മഞ്ഞ നിറമുള്ള ചുവന്ന പനിനീര്‍പ്പൂവ്
..
അഖില്‍ തുളസീധരന്‍/കഥ
ഒന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.
ഇരുമ്പഴികളും ചില്ലു കണ്ണാടികളുമുള്ള ഒരു ജനാലയില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊന്നിലേക്ക് പടര്‍ന്ന് കയറാന്‍ മാത്രം വേരുകളുള്ള എന്തെങ്കിലും ഇവിടെയിനിയും ബാക്കിയുണ്ടോ?
അങ്ങനെ ഒരിക്കല്‍ ഒരാള്‍ ആ എഴുത്തുകാരനോട് ചോദിച്ചു.
ജനല്‍ വാതിലുകളാകട്ടെ, ഒരിക്കലും തമ്മില്‍ പുണരാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച് രണ്ടിടങ്ങളെ വേര്‍തിരിക്കുന്ന മുള്ളുവേലികളായ്‌ക്കൊള്ളട്ടെ, ഒരിക്കല്‍, ഒരു നിമിഷത്തേക്ക് മാത്രമെങ്കിലും അവയ്ക്ക് അഴികള്‍ വിട്ട് പുണരാനിട നല്‍കുകയാണെങ്കില്‍ അതിരുകളില്ലാതെ അവ പരസ്പരം വേരുകളാഴ്ത്തി ഒട്ടു വൈകാതെ മഞ്ഞ നിറമുള്ള പൂക്കള്‍ തരും!
മഞ്ഞ നിറമുള്ള പൂക്കള്‍?
ചോദ്യം ചോദിച്ച വ്യക്തി സംശയിച്ചു.
പെട്ടെന്നായിരുന്നു അതിന് അദ്ദേഹം മറുപടി പറഞ്ഞത്,
അതെ, ഞാന്‍ കാണുന്ന പൂക്കള്‍ക്കെല്ലാം മഞ്ഞ നിറമാണ്.
അതെങ്ങനെ? നിങ്ങള്‍ ആലങ്കാരികമായി പറഞ്ഞതാണോ?
കേള്‍വിക്കാരന് വീണ്ടും സംശയം.
ഒരിക്കലുമല്ല. നിങ്ങളാ പനിനീര്‍ ചെടി കാണുന്നുവോ? അതിന്റെ നിറമെന്താണ്?
-പനിനീര്‍ച്ചെടിയുടെ നിറമെന്താണെന്ന് ഞാന്‍ പറയേണ്ടതുണ്ടോ?
അയാള്‍ നീരസം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
സുഹൃത്തേ ഞാന്‍ കാണുന്ന പനിനീര്‍ച്ചെടികള്‍ക്കും, മുല്ലയ്ക്കും, പിച്ചിക്കും അരളിക്കും ജമന്തിയ്ക്കുമൊക്കെ ഇപ്പോള്‍ മഞ്ഞ നിറമാണ്. അതിനര്‍ത്ഥം എന്റെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടെന്നല്ല, മറിച്ച് അവയെ അങ്ങനെ കാണാനാണ് ഞാനാഗ്രഹിക്കുന്നതെന്നാണ്.
അത് പറഞ്ഞു തീര്‍ക്കും മുന്‍പേ കേള്‍വിക്കാരന്‍ ആകാംഷയോടെ ചോദിച്ചു,
ശരി, കണ്ണിന്റേതല്ല മനസിന്റെ കാഴ്ചയാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെ മഞ്ഞ നിറത്തിനോട് മാത്രമൊരു പ്രത്യേക മമതയുണ്ടാകാനെന്താണ് കാരണം?
എഴുത്തുകാരന്‍ അതിന് മറുപടി പറയുവാന്‍ തുടങ്ങും മുന്‍പേ വലിയൊരു നിശബ്ദത അവര്‍ക്കിടയില്‍ വന്നു നിന്നു.
ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അവര്‍ റോഡിലേക്കിറങ്ങി. പ്രധാന റോഡിലേക്ക് കയറുന്നതിന് മുന്‍പുള്ള തിരിവിലെത്തുമ്പോള്‍ അദ്ദേഹം അയാളോട് ചോദിച്ചു,
ഇവിടെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പുതിയതായി എന്താണ് കേള്‍ക്കാന്‍ കഴിയുന്നത്?
അല്ലെങ്കില്‍, ഇവിടെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പുതിയ എന്ത് ഗന്ധമാണറിയാന്‍ കഴിയുന്നത്?
അതുമല്ലെങ്കില്‍, ഇവിടെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പുതിയതായി കാണാന്‍ കഴിയുന്നത്?
പെട്ടെന്നുള്ള എഴുത്തുകാരന്റെ ചോദ്യത്തിന് ചുറ്റിലും കണ്ണോടിച്ച ശേഷം പ്രത്യേകിച്ചൊരു മറുപടി നല്‍കാനാകാതെ പരിഭ്രമിച്ചു നിന്ന അയാളുടെ ചുമലില്‍ കൈ വച്ച ശേഷം അദ്ദേഹം പറഞ്ഞു,
ഇവിടെ എനിക്കായൊരു കാലമുണ്ടായിരുന്നു കാത്തിരിക്കാന്‍!
