ഇന്നത്തെ പ്രധാന വാർത്തകൾ (29-09-2020)

headlines 29-10-2020

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങള്‍; 2000 പേര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2000 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 2750 രൂപയാണ് ഓരോ ആളില്‍ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്.

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു.

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐയുടെ കൊച്ചി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നാ സുരേഷ് അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചത് എങ്ങനെയെന്നതാണ് പരിശോധിക്കുന്നത്.

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മഞ്ചേരി മെഡിക്കൽ കോളജ്; റിപ്പോർട്ട് ഏകപക്ഷീയമെന്ന് കുടുംബം

ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോർട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ചു

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി മരിച്ചു. ഡൽഹി എയിംസിൽ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഡല്‍ഹി സഫദര്‍ജംഗ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. അതേസമയം കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും മലപ്പുറം കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.

Story Highlights news roundup, today’s headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top