ഇന്നത്തെ പ്രധാന വാർത്തകൾ (14-09-2020)

todays news headlines September 14

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബിജെപി, യുവമോർച്ച, മഹിളാ മോർച്ച, എംഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്. വിവിധയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്ന് ഇഡി വിവരങ്ങൾ തേടി. ക്വാറന്റീൻ ലംഘിച്ച് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രണബ് മുർജിയ്ക്ക് പുറമേ പണ്ഡിറ്റ് ജസ് രാജ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. ഒരു മണിക്കൂറിന് ശേഷമാവും ഇനി സഭാ നടപടികൾ പുനഃരാരംഭിക്കുക.

സ്വപ്ന സുരേഷിന് 2018ൽ മന്ത്രി പുത്രൻ വിരുന്നൊരുക്കി; വിശദാംശങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ വിരുന്നൊരുക്കിയതായി കണ്ടെത്തൽ. മന്ത്രി പുത്രന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. വിരുന്നിന്റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടുകയാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ

രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ, വ്യാപാരികൾ, കുറ്റവാളികൾ അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഷാൻസെൻ ആസ്ഥാനമായ ഡാറ്റാ സ്ഥാപനമാണ് ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്. ഷെൻഹുവ ഡാറ്റ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡാണ് നിരീക്ഷിക്കുന്നത്.

ഡൽഹി കലാപക്കേസ് : ഉമർ ഖാലിദ് അറസ്റ്റിൽ

ഡൽഹി കലാപക്കേസിൽ മനുഷ്യാവകാശ പ്രവർത്തകനും, മുൻ ജെ.എൻ.യു നേതാവുമായ ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്പെഷ്യൽ സെൽ യൂണിറ്റ്, ഉമർ ഖാലിദിനെ ഇന്നലെ വിളിച്ചുവരുത്തിയത്.

Story Highlights todays news headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top