Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-10-2020)

October 27, 2020
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരം

കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് പിബി വിലയിരുത്തി. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന നിലപാട് സിപിഐഎം നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. 

നിയമസഭാ കയ്യാങ്കളി കേസ്; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം

നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസ്; മേൽനോട്ട ചുമതല അലഹബാദ് ഹൈക്കോടതിക്ക്

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസിൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനൊപ്പം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

കോപ്പിയടിക്കായി ഓരോ വിഷയങ്ങൾക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ; കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ

സാങ്കേതിക സർവകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതൽ കണ്ടെത്തലുകളുമായി സർവകലാശാല അധികൃതർ. നാല് കോളജുകളിൽ നിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകളാണ്.

നടി ഖുശ്ബു അറസ്റ്റിൽ

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

‘വാളയാർ കേസിൽ ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണം’; മുഖ്യമന്ത്രിക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയർമാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവൻ ഫേസ്ബുക്കിൽ കുറിച്ചു.

സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യം : അവദേഷ് കുമാർ

സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാർ ഘടകം സെക്രട്ടറി അവദേഷ് കുമാർ 24 നോട്. കോൺഗ്രസുമായി സഖ്യം ആകാം എന്ന കാര്യത്തിൽ ഒരു തർക്കവും പാർട്ടി നേരിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ തടയുക എന്നത് രാഷ്ട്രിയ ലക്ഷ്യമാകുമ്പോൾ ഇതിന് വിരുദ്ധമായി ഉയരുന്ന ഒരു വാദത്തിനും പ്രസക്തി ഇല്ലെന്നും അവദേഷ് കുമാർ 24 നോട് വ്യക്തമാക്കി.

ഹത്‌റാസ്; അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

ഹത്‌റാസ് ബലാത്സംഗക്കേസില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം അറിയിക്കും. 

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം. വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ചർച്ചയിൽ പങ്കെടുക്കും.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement