരുന്ന അദ്ദേഹം മുറിയാകെ ഒന്ന് സൂക്ഷിച്ചു നോക്കി, മുറിയിൽ വെളിച്ചം വീഴുന്നുണ്ട് മേശയിൽ പേപ്പർ വലിച്ചു വാരി ഇട്ടിരിക്കുന്നു, കനപ്പെട്ട ഒരു ഉറക്കമായിരുന്നു മൃണാൾ ദാ വിചാരിച്ചു.

സ്വപ്നത്തിൽ കണ്ട കാര്യങ്ങളൊക്കെ നല്ല തെളിച്ചത്തിൽ തന്റെ മനസിൽ ഉണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായി. മേശയുടെ അടുത്ത ചെന്ന അദ്ദേഹം അവിടെ നിന്ന് ഒരു പേപ്പർ എടുത്തു, സ്വദേശിന്റെ വരികളാണ് അതിൽ. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ആ പേപ്പറുമായി ഫോണിനടുത്തേക്ക് നടന്നു. മറുതലക്കൽ നിന്ന് മറുപടി വരും മുൻപ് മൃണാൾ ദാ പറഞ്ഞു തുടങ്ങി,

‘ദേബാശിഷ്, നാളെ മുതൽ നമ്മുടെ വാരിക വീണ്ടും പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്, പുതിയ പേരോടെ ‘ജൻ മിത്ര’, ‘പക്ഷേ ദാദാ’, ദേബാശിഷ് പറഞ്ഞു തുടങ്ങും മുൻപ് മൃണാൾ ദാ പറഞ്ഞു ‘എനിക്കാണ് ദേബാ വയസായത്, എന്റെ പേനക്കല്ല’, ഫോൺ കട്ട് ചെയ്തു മൃണാൾ ദാ സ്വദേശ് എഴുതിയ വരികൾക്ക് ഒരു
തലക്കെട്ടു എഴുതി ‘മൃതസഞ്ജീവനി’.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Story, Mrithasanjeevani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here