കവി ചെമ്മനം ചാക്കോയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

chemmanam chakko

കവി ചെമ്മനം ചാക്കോയുടെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്. സാധാരണക്കാരുടെ പ്രിയ കവിയായിരുന്ന ചെമ്മനം ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനമാണ് നടത്തിയത്. ലളിതമായിരുന്നു ആ കവിതകൾ.

ആക്ഷേപഹാസ്യം കവിതയിലൂടെ ഇത്രമേൽ ശക്തിയുക്തം ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ ഇല്ല തന്നെ. എന്നും സാധാരണക്കാരുടെ കവിയായിരുന്നു ചെമ്മനം ചാക്കോ. കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പിൻഗാമി എന്ന സ്ഥാനത്തിന് പരിപൂർണ്ണ യോഗ്യൻ. അതീവ ലളിതമായ ഭാഷാശൈലി. രൂക്ഷമായ സാമൂഹിക വിമർശനം. അധികാര വർഗത്തിന്റെ ഗർവിനോട് വല്ലാതെ കലഹിച്ചുകൊണ്ടുള്ള രചനകൾ.

കോട്ടയം മുളക്കുളത്ത് ചെമ്മനം കുടുംബത്തിൽ വൈദികനായ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926
മാർച്ച് 7 ന് ജനിച്ച ചെമ്മനം ചാക്കോ മലയാളത്തിന് സമ്മാനിച്ചത് ഒരായിരം ആക്ഷേപഹാസ്യ കവിതകൾ.

സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മ അതിനിശിതമായി വിമർശിച്ച് ചെമ്മനം ചാക്കോ എഴുതിയ ‘ആളില്ലാകസേരകൾ’ എന്ന കവിത ചെറിയ കോലാഹലമൊന്നുമല്ല സൃഷ്ടിച്ചത്.

‘കൈയിലെ കാശും കൊടുത്തീവിധം തേരാപാരാ..വയ്യെനിക്കേജീസ് ഓഫീസ് കയറുവാൻ ഭഗവാനേ…’എന്ന വരികൾ അധികാരികളുടെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്തത് ചരിത്രം.

മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്‌സ് ബിരുദധാരി, പ്രഗത്ഭനായ അധ്യാപകൻ, കേരള സർവകലാശാലയിലെ കരുത്തനായ പ്രസിദ്ധീകരണ വിഭാഗം മേധാവി, ചെമ്മനം ചാക്കോ അങ്ങിനെ പലതുമായിരുന്നു. മുക്കാൽ നൂറ്റാണ്ടോളം നീണ്ട കാവ്യസപര്യ, നൂറുകണക്കിന് പുരസ്‌കാരങ്ങൾ, ചെമ്മനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഹാസ്യകവിയല്ല; വിമർശന ഹാസ്യകവിയായിരുന്നു…പ്രതിബദ്ധതയുടെ യഥാർത്ഥ ആൾരൂപം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top