Advertisement

ഇന്നലെ മഴയായിരുന്നു

August 26, 2020
Google News 3 minutes Read

..

ജയൻ കാർത്തികേയൻ/കഥ

ഫ്‌ളവേഴ്‌സ് ടിവിയിൽ ക്യാമറാമാനാണ് ലേഖകൻ

‘ഇന്നലെ മഴയായിരുന്നു’ അമ്മപറയുന്നതുകേട്ടു. ഉദയസൂര്യന്റെ പൊൻകിരണങ്ങൾ കണ്ണിനെ തലോടിത്തുടങ്ങിയപ്പോൾ ഉറക്കം മുറിഞ്ഞു. എഴുന്നേറ്റയുടൻ എല്ലാ യൂത്തന്മാരെയും പോലെ മൊബൈൽ നോക്കി. ഇന്നലത്തെ ഫിറ്റിന്റെ പുറത്ത് ആരെയൊക്കെ വിളിച്ചു വെറുപ്പിച്ചു എന്നുനോക്കണം. ,
അതങ്ങനെയാ, രണ്ടെണ്ണം അകത്തുചെന്നാൽ മിക്കവാറും ആളുകൾ നേരിടുന്ന പ്രോബ്ലെമാണിത്.
മനസ്സിലെ ഈഗോ, പറയാൻ മറന്ന ഇഷ്ടങ്ങൾ, വിളിക്കാൻ മറന്ന ചീത്തകൾ ഇവയൊക്കെ രണ്ടെണ്ണം അടിച്ചാലേ പുറത്തുവരൂ. പക്ഷെ കെട്ടിറങ്ങുമ്പോഴാണ് നിരാശയും ഒരുതരം പശ്ചാതാപവും.

ഇന്നലെ നല്ലൊരു പെൺസുഹൃത്തിനെ പ്രൊപ്പോസ് ചെയ്ത് അവളെയും വെറുപ്പിച്ചു. കാമുകിയെ ഇപ്പോ വിളിക്കുന്നതൽപ്പം കുറവാണ്. പാവം അവൾ ഇതൊക്കെ അറിയുന്നുണ്ടോ? ക്ഷീണമാണ് നേരത്തേ കിടക്കുവാണെന്നാണ് അവളോട് പറഞ്ഞത്. അടിച്ചു ഫിറ്റായി കിടക്കുവാണെന്ന് അവളുണ്ടോ അറിയുന്നു? തത്ക്കാലം ഫോണിന് എനർജി കൊടുക്കട്ടെ.

നല്ല കട്ടൻ ചായയ്ക്ക് തലേദിവസത്തെ ഹാങ്ങ്ഓവർ മാറ്റാൻ കഴിയില്ല. പക്ഷെ ഓർമ്മകളെ തിരികെ കൊണ്ടുവരാൻ പറ്റും. ആസ്ഥാന കാമുകിയെ ഇന്ന് കാണാമെന്ന് പറഞ്ഞത് ഇപ്പോ ഓർമ്മ വന്നു. പഴയ കാമുകിയെ തേച്ചതിൽ പിന്നെ നോക്കിയും കണ്ടുമാണ് പ്രേമിക്കുന്നത്. തേപ്പ് ഒരു പുത്തരി അല്ലാത്തതുകൊണ്ടും, തേപ്പന്മാരുടെ കൂടെ ഫുൾ ടൈം ഉള്ളതുകൊണ്ടും അങ്ങനെ ആരും നമ്മളെ തേയ്ക്കില്ല.

ഒരു കവിൾ കട്ടൻ ചായ പകുതി ഇറക്കി. പഴയ കാമുകിയെ ഓർത്താൽ അങ്ങനാ. ഈ കട്ടൻ പോലെ പകുതി മധുരം, പകുതി കടുപ്പം. ങ്ഹാ, അങ്ങനെ ഒരു കാലം. തെറ്റ് പറയാൻ പറ്റില്ല. ജോലി ഇല്ലാതെ എത്ര നാൾ അവളുടെ ചിലവിൽ പുട്ടടിക്കും …?