മഞ്ഞ നിറമുള്ള പൂക്കള്‍ക്ക് പിന്നില്‍ ആ ജനാലയുടെയും ഈ നിരത്തിന്റെയും ദൂരമുണ്ട്. അവിടെയാ ഇരുമ്പഴികള്‍ കടന്ന് നിരത്തിന്റെ ഈ മറുവശം വരെയുള്ള ദൂരം. ആറ് കൊല്ലം മുന്‍പുള്ള വസന്തത്തിന്റെ അവസാനത്തില്‍ ചുവന്ന പൂക്കളും നിലാവും നക്ഷത്രങ്ങളും നിറഞ്ഞ ആകാശത്തിന് കീഴിലായിരുന്നു ഞാനുണ്ടായിരുന്നത്. കാമുകിയോടൊപ്പം വിരല്‍ കോര്‍ത്ത് നടക്കുമ്പോള്‍ ലോകം തന്നെ ഞങ്ങളില്‍ വന്നവസാനിച്ചിരുന്നുവെന്ന് അന്നൊക്കെ വിശ്വസിച്ചിരുന്നു. കവിതയെഴുതാനറിയില്ലെങ്കിലും കവിതകളെഴുതിയിരുന്ന, പ്രണയത്തിന്റെ പരമ്പരാഗത ബിംബങ്ങളെ നെഞ്ചിലേറ്റിയിരുന്ന, കാമുകിക്ക് കാഴ്ചയുടെ ദൂരം വരെ കൂട്ടു പോയിരുന്ന, മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാതെയിരുന്ന കാമുകന്‍!
നിരുപാധികമിങ്ങനെയെന്നെ പ്രണയിക്കുന്ന നിനക്ക് ഞാനെന്താണ് പകരം നല്‍കുക?
ഞങ്ങളുടേത് മാത്രമായ നേരങ്ങളിലൊന്നില്‍ ഒരിക്കല്‍ ഞാനവളോട് ചോദിച്ചു.
ഈ ഇഷ്ടം മാത്രം, എന്നുമിങ്ങനെ കൂടെയുണ്ടാകുമെന്ന ഈ വാക്ക് മാത്രം.
അവള്‍ ഒട്ടും ആലോചിക്കാതെ പെട്ടെന്ന് പറഞ്ഞു.
അന്ന് പ്രിയപ്പെട്ടവളുടെ വാക്കുകളില്‍ കണ്ണുകള്‍ കലങ്ങി ഞാന്‍ പുഞ്ചിരിച്ചു.
ഒന്ന് നിര്‍ത്തിയ ശേഷം എഴുത്തുകാരന്‍ അയാളോട് ചോദിച്ചു,
ഇതിന്റെ ഒടുവിലെന്തുണ്ടായെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുന്നുണ്ടോ?
വാക്കിന് വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത കാലമാണ്!
അയാള്‍ ഒന്നു ചിരിച്ചു കൊണ്ട് തന്റെ ഊഹം ശരിയല്ലേയെന്ന മട്ടില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
ശരിയാണ്.
പിന്നീട് ഒരിക്കല്‍ക്കൂടി ഞാന്‍ അതേ കലങ്ങിയ കണ്ണുകളോടെ പുഞ്ചിരിച്ചു.
അപ്പോള്‍ ഈ മഞ്ഞപ്പൂക്കള്‍? ഇതിലെവിടെയും അതേക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ!
കേള്‍വിക്കാരന്‍ അസ്വസ്ഥനായി.
സുഹൃത്തേ നിങ്ങള്‍ യാദൃശ്ചികതയില്‍ വിശ്വസിക്കുന്നുണ്ടോ? ഇനിയൊരു നല്ലതുണ്ടാകാനിടയില്ലെന്ന് കരുതിയിരിക്കുമ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി നല്ലത് സംഭവിക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രം എന്നോടൊപ്പം നടക്കുക. ഇല്ലായെങ്കില്‍ നമുക്ക് ഇവിടെ ഈ സംഭാഷണമവസാനിപ്പിക്കാം, രണ്ടു വഴികളിലേക്ക് പോകാം നിങ്ങള്‍ക്കെന്റെ യാത്രാമംഗളങ്ങള്‍.
-ഈ നിമിഷം ഞാന്‍ നിങ്ങള്‍ക്കൊപ്പം നടക്കുന്നത് തന്നെ മറ്റൊരു യാദൃശ്ചികതയല്ലേ?
നടക്കാം.
കേള്‍വിക്കാരന്റെ മറുപടിക്ക് മധുരമുള്ളൊരു ചിരി കൊടുത്തു കൊണ്ട് അദ്ദേഹം തുടര്‍ന്നു,
നിങ്ങളുടെ മരണം എങ്ങനെയായിരിക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മരണം വച്ച് നീട്ടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ചിന്തിച്ച് ചിലപ്പോഴൊക്കെ ആവലാതിപ്പെടാറുണ്ട്, അല്ലാതെ അതെങ്ങനെയാകണമെന്നൊന്നും ആലോചിച്ചിട്ടില്ല.
