ഋതുമതി

..

ആതിര രാധാകൃഷ്ണന്‍/ കഥ

മിഡ്‌വെസ്റ്റ് ഫുഡ്‌സില്‍ ക്വാളിറ്റി കണ്‍ട്രോളറാണ് ലേഖിക

എത്ര പെട്ടന്നാണ് എല്ലാം മാറിയത് …
ഇന്നലെ വരെ പാറി പറന്നു നടന്നവള്‍ ,,,
പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ പോലെ ബന്ധനസ്ഥയായി… പെണ്ണായി ജനിച്ചാല്‍ എല്ലാവരും ഒരിക്കല്‍ ഇതുപോലെ ആകുമത്രേ ?

അമ്മു ജനലരികില്‍ വന്നു പുറത്തേക്കു നോക്കി… സൂര്യന്‍ പോയി മറയാന്‍ വെമ്പല്‍ കൊള്ളുന്നു… പക്ഷികള്‍ കൂടണയാന്‍ ചില്ല വിട്ടുയരുന്നു… പെട്ടെന്നു വീശിയ കാറ്റില്‍ മാവ് ഒന്നിളകി …വടക്കേ അറ്റത്തെ കൊമ്പില്‍ നിന്ന മാങ്ങ താഴേക്ക് വീണു ..അമ്മു മാങ്ങ പെറുക്കാനായി ഓടി …

എടീ ..പെണ്ണേ, നീ ഇതെങ്ങോട്ടാ ഇളകി ചാടി പോവണേ …?

ജാനകി അമ്മൂനെ തടഞ്ഞു കൊണ്ട് ചോദിച്ചു ….

ഞാന്‍ …മാ ..മാങ്ങ ..എടുക്കാന്‍ പോവാ …അവള്‍ വിക്കി വിക്കി പറഞ്ഞു

‘മാങ്ങ…തേങ്ങാ …കേറി പോടി അകത്തു.. നീന്നോടു പറഞ്ഞിട്ടില്ലെ കുട്ടിക്കളി മാറ്റിക്കോണം എന്ന്.. പ്രായമായ പെണ്ണ് ഇങ്ങനെ ചാടി നടക്കരുത്.. നിനക്ക് ആ മുറിയില്‍ പോയി ഇരുന്നൂടെ ..വെറുതെ തൊട്ടു അശുദ്ധമാക്കാന്‍ ..പോടി അകത്തു ..അരിശത്തോടെ ജാനകി പറഞ്ഞു …

അമ്മു ഓടി പോയി കട്ടിലില്‍ വീണു …അവള്‍ക്കു കരച്ചില്‍ അടക്കാനായില്ല …അവള്‍ തലയിണയില്‍ മുഖം അമര്‍ത്തി കരഞ്ഞു… കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ ഇങ്ങനെ ആയിരുന്നില്ല.. മിഴിനീര്‍ തുടച്ചു കൊണ്ട് അവള്‍ ഓര്‍ത്തു …

ലക്ഷ്മിയോടൊപ്പം മുല്ലപ്പൂ കോര്‍ക്കുവായിരുന്നു അമ്മു… ലക്ഷ്മിയും അമ്മുവും ചെറുപ്പം മുതലുള്ള കൂട്ടുകാരാണ്. സഹോദരിമാരെ പോലെയാണ് ഇരുവരും. ഇരുവരും ഏഴാം തരത്തില്‍ പഠിക്കുന്നു,

‘എടി …ഞാന്‍ ഇപ്പോ വരാട്ടോ …അമ്മു കൈയിലിരുന്ന പൂവുകള്‍ ഉമ്മറപ്പടിയില്‍ വെച്ച് കൊണ്ടു പറഞ്ഞു ..

‘ നീ എങ്ങട് പോവാ ..? ഞാനും വരുന്നു …ലക്ഷ്മി അമ്മുനോടൊപ്പം പോവാന്‍ എഴുന്നേറ്റു .

‘ഞാന്‍ ബാത്റൂമില്‍ പോവാ നീ വരണാ ..’..

ലക്ഷ്മിയെ കളിയാക്കി കൊണ്ട് അമ്മു പറഞ്ഞു .
‘ അയ്യേ ഞന്‍ എങ്ങുമില്ല നീ പൊക്കൊ …’
‘ ഉം …ഇപ്പോ വരാട്ടോ ..അമ്മു ബാത്‌റൂമിലേക്കു പോയി .

‘അമ്മേ …ഓടിവായോ …അമ്മേ ..

ബാത്റൂമില്‍ നിന്ന് അമ്മു ഉറക്കെ വിളിച്ചു ….