പ്രേമം എന്ന് എനിക്കതിനെ വിളിക്കാമോ എന്നറിയില്ല, അവൾക്കു അവസാനം തോന്നിക്കാണും കട്ടപ്പനയിലെ ഹൃതിക് റോഷനും, ഹോളിവുഡിലെ ഐശ്വര്യാറായിയും ചേരില്ലാന്ന്. നൈസായിട്ട് അവളങ്ങു ഊരി. എന്നിട്ട് ഒരു ഉപദേശവും. ഇതിന്റെ പേരിൽ കള്ളുകുടിച്ച് നടക്കരുതെന്ന് (പിന്നെ കള്ള് പാലക്കാടൻ ഗുളിക കലക്കിയ കള്ള് ആർക്കുവേണം. ഞങ്ങളുടെ ഗവൺമെന്റ് നല്ല ഒന്നാന്തരം സ്പിരിറ്റിൽ രണ്ടുദിവസം കൊണ്ടുണ്ടാക്കുന്ന സാധനമുണ്ട്. ജവാൻ, അതടിക്കും)

ദോഷം പറയരുതല്ലോ, അവളുടെ നാവു പൊന്നായി. മദ്യപിക്കാൻ അങ്ങനെ ഒരുകാരണം കൂടി.
ദേ, കട്ടൻ തീർന്നു. ആസ്ഥാന കാമുകിയെ കാണണം. ഒന്ന് റെഡിയാകട്ടെ. ബസ് സ്റ്റോപ്പിലേക്കുള്ള ഈ നടത്തം തന്നെ ഒരു സുഖമാണ്. (അങ്ങനെ സുഖമില്ലാതിരിക്കും. സ്‌കൂൾ ടൈം അല്ലേ) നല്ല സുന്ദരി പിള്ളേരെ കണ്ടു നടക്കാം.

ബസിൽ തിരക്കുണ്ടെങ്കിലും ഒരു സൈഡിൽ നിൽക്കാൻ പറ്റി. ഈ കണ്ടക്ടർമാരെ സമ്മതിക്കണം, ചില്ലറ പരിഹരിക്കാനാ ചാർജ് 7 ആക്കിയത്, മൂന്ന് രൂപ ഇറങ്ങുമ്പോൾ തരാമെന്ന്, നമ്മൾ 10 രൂപ ഒപ്പിക്കുന്നതു തന്നെ എന്തുകഷ്ടപ്പെട്ടാ…?

ഹോ സീറ്റ് കിട്ടി, അതും വിൻഡോ സീറ്റ്. പുറത്തേക്ക് നോക്കിയിരുന്നാൽ എന്താ രസം. നടക്കാത്ത കുറെ സ്വപ്നങ്ങൾ കാണാം, വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുന്നത് കാണാം, ബസിൽ നല്ല സുന്ദരിമാരുണ്ടെങ്കിൽ അവരെ ഒളികണ്ണിട്ടു നോക്കാം. അതാണ് മിക്കവാറും എല്ലാ യൂത്തന്മാരും വിൻഡോ സീറ്റ് തെരഞ്ഞെടുക്കുന്നത്. അങ്ങനെ ആയിരിക്കും അല്ലെ…?