എന്നാല്‍ കേള്‍ക്കുക, എന്റെ മരണത്തെക്കുറിച്ച് എനിക്ക് ചില സങ്കല്പങ്ങളുണ്ട്. ഇതുപോലൊരു വസന്തത്തിലാവണം അതുണ്ടാകേണ്ടതെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. കാരണം എന്റെ ചലനമറ്റ ശരീരത്തിനോടൊപ്പം അതേ മഞ്ഞപ്പൂക്കള്‍ നിങ്ങള്‍ സംസ്‌ക്കരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്തിനാണൊരു മുഖവുര? ആ മഞ്ഞപ്പൂക്കളെ ഇത്രമേല്‍ തീവ്രമായി ചേര്‍ത്തു പിടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?
ഒരെഴുത്തുകാരനെന്ന് എന്നെ അഭിസംബോധന ചെയ്യാനും എന്നെ കേള്‍ക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നത് ഞാനെഴുതിയ കഥകളും കവിതകളും മാത്രമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
അങ്ങനെയല്ല എന്നു പറയാന്‍ തുടങ്ങുകയാണോ?
എഴുത്തിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന, കവിതകളോ കഥകളോ ഒരിക്കലുമെന്നില്‍ നിന്ന് ഉണ്ടാകുവാന്‍ പോകുന്നില്ലെന്ന് അറിയുമായിരുന്ന, പ്രണയിച്ച് തോറ്റു പോയ ഒരാള്‍ പിന്നീട് കഥകളും കവിതകളുമെഴുതിയെങ്കില്‍ അതിനയാളെ പ്രേരിപ്പിച്ചത് ആ മഞ്ഞപ്പൂക്കളും അത് പടര്‍ന്നു കയറിയ ജനാലയുമാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ?
-പ്രണയനഷ്ടം വലിയ സാഹിത്യ സൃഷ്ടികള്‍ക്ക് വഴിവെച്ചതായി വായിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ആദ്യമായാണ് കേള്‍ക്കുന്നത്. അതേക്കുറിച്ച് പറയൂ..
ആ മനുഷ്യന്റെ കണ്ണുകളിലെ തിളക്കത്തെക്കണ്ടിട്ടെന്നവണ്ണം അയാള്‍ പറഞ്ഞു.
നിങ്ങള്‍ പറഞ്ഞ അതേ പ്രണയനഷ്ടമുണ്ടാക്കിയ ഉള്ളുരുകലിലേക്കാണ് അവിടുത്തെ ജനാലകള്‍ ഒരിക്കല്‍ തുറക്കുന്നത്. ഇനിയെന്തെന്നറിയാതെ തകര്‍ന്നിരുന്ന കാലത്ത് പുറത്തിറങ്ങാതെയിരുന്ന് മഴയും മഞ്ഞും ചൂടും ഞാന്‍ കൊണ്ടു. ഒടുവിലൊരു വൈകുന്നേരം എന്തിനോ വേണ്ടി ഞാന്‍ പുറത്തെ കാറ്റ് കൊണ്ടു, വഴിയിലൂടെ നടന്ന് സൂര്യാസ്തമയം കണ്ടു. വഴിയില്‍ വെച്ച് കണ്ടവരൊക്കെ എന്ന് വന്നു എന്നാണ് മടക്കമെന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാണ് മടക്കമെന്ന് നിശ്ചയമില്ല, എന്തായാലും ഉടനെയുണ്ടാവില്ലെന്ന് അവരോട് സമാധാനം പറഞ്ഞു. അന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ ആ വീട്ടിലെ മുകള്‍ നിലയിലെ ജനാലകള്‍ വല്ലാത്തൊരു ശബ്ദത്തോടെ തുറന്നു. അന്ന് ആ ജനാലയിലേക്കെന്നെ കൊണ്ടുപോയത് മഞ്ഞപ്പൂവുകളായിരുന്നു, വീടിന്റെ ചുമരിനോട് പറ്റിച്ചേര്‍ന്ന് മതിലു കടന്ന് ജനാലയോളം വളര്‍ന്നു കയറിയ മഞ്ഞ അരളിപ്പൂവുകള്‍! വീട്ടിലേക്ക് തിരിയുന്ന വഴി വരെ ആ ജനലഴികളില്‍ കണ്ണുകളുടക്കി നിന്നു, ഇത്രയും കാലം ഞാനെന്തു കൊണ്ട് അങ്ങനൊന്നവിടെ കണ്ടില്ല?
നിങ്ങളീ പറയുന്ന ഇടത്താണോ അല്പം മുന്‍പ് നമ്മള്‍ നടത്തമവസാനിപ്പിച്ചത്?
കേള്‍വിക്കാരന്‍ ഇടപെട്ടു.
സുഹൃത്തേ, അവിടേക്കല്ലാതെ മറ്റെവിടേക്കാണ് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നത്? സത്യത്തില്‍ അവിടുത്തെക്കാള്‍ പ്രിയപ്പെട്ട വേറൊരിടമില്ല ഇവിടെ എനിക്ക് നിങ്ങള്‍ക്ക് കാട്ടിത്തരാന്‍!
പിന്നീട് അവിടേക്ക് പോയതെപ്പോളാണ്?