അമ്മുന്റെ നിലവിളി കേട്ട് ജാനകിയും ലക്ഷ്മിയും ഓടി വന്നു .

എന്താ പെണ്ണേ ..എന്തിനാ കിടന്നു നിലവിളിക്കണേ ..?

ജാനകി അമ്മൂന്റെ നില്‍പ്പ് കണ്ടു പരിഭ്രമിച്ചു ചോദിച്ചു .

ഓള് വല്ല പാറ്റേനേയും കണ്ടു കാണും അയിനാ ഈ ബഹളം ..ലക്ഷ്മി കളിയാക്കി പറഞ്ഞു ,

അമ്മേ അവളോട് പോകാന്‍ പറ …അമ്മു നിന്ന് കിതച്ചു ..

ലക്ഷ്മി നീ അപ്പുറത്തോട്ടു പോ …ജാനകി ലക്ഷ്മിയോട് പറഞ്ഞു …

ഞാന്‍ പോവാണേ …ലക്ഷ്മി മുറ്റത്തേയ്ക്ക് പോയി ..

അമ്മേ ദേ ഇത് കണ്ടോ ….

കയ്യില്‍ ഊരി പിടിച്ചിരുന്ന അടിവസ്ത്രം കാണിച്ചു കൊണ്ടു അമ്മു പറഞ്ഞു. അതിലെ രക്തത്തുള്ളികള്‍ കണ്ടു ജാനകിയുടെ മുഖം വിവര്‍ണമായി ..പിന്നെ ദാ നോക്ക് ..എന്റെ തുടയിലൂടെ ചോര ഒഴുകി വരുന്നു …ജാനകിയുടെ ,മുഖത്തു ഒരേ സമയം സന്തോഷവും ആശങ്കയും നിഴലിച്ചു …അമ്മൂനേ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു മുറിയിലേക്ക് പോയി …പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു ..മധുര പലഹാരങ്ങള്‍ കൊണ്ട് അവളെ മൂടി … എണ്ണയും മുട്ടയും ചേര്‍ത്ത് ഉണ്ടാക്കിയ നാടന്‍ കൂട്ട് അവള്‍ക്കു നല്‍കി. അടുത്ത വീട്ടിലെ സ്ത്രീകള്‍ എണ്ണ പലാഹരങ്ങള്‍ കൊണ്ട് വന്നു. ബന്ധുജനങ്ങള്‍ പുതുവസ്ത്രം കൊണ്ട് വന്നു. ഒരു മുറിയില്‍ അവള്‍ക്കായി മാത്രം ഒരുക്കി. അവളെ കുളിപ്പിച്ച്. ഒരുക്കി ആ മുറിയില്‍ കൊണ്ടിരുത്തി.

അമ്മൂന് ആദ്യമൊക്കെ ഭയങ്കര സന്തോഷമായിരുന്നു. നിറയെ പലഹാരങ്ങളും പുത്തനുടുപ്പുകളും. പിന്നെ പിന്നെ അവള്‍ക്കു വീര്‍പ്പുമുട്ടല്‍ അനുഭവപ്പട്ട് തുടങ്ങി. പ്രായമായ സ്ത്രീകള്‍ അമ്മൂനോട് എന്തൊക്കെയോ പറഞ്ഞു. അവള്‍ക്കു ഒന്നും മനസിലായില്ല. അമ്മൂന് ഏറെ ദേഷ്യം പിടിപ്പിച്ചത് അടുത്ത വീട്ടിലെ ചിന്നു ചേച്ചിടെ കളിയാക്കലാണ്. പണ്ട് ചിന്നുച്ചേച്ചീടെ വീട്ടിലും ഇങ്ങനായിരുന്നു. അന്ന് അമ്മയോടൊപ്പം അവിടെ പോയത് അവള്‍ ഓര്‍ത്തു. വന്നവരൊക്കെ തിരികെ പോയി. അമ്മു ആ മുറിയില്‍ തനിച്ചായി. പതിയെ അവള്‍ക്കു ബോധ്യമായി, പറന്നുയരാന് കഴിയാത്ത വിധം അവളുടെ ചിറകുകള്‍ വെട്ടിമാറ്റിയെന്ന്. അതൊരു തിരിച്ചറിവായിരുന്നു. ശലഭമായി പാറി നടക്കുവാന്‍ കൊതിച്ചവള്‍ ചിറകറ്റു വീണുവെന്ന തിരിച്ചറിവ്.

ഓരോ മാസവും മുറ തെറ്റാതെ വരുന്ന ആര്‍ത്തവത്തെ അമ്മു വെറുത്തു. അസഹ്യമായ വയറുവേദനയും ശരീര തളര്‍ച്ചയും അതിനു ഒരു കാരണമായി. പക്ഷെ അതിലേറെ അവളെ വേദനിപ്പിച്ചത് ഒറ്റപ്പെടുത്തലായിരുന്നു. ഏകയായി കഴിയുന്ന ഒരു നിമിഷവും അവള്‍ക്കു താന്‍ പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.