യൂസഫലിയും ഇങ്ങനെ ബസിൽ പോയി കണ്ട സ്വപ്നമായിരിക്കും ഈ ലുലുമാൾ, അല്ലെ? ഏതായാലും ഞാൻ അവിടെ എത്തി. അവൾ എത്തുന്നതേയുള്ളൂ. ജോലിക്കാരാണിവിടെ, അവർക്കൊക്കെ എന്തൊക്കെ സ്വപ്നങ്ങളുണ്ടാകും സാധിക്കാൻ. എത്രയോ തിരക്കാണിവിടം. എന്തിനാ ആളുകൾ ഇത്ര തിടുക്കം കാണിക്കുന്നത്. ങ്ഹാ, എന്തെങ്കിലുമാകട്ടെ, ഫുഡ് കോർട്ടിൽ വെയിറ്റ് ചെയ്യാം. രാവിലെ തന്നെ കുറെ ഇണക്കുരുവികൾ ക്ലാസ് കട്ട് ചെയ്ത് വന്നിരുപ്പുണ്ട്. അവരായി, അവരുടെ പാടായി. നാട്ടുകാർക്കൊരു ശല്യമാവാതിരുന്നാൽ മതി. എന്റെ ഉള്ളിലെ സദാചാര പൊലീസ് ഉണർന്നു. ഞാൻ ലുലുമാളിൽ രാമായണപാരായണത്തിനാണല്ലോ വന്നത്.

അവൾ അതുവഴി നടന്നു വരുന്നുണ്ട്. ആദ്യം കണ്ടപ്പോഴും ഇവൾ ഇങ്ങനെ നടന്നു വരുകയായിരുന്നു. ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. വന്നു കയറിയത് ഈ ഹൃദയത്തിലേക്കാണ്. ഇറക്കാൻ പറ്റാത്തവണ്ണം ലോക്ക് ആയി. അവിടെ ഇരിക്കട്ടെ എന്ന് ഞാനും കരുതി. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ആ സങ്കടം പറയാൻ വരുന്നതായിരിക്കും. അവളെന്നോട് ചോദിച്ചു. ‘ഏട്ടൻ വല്ലതും കഴിച്ചോ?’

‘ഇല്ലടി, നീ വന്നിട്ടാകാമെന്നു കരുതി’. പൈസയൊക്കെ ഉണ്ടല്ലോ അല്ലെ? അവൾ കളിയാക്കി ചിരിച്ചു. ഫുഡ് കോർട്ടിൽ നല്ല കാശാണേ, ഫുഡ് ഒരുവകയ്ക്കുകൊള്ളില്ലെങ്കിലും.

പതിവ് പോലെ കല്യാണ പ്രശ്‌നമാണ് അവൾ പറഞ്ഞു തുടങ്ങിയത്. ‘നീ പേടിക്കണ്ട നമുക്ക് മുടക്കാം’. അവളെ ആശ്വസിപ്പിച്ചു. ‘ഇങ്ങനെ മുടക്കി നടന്നാൽ മതിയോ? നമുക്ക് കെട്ടണ്ടേ?’, അവൾ ചോദിച്ചു.

ഇനി ഒരു പടം കാണണം. നല്ലൊരു റൊമാന്റിക് മൂവീ. നല്ല മഴയത്തു നായകനും നായികയും കൂടി പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു. ഞാനും അവളും നായകനും നായികയുമായി. മുഖത്തേക്ക് നല്ല കാറ്റടിക്കുന്ന സുഖം. ഞങ്ങളുടെ റൊമാൻസിന് തടmമിട്ട് ഒരു ശബ്ദം. ‘ഡാ.. എണീക്കടാ നേരം വൈകി.

അമ്മയുടെ കാതടപ്പിക്കുന്ന ശബ്ദം. ഞാൻ ഞെട്ടിയുണർന്നു ജനലിലൂടെ പുറത്തേയ്ക്കു നോക്കി. ഇന്നലെ പെയ്തമഴയിൽ അയയിലെ ഡ്രസ് മുഴുവൻ നനഞ്ഞു കിടക്കുന്നു. ദൈവമേ അപ്പൊ ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നോ..?

അപ്പുറത്ത് ആരോടോ അമ്മ പറയുന്നത് കേട്ടു…’ഇന്നലെ മഴയായിരുന്നു …!’

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Innale mazhayayirunnu, story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here