ആൺ നദി

..

ജസ്ന താഷിബ്/കവിത

ഗൃഹനാഥയാണ് ലേഖിക

നിങ്ങളൊരു
പുരുഷൻ
കരയുന്നത് കണ്ടിട്ടുണ്ടോ?

അത്രയും
ആഴത്തിൽ
ആഘാതമേൽക്കാതെ
അവന്റെയുള്ള്
മേഘാവൃതമാവാറില്ല.

അന്നേരമവന്റെ
മിഴികളിലെ
രക്തഛവി നോക്കിയിരുന്നിട്ടുണ്ടോ?

എത്ര വട്ടം
കരളു കൊത്തിവലിച്ചിട്ടാവും
അതങ്ങനെ
ചുവന്ന് പോയത്!

ഉദരത്തിൽ
പേറിയതിനാണോ
വെയിൽ തിന്ന് തിന്നൊരഛന്റെ
വിയർപ്പുണ്ട് വളർന്നതിനാണോ
അവനുത്തരം
പറയേണ്ടത്!

താഴോട്ടും
മേലോട്ടുമുഴിയാനാവാതെ
ബന്ധങ്ങൾക്ക്
മുമ്പിൽ
തല കുനിക്കേണ്ടി വന്നത്!

പെൺ മനം പോലെ
ആർത്തലച്ചു പെയ്യാൻ
അനുവദിക്കാത്ത
സങ്കടങ്ങളെ
ഹൃദയത്തിനുള്ളിൽ
ആഴ്ത്തിയിട്ട്
പതറിപ്പിടഞ്ഞ്
നോക്കിയത്.

നിശ്വാസങ്ങളുടെ
ഉൾ ചൂടിലേക്ക്
പ്രിയതരമായെത്തുന്ന
കാറ്റിന്റെ മാറിൽ
കുളിർന്നുറങ്ങുവാൻ
കൊതിയോടെ
കാത്തു കാത്തിരുന്നത്!

ഒടുവിൽ
വാർദ്ധക്യം മൂത്ത
വൃദ്ധനെ പോലെ
നിരാശ ഭക്ഷിച്ച്
മെലിഞ്ഞ് പോയ
പ്രതീക്ഷകളിൽ
പതിരു പൂക്കുമ്പോഴാവണം
അതിലൊരു തുള്ളി നീര്
പൊടിയുന്നത്.

ഒരൊറ്റ
നെൽകതിരിന്
വിശന്ന് വലയുന്നൊരുവന്റെ
ആത്മാവ്
എന്തു മാത്രം
വേദനിച്ചാവണം
കണ്ണിണകൾ
കലങ്ങിത്തുളുമ്പിയത്.

നമ്മളിടങ്ങളിൽ
പെണ്ണിനെപ്പോലെ
ഒരാണ് കരയാനൊരുമ്പെട്ടാൽ
കുലംകുത്തിയൊഴുകുന്ന
നദികളെല്ലാം
പണ്ടേ ചുവന്ന് പോയേനെ!

Story Highlights Readers Blog, Aan Nadhi, Poem

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top