Advertisement

തുലാവര്‍ഷം

October 24, 2020
Google News 1 minute Read

..

ജിജേഷ് ഗംഗാധരന്‍/ കഥ

(സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലകനാണ് ലേഖകന്‍)

അക്ഷരങ്ങള്‍ അതിന്റെ ശക്തി മുഴുവനും പേറി അലയടിക്കുകയാണ്. സൂര്യതാപം ഏറ്റ് കനം കൊണ്ട പകലിനെ നനുത്ത ഒരിളം കാറ്റ് തലോടി കടന്ന് പോയി. ഈറനുടുത്ത്, നനഞ്ഞ കാര്‍കൂന്തലില്‍ വാടാത്ത തുളസിക്കതിര്‍ അവള്‍ക്കിപ്പോഴുമുണ്ടായിരുന്നു.

ജാലകവാതിലിലൂടെ ഞാന്‍ കാണുന്നുണ്ട്, സൂര്യനെ ചുബിച്ച് കടന്ന് പോകുന്ന മേഖപാളികള്‍, അപരാഹ്നങ്ങളിലെവിടെയൊ ഒരു കൊലുസിന്റെ കൊഞ്ചല്‍ പോലെ, കണ്ണുകള്‍ കൊട്ടിയടയുന്നതിന് മുമ്പ് ഞാന്‍ കണ്ടു.. ആ വെള്ളി വെളിച്ചം .’ഒരിടിനാഥം’. ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നു.

ആകാശം, അതിന്റെ നിറം എത്ര പെട്ടന്നാണ് മാറുന്നത്. സൂര്യനെ പ്രണയിച്ച മേഖസുന്ദരികള്‍ കറുത്തിരുണ്ട് കാളീരൂപിണികളായി..

അവരുടെ ഹുങ്കാരത്തില്‍ എന്റെ ആരാമത്തിലെ പൂക്കളും, എന്റെ മനസും ഒരു പോലെ വിഹ്വലമായി. പാതയോരത്തുള്ള മുത്തച്ഛനാലിന്റെ ഇലകള്‍ തണ്ടില്‍ തന്നെ തങ്ങി നില്കാന്‍ പാടുപെട്ടു. കൊക്കൊമരത്തിന്റെ ചില്ലകളില്‍ കണ്ട അണ്ണാന്‍ കുഞ്ഞ് സൂര്യനെപ്പോലെ തന്നെ കാര്‍മേഖങ്ങള്‍ക്കിടയില്‍ ഒളിച്ചോ?

ദേവരാജനായ ഇന്ദ്രന്‍ തന്റെ വജ്രായുധം ഒരിക്കല്‍ കൂടി ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. ചാട്ടവാറടിയേറ്റ അടിമയെപ്പോലെ ഭൂമി ഒന്നു പിടഞ്ഞു…

പനിനീര്‍ പുഷ്പങ്ങള്‍ തന്റെ മന്ദഹാസം മറന്നു പോയെന്നു തോന്നുന്നു. അവരുടെ കണ്ണുകളില്‍ ഭീതിയുടെ മുറിപ്പാടുകള്‍.’ ഞാനും ഭയക്കുന്നു’.

വടക്ക് എവിടെയൊ കേട്ട ആ ആരവം ഇന്നെന്റെ മുന്നില്‍ ഒരു ജലമാരിയായി പെയ്തിറങ്ങുകയാണ്.
തുലാവര്‍ഷം അതിന്റെ എല്ലാ രൗദ്രഭാവത്തോടെയും വരുന്നു..

മുറ്റത്തെ പൊടിമണ്ണില്‍ തുള്ളിച്ചാടിയ തൊപ്പിക്കാരന്‍ ഒരൊഴുക്കിനോടൊപ്പം തൊടിയിലേക്ക് പോകുന്നു. ഈ മലവെള്ളപ്പാച്ചിലില്‍ മാലിന്യങ്ങളോടൊപ്പം ഒലിച്ചു പോയി അനേകം നന്മകളും. ഞാനെന്റെ മനസിനെ തുലാമഴയില്‍ നനയാനിട്ടിരിക്കുകയാണ്. ഈ മലവെള്ളപ്പാച്ചില്‍ എന്തെല്ലാം കൊണ്ടു പോകുമെന്നറിയില്ല.

എനിക്ക് ഇടിമിന്നല്‍ ഭയമായിരുന്നു. ഞാന്‍ ഒളിച്ച് നില്‍ക്കും. ഇന്ന് പേടിയൊഴിഞ്ഞു കാരണം ഒരുപാട് മിന്നലുകള്‍ കണ്ട് കഴിഞ്ഞു. വീണ്ടുമൊരു മിന്നല്‍… ഞാന്‍ ചിരിച്ചു.

പേമാരിയുടെ അവസാന യാമങ്ങളിലെപ്പോഴൊ തൊടിയിലെ മാവിന്റെ ഒരു ശിഖരം ഒടിഞ്ഞു വീണു. ചിറകൊന്നൊടിഞ്ഞിട്ടും ഇനിയും അനേകം ചിറകെനിക്കുണ്ട്.. ഞാന്‍ ഉയര്‍ന്ന് നില്ക്കും എന്ന് വെല്ലുവിളിക്കുകയാണ് മാവ്. അതുകണ്ട് ഭയന്നോ എന്നറിയില്ല, വര്‍ഷം തെല്ലൊന്നടങ്ങി.

അങ്ങ് പടിഞ്ഞാറു മാറി സന്ധ്യ മെല്ലെ ചിരിച്ചു. ചുവന്നു തുടുത്ത ആ ചിരി നാളത്തെ പ്രതീക്ഷയാണ്. ആരാമത്തിലെ പൂക്കള്‍ വാടിയെങ്കിലും നാളെ ഇനിയും വിടരുമെന്നുറപ്പാണ്. എന്റെ മനസും ചിരിച്ചു. മുറ്റത്ത് കുലംകുത്തിയൊഴുകിയ വെള്ളം നീര്‍ത്തോട്ടിലൂടൊലിച്ച് പോയി. കാമം നിറഞ്ഞ കണ്ണുകളാല്‍ സൂര്യനെ മറച്ച ഇരുണ്ടമേഖങ്ങള്‍, ഇണ ചേരുന്ന പാബുകളെപ്പോലെ പ്രക്ഷുബ്ദാവസ്ഥയിലെ നിര്‍വൃതിയിലെത്തി. അണ്ണാന്‍ കൊക്കോമരത്തിലിരുന്ന് മാവിന്റെ ഒടിഞ്ഞ ശിഖരം പരിശോധിക്കുകയാണ്, അവന്റെ ജീവിതം അവനോടൊപ്പമുണ്ട്.

പ്രക്ഷുബ്ദവും സംഘര്‍ഷഭരിതവുമായ ഒരനുഭവം കടന്ന് പോയി, പിന്നെയും എല്ലാം പഴയപോലെ തന്നെ.

സൂര്യന്‍ കിഴക്കുദിച്ചു, പകല്‍ സുന്ദരിയായിരുന്നു. ഈറനുടുത്ത്, നനഞ്ഞ കാര്‍കൂന്തലില്‍ വാടാത്ത തുളസിക്കതിര്‍ അവള്‍ക്കിപ്പോഴും ഉണ്ടായിരുന്നു..

മറ്റൊരു തുലാമഴക്കുള്ള കാത്തിരിപ്പ്…
മറ്റൊരു അനുഭവത്തിനുള്ള കാത്തിരിപ്പ്…

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights thulavarsham story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here