Advertisement

നവഭാവുകത്വത്തിന്റെ വക്താവ്; ഡോ. യുആർ അനന്തമൂർത്തിയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്

August 22, 2020
Google News 1 minute Read

ഡോ. യുആർ അനന്തമൂർത്തി ഓർമയായിട്ട് ആറ് വർഷം. കന്നഡ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ അനന്തമൂർത്തി മലയാളികൾക്കും ഏറെ സുപരിചിതനായിരുന്നു.
ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി എന്ന ഡോ. യു.ആർ അനന്തമൂർത്തി കന്നഡ സാഹിത്യത്തിലെ നവഭാവുകത്വത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായിരുന്നു.

സംസ്‌കാര, ഭാരതിപുര, ഭാവ, അവസ്ഥ തുടങ്ങിയ നോവലുകൾ ക്ലാസിക് ഗണത്തിൽപ്പെടുത്താവുന്നവയാണ്. ഇതിൽ ഭാരതിപുര 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു. ആറ് നോവലുകളും അത്രതന്നെ കഥാസമാഹാരങ്ങളും ഡൈ.ബി.യീറ്റ്സിന്റെ പതിനേഴ് കവിതകളുടെ തർജമയും ഡോ. യു.ആർ അനന്തമൂർത്തിയുടേതായിട്ടുണ്ട്. ഇതിനുപുറമെയാണ് സാഹിത്യ വിമർശനത്തിലും നാടകരചനയിലുമുള്ള ആധികാരികമായ ഇടപെടലുകൾ.

മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബർമിങ്ഹാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അനന്തമൂർത്തി മൈസൂർ സർവകലാശാലയിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 മുതൽ 91 വരെ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച അനന്തമൂർത്തി മലയാളികൾക്ക് സുപരിചിതനായിരുന്നു. എം.ജി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറെന്ന ഖ്യാതിയും ഡോ.യു.ആർ.അനന്തമൂർത്തിക്കുള്ളതാണ്. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സർവകലാശാലകളിൽ ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

1994ൽ ജ്ഞാനപീഠവും 98ൽ പത്മഭൂഷണും സമ്മാനിച്ച് രാജ്യം ഡോ. യു.ആർ അനന്തമൂർത്തിയെ ആദരിച്ചു. മികച്ച കഥാകൃത്തിനും സംഭാഷണ രചയിതാവിനുമുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ യു.ആർ അനന്തമൂർത്തിയെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ രാജ്യം വിടുമെന്ന ഡോ. യു.ആർ അനന്തമൂർത്തിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. 2004ൽ ബിജെപിക്കെതിരെ കർണാടകയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട ചരിത്രവും യു.ആർ.അനന്തമൂർത്തിക്കുണ്ട്.

കന്നഡ സാഹിത്യത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവ്, മതേതരവാദി, സോഷ്യലിസ്റ്റ്, ഉത്പതിഷ്ണു എന്നതിനെല്ലാമപ്പുറം ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപകനായാണ് ഡോ. യു.ആർ അനന്തമൂർത്തി ഓർമിക്കപ്പെടുന്നത്.

Story Highlights -memory of Dr, UR Anantha moorthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here