ഇന്നത്തെ പ്രധാന വാർത്തകൾ (16-10-2020)
പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്; അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യം
പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി.
മന്ത്രിസഭാ തീരുമാനം മറികടന്ന് ഓഫിസ് മോടിപിടിപ്പിക്കൽ; അനുവദിച്ചത് ലക്ഷങ്ങൾ
മന്ത്രിസഭാ തീരുമാനം മറികടന്ന് ഓഫിസ് മോടിപിടിപ്പിക്കലിന് ലക്ഷങ്ങൾ അനുവദിച്ച് ഉത്തരവ്. വനിതാ കമ്മിഷന്റെ പുതിയ ഓഫിസ് ഇൻറീരിയർ വർക്കിന് 75 ലക്ഷവും വിജിലൻസ് ഓഫീസുകൾ മോടിപിടിപ്പിക്കാൻ 70 ലക്ഷവുമാണ് അനുവദിച്ചത്. ഉത്തരവുകളുടെ പകർപ്പ് ട്വൻറിഫോറിന് ലഭിച്ചു.
സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുത് : ചീഫ് സെക്രട്ടറി
മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി.
പാലായിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എൻസിപിയുടേതെന്ന് ടിപി പീതാംബരൻ മാസ്റ്റർ
പാലാ സീറ്റിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോൺഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എൽഡിഎഫിന് കൂടുതൽ സീറ്റുകിട്ടാൻ കേരള കോൺഗ്രസ് പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഫൈസൽ ഫരീദിനെ നാടുകടത്തുന്ന വിഷയം; അനുകൂലമായി പ്രതികരിക്കാതെ യുഎഇ
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ നാടുകടത്തുന്ന വിഷയത്തിൽ അനുകൂലമായി പ്രതികരിക്കാതെ യുഎഇ. ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. സ്വർണക്കടത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നു.
ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം തള്ളി ഇന്ത്യ
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം തള്ളി ഇന്ത്യ. എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ ഇന്ത്യ നിലപാട് അറിയിച്ചു ഭീകരവാദികൾക്ക് സഹായവും പ്രോത്സാഹനവും നൽകുന്ന പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ചർച്ചയും ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെയാണ് ഇന്ത്യ തള്ളിയത്.
Story Highlights – todays news headlines october 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here