പാകിസ്താന് ബാറ്റിംഗ് തകർച്ച; പ്രതീക്ഷ ബാബർ അസമിൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിനം പാകിസ്താന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 126 എന്ന നിലയിലാണ്. 60 റൺസെടുത്ത ആബിദ് അലിയാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മഴ കാരണം 45.4 ഓവറുകളേ ഇന്ന് എറിയാനായുള്ളൂ.
Read Also : വോക്സും ബട്‌ലറും രക്ഷകരായി; മോശം തുടക്കം ക്ലൈമാക്സിൽ പരിഹരിച്ച് ഇംഗ്ലണ്ട്; ജയം മൂന്നു വിക്കറ്റിന്
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ തിരിച്ചടിയോടെയാണ് തുടങ്ങിയത്. ഓപ്പണർ ഷാൻ മസൂദിനെ (1) ജെയിംസ് ആൻഡേഴ്സൺ വിക്കറ്റിനു മുന്നിൽ കുരുക്കുമ്പോൾ സ്കോർബോർഡിൽ വെറും 6 റൺസ്. രണ്ടാം വിക്കറ്റിൽ ആബിദ് അലി-അസ്‌ഹർ അലി കൂട്ടുകെട്ടിൻ്റെ രക്ഷാപ്രവർത്തനം. ഇരുവരും ചേർന്ന് 72 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തി. 20 റൺസെടുത്ത അസ്‌ഹർ അലിയെ റോറി ബേൺസിൻ്റെ കൈകളിലെത്തിച്ച ജെയിംസ് ആൻഡേഴ്സൺ വീണ്ടും പാകിസ്താനെ സമ്മർദ്ദത്തിലാക്കി. മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ആബിദ് അലി ഏറെ വൈകാതെ മടങ്ങി. 60 റൺസെടുത്ത ആബിദിനെ സാം കറൻ്റെ പന്തിൽ റോറി ബേൺസ് പിടികൂടുകയായിരുന്നു. ആസാദ് ഷഫീഖ് (5), ഫവാദ് ആലം (0) എന്നിവർ സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ പുറത്തായി. ആസാദിനെ സ്റ്റുവർട്ട് ബ്രോഡ് ഡോമിനിക് സിബ്‌ലിയുടെ കൈകളിൽ എത്തിച്ചപ്പോൾ ഫവാദ് ക്രിസ് വോക്സിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. നിലവിൽ ബാബർ അസം (25), മുഹമ്മദ് റിസ്‌വാൻ (4) എന്നിവരാണ് ക്രീസിൽ.
Read Also : സാമൂഹിക അകലം പാലിച്ചില്ല; ഹഫീസിനെതിരെ നടപടി
ആദ്യ മത്സരത്തിൽ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ജോസ് ബട്‌ലർ, ക്രിസ് വോക്സ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് ആണ് മത്സരത്തിലെ താരം.
Story Highlights – pakistan lost 5 wickets vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here