അതിജീവനമെന്ന സ്വപ്നം

..

ബിജി.എം/ കഥ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ജീവനക്കാരിയാണ് ലേഖിക

വെള്ളത്തിനടിയിലേക്കു മുങ്ങിത്താണ് ശ്വാസം കിട്ടാതെ, കൈകാലിട്ടടിച്ചു, ഒരിറ്റു ശ്വാസത്തിനായി വാ പിളര്‍ന്നപ്പോഴാണ്, അപ്രതീക്ഷിതമായെങ്കിലും അയാള്‍ ആ പേക്കിനാവില്‍നിന്നും ഞെട്ടിയുണര്‍ന്നത്. അപ്പോള്‍ കൊറോണ വാര്‍ഡിലെ ആ ഇടുങ്ങിയ മുറിയില്‍ അരണ്ട വെളിച്ചം മാത്രം!

പിപിഇ കിറ്റണിഞ്ഞ ബഹിരാകാശ സഞ്ചാരികളെ അനുസ്മരിപ്പിക്കുന്ന ഭൂമിയിലെ ഒരു മാലാഖ ഓടി വന്ന് ‘ എന്ത് പറ്റിയതാ ‘ എന്ന് ചോദിച്ചപ്പോള്‍ ”ഒന്നൂല്ലാ ഒരു സ്വപ്നം കണ്ടതാ ”എന്നയാള്‍ നിര്‍വികാരതയോടെ പറഞ്ഞു. അപ്പോള്‍ അയാളുടെ തൊണ്ട വരളുന്നുണ്ടായിരുന്നു. തൊണ്ടയിലെ സ്‌നിഗ്ധതയില്‍ പറ്റിപ്പിടിച്ചു, പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത വിധം പെരുകിക്കൊണ്ടിരുന്ന കൊറോണയെന്ന സൂക്ഷ്മ രാക്ഷസന്‍ ആദ്യമായി അവന്റെ കണ്‍പോളകളില്‍ നിന്ന് ഉറക്കത്തെ തട്ടിയെടുത്തു കൊന്നു കളഞ്ഞിരുന്നു.

വിദേശരാജ്യത്ത് വിയര്‍പ്പൊഴുക്കി താന്‍ പണികഴിപ്പിച്ച തന്റെ സ്വപ്നഗൃഹം ബാങ്ക് ലോണ്‍ എന്ന ഊരാക്കുടുക്കില്‍ പതിയെപ്പതിയെ ഞെരിഞ്ഞമരുന്നത്, ആശുപത്രിയിലെ ലോഷനുകളുടെ രൂക്ഷഗന്ധം തങ്ങി നിന്നിരുന്ന ഇടനാഴികള്‍ക്കുള്ളില്‍ അവന്‍ ഭീതിയോടെ കണ്ടു.

തന്റെ ജോലി നഷ്ടപ്പെടുന്നതും, മധ്യവയസിലേക്ക് പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരിക്കുന്ന തന്റെ ബലഹീനവുമായ ശരീരം മറ്റേതു ജോലി സ്വീകരിക്കും എന്നതുമായ യാഥാര്‍ഥ്യം അയാളുടെ വൃണമനസിനെ വല്ലാതെ ഉഴുതുമറിച്ചു. തൊട്ടടുത്ത ബെഡിലെ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള രോദനം തന്റെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാനായി അയാളുടെ ഹൃത്തടത്തെ കേണപേക്ഷിച്ചു കൊണ്ടേയിരുന്നു.

സമയരഥങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഒടുവിലെപ്പോഴോ കൊറോണയെ അതിജീവിച്ചു ”നെഗറ്റീവ് പട്ടം” നേടിയപ്പോള്‍ തന്റെ അച്ഛനെയും അമ്മയെയും അവന്റെ മനസ് പ്രകീര്‍ത്തിച്ചു. കാരണം, മരുന്നില്ലാതെ തന്നെ, അവര്‍ തനിക്കു തന്ന പകരം വയ്ക്കാനില്ലാത്ത അതിജീവനത്തിന്റെ ജനുസാണ്, തന്നെ ഈ പ്രപഞ്ച സത്യത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് എന്നവന്‍ വിശ്വസിച്ചു.

രോഗമുക്തനായി, തിരികെ വീട്ടിലെത്തിയപ്പോള്‍ പ്രിയതമയുടെ പ്രണയം ഇരമ്പുന്ന കണ്ണുകള്‍, തനിക്കു നഷ്ടമായതായി അയാള്‍ക്ക് തോന്നി. മാസ്‌കിനുള്ളില്‍ അവള്‍ മൂടിവച്ച നെടുവീര്‍പ്പുകള്‍, ഒരുപക്ഷേ, ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന റേഷനരിയില്‍ എല്ലാ വയറുകളും നിറയ്ക്കാനുള്ള അവളുടെ തത്രപ്പാടിന്റെ ഒരു നിഴലാട്ടം മാത്രമായിരിക്കാം. അച്ഛനുമമ്മയും തന്റെ ഓമനക്കുഞ്ഞുങ്ങളും മാസ്‌കിനുള്ളിലൂടെ തന്നെ കോക്രി കാട്ടുന്നതായി അയാള്‍ക്കു തോന്നി. കളിപറഞ്ഞുല്ലസിച്ചും, സോമരസം നുകര്‍ന്നും, തനിക്കു ചുറ്റും കൂടിയിരുന്ന തന്റെ സുഹൃത്തുക്കളുടെ നിഴലുകളെപ്പോലും കോറോണയെന്ന കാര്‍മേഘം കവര്‍ന്നു കളഞ്ഞിരുന്നു. പണത്തിന് എത്ര പെട്ടെന്നാണ് സ്‌നേഹത്തെ, സന്തോഷത്തെ, സൗഹൃദത്തെ, പിന്നെ കാല്പനികമായ പ്രണയത്തെപ്പോലും തട്ടിയെടുക്കാന്‍ കഴിയുന്നത്.

ഒരു വിധത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് നന്നായി എന്നയാള്‍ക്ക് തോന്നി. ഒന്നുമില്ലെങ്കിലും, മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം തീര്‍ത്ത ഒരു തടവറ പോലെ, ആരും കാണാതെ, തന്റെ ഇന്ദ്രിയങ്ങളെയും, ഗദ്ഗദങ്ങളെയും, വികാര നിശ്വാസങ്ങളെയും, പിന്നെ നഷ്ട സ്വപ്നങ്ങളേയുമൊക്കെ അതിനുള്ളില്‍ ചങ്ങലക്കുള്ളിലെന്നപോലെ തളച്ചിടാമല്ലോ എന്നെങ്കിലുമൊരിക്കല്‍, അതിജീവനത്തിന്റെ നാമ്പ് മാസ്‌ക്കിന്റെ മറ നീക്കി പുറത്തു വരുമെന്ന ശുഭവിശ്വാസത്തില്‍ കൊറോണ ബാക്കി തന്ന ഈ ജീവിതം ജീവിച്ചു തീര്‍ക്കാനൊരുങ്ങുകയാണ് അയാളിപ്പോള്‍. അപ്പോള്‍ പുറത്തെവിടെയോ, ഒരു നിശാശലഭം, ഇരുട്ടിനുള്ളിലൂടെ, മറ്റേതോ,മധുകണം തേടി പറന്നു നടക്കുന്നുണ്ടായിരുന്നു…………..

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights athijeevanam enna swapnam story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top