തിരികെ വരില്ലെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് വേണ്ടി നിങ്ങളിലെ മഴക്കാലത്തെ പെയ്തു തീര്‍ക്കുമ്പോള്‍ തീര്‍ച്ചയായും മഞ്ഞും വസന്തവും വരിക തന്നെ ചെയ്യും. പിന്നീട് പലപ്പോഴായി വഴിയരികില്‍ക്കൂടി പോകാറുള്ളപ്പോള്‍ സ്വാഭാവികമായും ആ പൂക്കളിലേക്കും അത് ചെന്നെത്തി നില്‍ക്കുന്ന ജനലഴികളിലേക്കും മാത്രമായി ഞാന്‍ ചുരുങ്ങും. ചില നേരത്ത് ആ ജനലഴികളില്‍ നിന്ന് ആരോ ഒരാള്‍ എന്നെത്തന്നെ നോക്കാറുള്ളതായി തോന്നും പക്ഷേ ഒരിക്കല്‍പ്പോലും അരളിപ്പൂക്കളെക്കൂടാതെ മറ്റെന്തെങ്കിലും അവിടെയുള്ളതായി കണ്ടില്ല. ക്ഷമയില്ലാതെ ആ വീട്ടില്‍ താമസക്കാരാരുമില്ലേയെന്ന് ഒരിക്കല്‍ അമ്മയോട് ചോദിച്ചപ്പോള്‍ പുതിയ വാടകക്കാരാരെങ്കിലുമായിരിക്കണമെന്നാണ് മറുപടി കിട്ടിയത്. ആ വീട്ടിലങ്ങനെ ചേക്കേറിയും പറന്നും പോയവരെത്രയാന്ന് വെച്ചിട്ടായിരിക്കാം, താമസക്കാരെക്കുറിച്ച് കൂടുതലൊന്നും അമ്മയ്ക്കും അറിയില്ലായിരുന്നു.
അടുത്ത വേനലില്‍ അരളിപ്പൂക്കളൊഴിഞ്ഞ പടര്‍പ്പിലേക്ക് കണ്ണ് പായുമ്പോഴെല്ലാം ജനലഴികള്‍ കടന്ന് ബാബുക്കയുടെയും ദേവരാജന്‍ മാസ്റ്ററുടെയും പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. ‘സൂര്യകാന്തിയും’ ‘ഇന്ദ്രവല്ലരി’യുമൊക്കെക്കൂടി ചേര്‍ന്ന് ആ പൊള്ളുന്ന ചൂടിലും അവിടെ പൂക്കള്‍ വിരിഞ്ഞു.
അടുത്ത മകരത്തിലാണ് ആ ജനലഴികള്‍ക്കുള്ളില്‍, ആ മുറിയ്‌ക്കൊരു ഉടമയുണ്ടെന്ന് ഞാനറിയുന്നത്. മഞ്ഞുകാലമായതിനാലാകണം, ആ ദിവസങ്ങളില്‍ ജനലിന്റെ ഒരു പാളി മാത്രമേ തുറക്കുമായിരുന്നുള്ളൂ. മറ്റേ പാളിയുടെ അഴികളില്‍ വളയിട്ട കൈകളും മോതിരമിടാത്ത കൈവിരലുകളും ചേര്‍ത്ത് ഒരാളവിടെയുണ്ടെന്ന് എന്നോട് നിശബ്ദമായി പ്രഖ്യാപിച്ച് പോന്നു.
അതാരാണെന്ന് പിന്നീട് നിങ്ങളന്വേഷിച്ചില്ല?
അവിടെ നിന്ന് എന്നിലേക്ക് വന്നു വീഴുന്ന നോട്ടം ആരുടേതാണെന്ന് ആദ്യമൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ പിന്നീട് എപ്പോളോ ആ ശ്രമങ്ങള്‍ ഉപേക്ഷിച്ചു.
പിന്നീട് ഒരിക്കല്‍പ്പോലും അവിടെയാരാണുള്ളതെന്ന് അറിയാന്‍ നിങ്ങള്‍ ശ്രമിച്ചില്ല എന്നാണോ?
ശ്രമിക്കാതിരുന്നില്ലെന്നല്ല, പക്ഷേ അതിന് മുന്‍പേ എന്നെത്തേടി ആ ജനലഴികള്‍ കടന്ന് ആദ്യത്തെ സ്‌നേഹാഭിവാദനം വന്നു.
കത്ത്?
അല്ല, ചുരുട്ടിയ വെള്ളക്കടലാസില്‍ പലകുറി മാറ്റി വരച്ച ഒരു ചിത്രം!
മറ്റൊന്നും അതിലില്ലായിരുന്നു, നീളന്‍ റോഡുകള്‍ ചെന്നവസാനിക്കുന്നിടത്ത് നില്‍ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം. ഒരു പക്ഷേ എന്റേത് തന്നെയാകാം, അങ്ങനെ കരുതാനാണെനിക്കിഷ്ടം.
നിങ്ങള്‍ അതിന് മറുപടി നല്‍കിയതെങ്ങനെയാണ്?
ചിത്രം വരയ്ക്കാനറിയാത്തതിനാല്‍ ഞാനതിനൊരു മറുപടി കത്തെഴുതി. പ്രണയലേഖനമെഴുതിയവസാനിപ്പിച്ചതിന് ശേഷം ആദ്യമെഴുതിയ കത്ത് !