ആര്‍ത്തവ ദിവസങ്ങളില്‍ അമ്മൂന് പ്രത്യക മുറിയും ഭക്ഷണം കഴിക്കുവാന്‍ പ്രത്യക പാത്രവും കിടക്കുവാന്‍ കട്ടിലും. എല്ലാം പ്രത്യകം.

വീടിനുള്ളിലെ മറ്റു മുറികളിലേക്ക് ആ ദിവസങ്ങളില്‍ അവള്‍ക് പ്രവേശനമില്ല. ഒന്നിലും തോട്ടുകൂടാ. ഒന്ന് ചിരിക്കാനോ. ഉച്ചത്തില്‍ സംസാരിക്കുവാനോ അവള്‍ക്കു കഴിയുമായിരുന്നില്ല. അതിനു സമ്മതിച്ചിരുന്നില്ല എന്ന് വേണം പറയുവാന്‍.

കാലം കടന്നു പോകവേ അമ്മു അവളിലേക്ക് നോക്കി തുടങ്ങി. തനിക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ തച്ചുടയ്ക്കുവാന്‍ അവള്‍ തീരുമാനിച്ചു .

പെണ്ണായി ജനിച്ചാല്‍ ഒരുനാള്‍ അവള്‍ ഋതുമതിയാവും. അത് പെണ്ണിന്റെ മാത്രം സ്വന്തമാണ്. കൈ മുറിഞ്ഞാല്‍ രക്തം വരും. അതെ ശരീരത്തില്‍ നിന്ന് തന്നെയല്ലേ ആര്‍ത്തവ സമയത്തു രക്തം വരുന്നത്. ആ സമയത്തു മാത്രം എന്തിനു എല്ലാവരും ആ രക്തക്കറയെ വെറുപ്പോടെ. അറപ്പോടെ കാണുന്നു. ആ ദിവസങ്ങളില്‍ സ്‌നേഹത്തോടുള്ള സാന്ത്വനമാണ് അവള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ലഭിക്കുന്നതോ അവഗണനയും വെറുപ്പും.

അതെല്ലാം മാറ്റണം എന്നവള്‍ തീരുമാനിച്ചു. അവള്‍ ആര്‍ത്തവദിവസം അടുക്കളയില്‍ കയറി ഭക്ഷണം പാകം ചയ്തു .

അമ്മു നീയിതെന്താ കാട്ടണേ ,…’

അടുക്കളയില്‍ നിക്കുന്ന അമ്മൂനെ കണ്ടു വന്ന ജാനകി കലി തുള്ളി

‘ അമ്മയ്ക്ക് മനസിലായില്ലേ ഞാന്‍ ആഹാരം ഉണ്ടാകൂവാ. അമ്മു അടുപ്പിലേക്ക് വിറകു നീക്കി വെച്ചുകൊണ്ട് പരഞ്ഞു…’

‘ ഒരുമ്പെട്ടവള്‍ എല്ലാം മുടിപ്പിക്കും. നീയിതു എന്ത് ഭാവിച്ച …നിന്റെ ചെലവിലാണ് ഈ കുടുംബം കഴിയണ എന്നതു ശരിയാ ..എന്നു വെച്ചു നിന്റെ തോന്നിവാസം ഇവിടെ വെച്ച് പൊറുപ്പിക്കില്ല …ഇപ്പോ ഇറങ്ങണം അടുക്കളയില്‍ നിന്ന് ..ചാണകവെള്ളം ഒഴിച്ച് വരുത്തിയാലേ ഇനി ഇവിടെ ആഹരം ഉണ്ടാകാന്‍ പറ്റൂ … ‘

