ഇന്നത്തെ പ്രധാന വാർത്തകൾ (01-08-2020)

todays news headlines august 1

സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് രണ്ട് കോടി

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ തട്ടിയെടുത്തു. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള പണമാണ് തട്ടിയെടുത്തത്. മാസങ്ങൾക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചു.

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യലിസ്റ്റ് നേതാവും ഉൾപ്പെടുന്നു.

‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ

പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു.

തെളിവെടുപ്പിനിടെ കിണറ്റിൽ ചാടി; മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്

പത്തനംതിട്ട കുടപ്പനയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ ചാടുകയായിരുന്നു. മഹസർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

സോഷ്യലിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി. ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് എസ്‌ഐ മരിച്ചു; സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Story Highlights todays news headlines august 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top