അതില്‍ ഞാനിങ്ങനെയെഴുതി;
സുഹൃത്തേ,
ആ ചിത്രമെനിക്കുള്ളതായിരുന്നുവെങ്കില്‍ നന്ദി. ചിത്രം മനോഹരമായിരുന്നു, പലകുറി മാറ്റി വരയ്ക്കണമെന്നില്ല, എനിക്ക് ചിത്രകലയില്‍ പ്രാവീണ്യമില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരാള്‍ക്ക് കത്തെഴുതുന്നത്. നിങ്ങളാരാണെന്ന് എനിക്കറിയില്ല, എങ്കിലും കുറച്ച് നാളുകള്‍ കൊണ്ട് നിങ്ങളുടെ ജനാലകളോട് വല്ലാത്തൊരു ആത്മബന്ധം തോന്നിത്തുടങ്ങിയിരിക്കുന്നു. അത് ചിലപ്പോള്‍ നിങ്ങളോട് തോന്നുന്ന ആത്മബന്ധമാകാം, അധികം വൈകാതെ ആ അരളിപ്പൂക്കളെ വകഞ്ഞുമാറ്റി നിങ്ങളെനിക്ക് ദര്‍ശനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
-അതിനവര്‍ മറുപടി നല്‍കിയോ? നിങ്ങളവരെ കണ്ടുവോ?
മറുപടി കിട്ടി, അതും ചിത്രമായിത്തന്നെ. ഇത്തവണ മഞ്ഞ നിറമുള്ള അരളിപ്പൂക്കളായിരുന്നു. അതും പലകുറി മായ്ച്ച് വരച്ചിരുന്നു.
അടുത്ത കത്തിലും കാണണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. പൊട്ടിപ്പൊളിഞ്ഞു പോയ കാമുകനാണെന്ന് ഞാനെന്നെ സ്വയം പരിചയപ്പെടുത്തി. നിങ്ങളെക്കുറിച്ചുമറിയാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് പറഞ്ഞു.
-വീണ്ടും ചിത്രം?
ചിത്രം തന്നെ, ഇത്തവണ ആ ജനാല.
പിന്നീടെഴുതിയ കത്തുകളില്‍ ഞാനെന്നെക്കുറിച്ച് കൂടുതലെഴുതി. ബാബുക്കയുടെയും ദേവരാജന്‍ മാസ്റ്ററുടെയും എനിക്കിഷ്ടമുള്ള പാട്ടുകള്‍ പങ്കുവെച്ചു, അമ്മയെക്കുറിച്ചും, ആദ്യ കാമുകിയെക്കുറിച്ചുമെഴുതി, ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളെക്കുറിച്ചുമെഴുതി. കവിതകളെഴുതി, കഥകളെഴുതി അറിയാതെയല്ല, അറിഞ്ഞ് കൊണ്ട്! എല്ലാറ്റിലുമുപരി ആ ജനാലയിലൂടെ നിങ്ങളെ കാണുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ആ കത്തുകള്‍ക്ക് മറുപടിയായി വരും ദിവസങ്ങളില്‍ കൂടുതല്‍ തവണ മാറ്റി വരയ്ക്കപ്പെട്ടതും ഒന്നിനുമേല്‍ ഒന്നായി ഇടകലര്‍ന്നതുമായ ചിത്രങ്ങള്‍ ആ ജനലഴികളിലൂടെ എന്നിലേക്ക് വന്നു വീണു. ചന്ദ്രനും നക്ഷത്രങ്ങളുമുള്ള ആകാശം, ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശം, സൂര്യാസ്തമയം,ഇരുണ്ട മുറി, ഗ്രാമഫോണ്‍, മഴ, ആല്‍മരം അങ്ങനെയൊരുപാട് ചിത്രങ്ങള്‍!
അപ്പോള്‍ നിങ്ങള്‍ പറഞ്ഞു വരുന്നത് ഒരിക്കല്‍പ്പോലും അവര്‍ നിങ്ങളോട് സംസാരിച്ചില്ല എന്നാണോ?
ഒരിക്കല്‍പ്പോലും ഞാന്‍ കാണാത്തൊരാള്‍ എന്റെ കത്തുകള്‍ക്ക് മറുപടിയായി ചിത്രങ്ങളെറിഞ്ഞു തരുമ്പോള്‍ ഞങ്ങള്‍ സംസാരിക്കുകയായിരുന്നു എന്നല്ലേ കരുതാന്‍. സത്യത്തില്‍ അവളുടെ ഓരോ ചിത്രങ്ങളും എന്നോട് സംസാരിക്കുവാന്‍ ശ്രമിക്കുകയായിരുന്നല്ലോ.
ഒരിക്കല്‍പ്പോലും അവര്‍ ആ ജനാലയില്‍ വന്നില്ലാ ?
ഇല്ല!
കേള്‍വിക്കാരനും എഴുത്തുകാരനുമിടയില്‍ ആ സംഭാഷണം അല്പനേരത്തേക്ക് മുറിഞ്ഞു പോയി. അവര്‍ക്കിടയിലേക്ക് വരാതെ വാക്കുകള്‍ മടിച്ചു നിന്നു. ഒടുവില്‍ കേള്‍വിക്കാരന്‍ തന്നെ മൗനത്തിന്റെ ചരടു പൊട്ടിച്ചു.
ഒരിക്കല്‍പ്പോലും കാണാത്തൊരാള്‍, ഒരിക്കല്‍പ്പോലും നിങ്ങളുടെ മുന്നില്‍ വരാനൊരുങ്ങാത്തൊരാള്‍, അവരുടെ മുറിയുടെ ജനാലകളും അതില്‍പ്പടര്‍ന്നു കയറിയ വള്ളിച്ചെടിയും അതിന്റെ പൂക്കളും കൊണ്ട് നിങ്ങളെയിത്രമാത്രം സ്വാധീനിക്കാന്‍ കാരണമെന്താണ്?