‘അമ്മേ ഞാനും അമ്മയും സ്ത്രീകള്‍ ആണ്. ഒരു പെണ്ണാകണമെങ്കില്‍ അമ്മയാകണം. ഒരുവള്‍ അമ്മയാകുന്ന പോലെ ഉള്ളൂ ആര്‍ത്തവവും. നമ്മുടെ തന്നെ ശീരരത്തില്‍ നിന്ന് പുറത്തു വരുന്ന രക്തം നമ്മുടെ ഭാഗമാണ്. ആ സമയങ്ങളില്‍ എന്തിനാ വെറുപ്പോടും അറപ്പോടും ആ രക്തത്തെ കാണുന്നത് …ഇന്ന് ലോകം ഒരുപാട് മാറി. ശാസ്ത്രീയമായ വിശദീകരങ്ങളിലൂടെ ഈ തെറ്റിധാരണകള്‍ തുടച്ചു മാറ്റുന്നു. എന്നിട്ടും അമ്മെപ്പോലുള്ളവര്‍ ഇന്നും പെണ്ണിനെ ആര്‍ത്തവദിവസങ്ങളില്‍ ഒറ്റയാകുന്നു. തൊട്ടുകൂടായ്ക നിലനിര്‍ത്തുന്നു.ആര്‍ക്കു വേണ്ടി ? ആരുണ്ടാക്കിയതാണ് ഈ ആചാരങ്ങള്‍. ശരീരശുദ്ധിയുണ്ടെങ്കില്‍ അവള്‍ക്കു ആ ദിവസങ്ങളില്‍ ആഹാരം പാകം ചെയ്യാം. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കിടക്കാം. ശരീരശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആ ദിവസങ്ങളില്‍ മറ്റു അസുഖങ്ങള്‍ വരാതെ ഇരിക്കുവാനുള്ള മുന്‍കരുതലാണ് …മാറ്റണം ഈ ദുഷിച്ച ചിന്താ ഗതികള്‍ …

‘നീ എന്തൊക്കെയാ പറയണേ ..എനിക്ക് ഒന്നും മനസിലാകുന്നില്ല …

‘പറഞ്ഞു തരാം …..
അമ്മു അവളുടെ മനസിലുള്ള എല്ലാം അമ്മയോട് പറഞ്ഞു മനസിലാക്കി കൊടുത്തൂ .

‘ന്റെ കുട്ട്യേ എനിക്ക് ഇതൊന്നും അറിഞ്ഞൂടാ. കാലങ്ങളായി നില നിക്കുന്ന ആചാരങ്ങള്‍. ഞാനും അത് അനുവര്‍ത്തിച്ചു പോണു. നിന്നെ പോലെ പഠിപ്പും വിവരോം ഒന്നും എനിക്കില്ല ..നിന്റെ അച്ഛന്റെ കൈ പിടിച്ചു ഞാന്‍ ഇവിടേയ്ക്ക് കയറിയപ്പോള്‍ .നിന്റെ അച്ചമ്മ ആദ്യം എന്നോട് പറഞ്ഞത് ആര്‍ത്തവ സമയത്തു മാറി താമസിക്കുന്നതിനെ പറ്റിയാണ് …അത് അനുസരിച്ചാണ് ഞാന്‍ ജീവിച്ചത് ..നീ ഋതുമതിയായപ്പോള്‍ നിനക്കും അത് തന്നെ പറഞ്ഞു തന്നു …പക്ഷെ ന്റെ മോള് പറഞ്ഞതില്‍ കാര്യമുണ്ട് …ഇനി ന്റെ മോളോട് ‘അമ്മ ഇങ്ങനെ ഒന്നും കാണിക്കില്ല ..എന്നോട് പൊറുക്കു മോളെ …..’

ജാനകി അമ്മുന്റെ കൈ പിടിച്ചു പറഞ്ഞു .

‘ ന്താ അമ്മേ ഇത് …അമ്മയ്ക്കു മനസുതുറന്നു ചിന്തിയ്ക്കാന്‍ കഴിഞ്ഞല്ലോ അതു മതി അമ്മേ ….

നാളെ എനിക്ക് ഒരു മകള്‍ ജനിക്കുമ്പോള്‍ അവളെ ഞാന്‍ പൂട്ടി ഇടില്ല …അവള്‍ ഋതുമതിയായാലും അവളെ പറക്കുവാന്‍ ഞാന്‍ അനുവദിക്കും …ആര്‍ത്തവ ദിവസങ്ങളില്‍ അവളുടെ കൂട്ടിനു ഈ ഞാനുണ്ടാകും ..എനിക്കു നഷ്ടമായ ബാല്യത്തിന്റെ നിറങ്ങള്‍ ..അത് അവള്‍ക്കു നഷ്ടമായിക്കൂടാ ..എനി്ക്കു ഒരു പെണ്‍കുട്ടി തന്നെ വേണം … അവള്‍ ഋതുമതിയാകുമ്പോള്‍ അവള്‍ക്കു നല്ലതു മാത്രം പറഞ്ഞു കൊടുത്തു.. കൂട്ടില്‍ അടച്ചിടാതെ അവള്‍ക്കു പറക്കുവാന്‍ ചിറകുകള്‍ നല്‍കണം . നഷ്ടമായ ബാല്യത്തിന്റെ ഓര്‍മയിലേക്ക് നടന്നു കൊണ്ട് അമ്മു ഓര്‍ത്തു …

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights rithumathi story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top