അതിന് മറുപടി പറയുവാനെന്നോണം എഴുത്തുകാരന്‍ തന്റെ മേശവലിപ്പില്‍ നിന്നും ഒരു കത്തെടുത്ത് കേള്‍വിക്കാരന് നീട്ടി.
അവള്‍ക്ക് ഞാനെഴുതിയ ഒടുവിലത്തെ കത്താണിത്.
ഒടുവിലത്തേതെന്ന് പറയുമ്പോള്‍ ഇത് അവര്‍ക്ക് കൊടുത്തില്ല എന്നാണോ?
അല്ല. ഇത് കൊടുക്കാനുള്ള വിലാസം എനിക്കറിയില്ല.
അത്രമേല്‍ പ്രിയപ്പെട്ട സുഹൃത്തേ,
ഒരു ജനാലയ്ക്കപ്പുറം നിന്ന് നിങ്ങളും ഒരു മതിലിനിപ്പുറം നിന്ന് ഞാനും പരസ്പരം അറിയാന്‍ തുടങ്ങിയിട്ട് രണ്ട് വസന്തകാലത്തോളമാകുന്നു. ഒരിക്കല്‍ പോലും ആ അരളിപ്പൂക്കള്‍ വകഞ്ഞ് മാറ്റി നേരില്‍ നിങ്ങള്‍ വന്നില്ല, അതില്‍ പരിഭവമില്ല. പക്ഷേ പത്തു നാല്പത് കോടി നക്ഷത്രങ്ങളെ മൂടി നിര്‍ത്തിയ ഇരുട്ടിന്റെ അറ്റമാണ് നിങ്ങള്‍ തുടങ്ങുന്നത് എന്നറിയുക. നിങ്ങളാരാണെന്ന് എനിക്കറിയില്ല പക്ഷേ ഒന്ന് മാത്രമറിയുക, ഈ കാലയളവില്‍ ശബ്ദം കൊണ്ടോ രൂപം കൊണ്ടോ പ്രാര്‍ത്ഥന കൊണ്ടോ ആര്‍ക്കും ആശ്വസിപ്പിക്കാനാകാതെ പോയൊരാളെ കുറച്ച് മഞ്ഞ പൂക്കളും ആ ജനാലയിലെ അതിഗൂഢമായ ഒളിച്ചുകളിയും ഒരുപാട് ചിത്രങ്ങളും കൊണ്ട് സ്വാധീനിക്കാനായ ഒരേയൊരു വ്യക്തി നിങ്ങളാണെന്ന് മാത്രമറിയുക. മുന്‍പ് ഞാന്‍ സൂചിപ്പിച്ച പോലെ നിങ്ങളുടെ ആ ജനാലയോടും ആ വള്ളിപ്പടര്‍പ്പിലെ അരളിപ്പൂക്കളോടുമുള്ള എന്റെ ആത്മബന്ധം സത്യത്തില്‍ നിങ്ങളോടുള്ളതാണ് എന്നും അറിയുക. ഇനിയൊരിക്കലും നിങ്ങളെനിക്ക് ദര്‍ശനം തന്നില്ലെങ്കില്‍ക്കൂടി ഈ ആയുസ്സു മുഴുവന്‍ ആ റോഡിനു മറുവശം നിന്ന് നിങ്ങളുടെ ജനാലകളെയും ആ പൂക്കളെയും ഞാന്‍ പ്രണയിക്കും. എന്നെ കേട്ടതിന്, എന്റെ കഥകളെയും കവിതകളെയും വായിച്ചതിന്, എനിക്ക് ചിത്രങ്ങള്‍ വരച്ചു തന്നതിന്, ഗന്ധമായും സാമീപ്യമായും അദൃശ്യമായി എന്നെ സ്വാധീനിക്കുന്നതിന് ഈ ജന്മം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
നിങ്ങളവരെ പ്രണയിക്കുന്നു അല്ലേ?
കത്തിലെ അവസാന വരിയും വായിച്ച ശേഷം കത്ത് മടക്കിക്കൊണ്ട് അയാള്‍ ആ എഴുത്തുകാരനോട് ചോദിച്ചു.
അവളെയല്ലാതെ മറ്റേതൊരാളെ എനിക്കീ ജന്മം ഇനി പ്രണയിക്കാനാകും? പ്രണയത്തില്‍ തോറ്റ് തകര്‍ന്നിരിക്കുന്ന ഒരു മനുഷ്യന് വേണ്ടത് ആശ്വാസവാക്കുകളോ ഉടനെ ചേക്കേറാന്‍ മറ്റൊരിണയോ അല്ല, കേള്‍ക്കാനൊരാളെയാണ്. തിരിച്ചൊരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും വിരസതയില്ലാതെ ഞാന്‍ നിങ്ങളെ കേള്‍ക്കുകയാണ് എന്നൊരു വാക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ വിങ്ങിപ്പൊട്ടലുകള്‍ക്കും കഥകള്‍ക്കും കവിതകള്‍ക്കും അവളുടെ ചിത്രങ്ങളാണ് വിരസതയില്ലാതെ ഞാന്‍ നിന്നെ കേള്‍ക്കുകയാണ് എന്ന വാക്ക്. ഇനിയൊരുപക്ഷേ ആ കത്തുകളൊന്നും അവള്‍ വായിച്ചിട്ടില്ലെങ്കില്‍ക്കൂടി!
അപ്പോള്‍ അവര്‍ നിങ്ങളുടെ കത്തുകള്‍ വായിച്ചിരുന്നുവോ എന്ന് കൂടി നിങ്ങള്‍ക്ക് ഉറപ്പില്ല? ഈ കത്ത് അവര്‍ക്കയയ്ക്കാന്‍ വിലാസമറിയില്ല എന്നല്ലേ പറഞ്ഞത്, അവര്‍ക്കെന്തു സംഭവിച്ചു?
അയാളുടെ ചോദ്യത്തിന് മറുപടി പറയാനായി എഴുത്തുകാരന്‍ ആ കത്ത് തന്റെ മേശവലിപ്പില്‍ ഭദ്രമായി മടക്കി വെച്ച് തന്റെ മുറിയുടെ ജനാലയ്ക്കരികില്‍ ചെന്നു നിന്നു.
രണ്ട് ചോദ്യങ്ങള്‍ക്കും അറിയില്ല എന്നാണുത്തരം. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഭ്രാന്തായി തോന്നിയേക്കാം പക്ഷേ സത്യം അതാണ്. അവളത് വായിച്ചിരുന്നുവോ എന്നെനിക്കറിയില്ല. അവളുടെ ചിത്രങ്ങളിലൂടെ അവളെന്നോട് പറഞ്ഞിരുന്നത് അവള്‍ ആ മുറിയിലിരുന്ന് കണ്ട കാഴ്ചകളാണെന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ?
വഴിയിലെ മനുഷ്യന്‍, ചന്ദ്രനും നക്ഷത്രങ്ങളുമുള്ള ആകാശം, ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശം, സൂര്യാസ്തമയം,ഇരുണ്ട മുറി, ഗ്രാമഫോണ്‍, മഴ, ആല്‍മരം അങ്ങനെയങ്ങനെ എന്തെല്ലാം കാഴ്ചകള്‍!
അവള്‍ക്കെന്ത് പറ്റിയെന്ന് ചോദിച്ചാല്‍ അവളുടെ അവസാന ചിത്രം കിട്ടിയതിന് ശേഷം പിന്നീടൊരിക്കലും ആ ജനാല തുറന്നില്ല!
നിങ്ങളോട് ഒരു വാക്ക് പോലും പറയാതെ പെട്ടെന്നൊരു ദിവസം അവര്‍ അപ്രത്യക്ഷയായെന്നാണോ?
അവള്‍ അല്ലെങ്കിലും എന്നോട് ഒന്നും പറഞ്ഞിരുന്നില്ലല്ലോ.
നിങ്ങളവരെ ഒരിക്കലും അന്വേഷിച്ചില്ല?
അന്വേഷിക്കുക മാത്രമാണല്ലോ എനിക്ക് ചെയ്യാനുണ്ടായിരുന്നത്,അന്വേഷിച്ചു, ഒരുപാട്. ഒടുവിലറിഞ്ഞത് അവിടെയാ വീട്ടില്‍ താമസിച്ചിരുന്നത് ഒരു അച്ഛനും മകളും മാത്രമായിരുന്നു, മകളുടെ ട്രീറ്റ്‌മെന്റിനായി അവരിവിടെ കുറച്ചു കാലത്തേയ്ക്ക് കഴിയാന്‍ വന്നതാണെന്ന്, രണ്ട് വസന്തകാലത്തേക്ക്!
ട്രീറ്റ്‌മെന്റ്? അവരൊരു രോഗിയായിരുന്നോ?
അതെ, അവര്‍ക്കൊരു ഹൈപ്പര്‍ ആക്ടീവ് ഡിസോഡറുണ്ടായിരുന്നു. അതിന്റെ ട്രീറ്റ്‌മെന്റിനായാണ് അവരിവിടെയുണ്ടായിരുന്നത്.
അപ്പോള്‍ നിങ്ങളീ കത്തുകളെഴുതിയതും ഇക്കാലം മുഴുവന്‍ കാത്ത് നിന്നതും നിരുപാധികം പ്രണയിച്ചിരുന്നതും നിങ്ങളെ ശരിക്കൊന്ന് ഓര്‍മിച്ചു വെയ്ക്കാന്‍ കൂടി കഴിയാത്ത, ഇനിയൊരിക്കലും ഭേദമാകാനിടയില്ലാത്ത മാനസികാവസ്ഥയുള്ള ഒരാളെയായിരുന്നോ?
ഞാനവളോട് സംസാരിക്കുമ്പോള്‍ എന്റെ മാനസികാവസ്ഥ ഒരു പക്ഷേ അതിനെക്കാളേറെ മോശമായിരുന്നില്ലേ? അല്ലെങ്കിലും ഒരു ജീവിത കാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് വാക്ക് നല്‍കി ഒരു നിമിഷം കൊണ്ടൊരാളെ മറക്കുന്ന മനുഷ്യരെക്കാള്‍ നല്ലതല്ലേ ഒന്ന് ഓര്‍ക്കുവാന്‍ കൂടി കഴിയാത്ത മനുഷ്യര്‍ ! അങ്ങനെയൊരു വാക്കുകളുടെയും ബാധ്യതയില്ലാതെ ആ ജനലഴികളിലൂടെ എനിക്ക് മഞ്ഞ പൂക്കളുടെ വസന്തം നല്‍കിയവളെ ഈ നിമിഷത്തിലും മറ്റെന്തിനെക്കാളുമുപരി ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുപേക്ഷിച്ച് പോയ വസന്തത്തെ ഞാന്‍ എന്റെയുള്ളില്‍ സൂക്ഷിക്കുന്നു.
അദ്ദേഹമത് പറഞ്ഞ് തീര്‍ക്കുമ്പോള്‍ കേള്‍വിക്കാരന്‍ എഴുത്തുകാരനെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. വലിയൊരു ചോദ്യത്തിന്റെ മറുപടി കിട്ടിയതിലുള്ള നിറവിന്റെ ചൂട് അയാള്‍ എഴുത്തുകാരനിലേക്ക് പകര്‍ന്നു.
നിങ്ങളുടെ എഴുത്തുകളില്‍ വിഷാദത്തിന്റെ തരിമ്പ് കൂടിയില്ല, നിറയെ പ്രണയമാണ്. അത് തുടങ്ങുന്നതോ ആ ജനാലകളിലും വള്ളിപ്പടര്‍പ്പിലെ മഞ്ഞപ്പൂക്കളില്‍ നിന്നും. പ്രിയപ്പെട്ട എഴുത്തുകാരാ, നിങ്ങളിനിയുമെന്റെ കണ്ണുകളെ നിറയിക്കുക, അവിടെ ആ റോഡിന്റെ മറുവശത്തു നിന്ന് നിങ്ങള്‍ക്കൊരിക്കലും ദര്‍ശനം നല്‍കാത്ത അവരെ ഇതിലുമേറെ പ്രണയിക്കുക. ഇരുമ്പഴികളും ചില്ലു കണ്ണാടികളുമുള്ള ഒരു ജനാലയില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊന്നിലേക്ക് പടര്‍ന്ന് കയറാന്‍ മാത്രം വേരുകളുള്ള എന്തെല്ലാമോ ഇവിടെയിനിയും ബാക്കിയുണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി.
ഇനിയും നിങ്ങളെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല, ശുഭരാത്രി.
അയാള്‍ വീടിന്റെ മുറ്റത്തേക്കിറങ്ങി പോകാനൊരുങ്ങി.
നില്‍ക്കൂ, ഇത് കൂടി കൊണ്ട് പോകൂ, ഈ കണ്ടുമുട്ടലിന്റെ ഓര്‍മ്മയ്ക്ക്.
എഴുത്തുകാരന്‍ തന്റെ വീട്ടുമുറ്റത്തെ പനിനീര്‍പ്പൂക്കളിലൊന്ന് കേള്‍വിക്കാരന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
മഞ്ഞ നിറമുള്ള ചുവന്ന പനിനീര്‍പ്പൂവ്?
അതെ, മഞ്ഞ നിറമുള്ള ചുവന്ന പനിനീര്‍പ്പൂവ്!
അയാള്‍ പോയിക്കഴിഞ്ഞ് എഴുത്തുകാരന്‍ തന്റെ മേശവലിപ്പില്‍ നിന്നും ചുരുണ്ട കടലാസുകളുടെ ഒരു കെട്ടിനെ പുറത്തെടുത്ത് ഓരോന്നിലും വിരലോടിച്ചു. വഴിയിലെ മനുഷ്യന്‍, ചന്ദ്രനും നക്ഷത്രങ്ങളുമുള്ള ആകാശം, ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശം, സൂര്യാസ്തമയം,ഇരുണ്ട മുറി, ഗ്രാമഫോണ്‍, മഴ, ആല്‍മരം അങ്ങനെയങ്ങനെ അവള്‍ കണ്ടതിനെയെല്ലാം അയാള്‍ വീണ്ടും വീണ്ടും കണ്ടു. ആദ്യത്തേത് ഒടുവിലും അവസാനത്തേത് ആദ്യവും എന്ന രീതിയില്‍ അവയെ വൃത്തിയില്‍ ക്രമമായി അടുക്കി വെച്ചു.
ഏറെ വൈകി എഴുത്തുകാരനത്തേടി ഒരു ഫോണ്‍ വിളിയെത്തി. മറുതലയ്ക്കല്‍ കേള്‍വിക്കാരന്‍.
ഒരു ചോദ്യം വിട്ടു പോയെന്ന് തോന്നി, അതാണ് ഇത്ര വൈകിയിട്ടും ധൃതിയില്‍ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചത്.
എന്താണത്?
എഴുത്തുകാരന്‍ പാതി മയക്കത്തില്‍ ചോദിച്ചു.
-അവര്‍… അവര്‍ അവസാനം നിങ്ങള്‍ക്കായി വരച്ച ചിത്രമെന്തായിരുന്നു?
ഒരു നിമിഷത്തെ മൗനത്തിന്റെ ഇടവേള കഴിഞ്ഞ് എഴുത്തുകാരന്‍ പറഞ്ഞു,
അവളുടെ തന്നെ ചിത്രം, പലകുറി മാറ്റി വരയ്ക്കാത്ത അവളുടെ ഒരേയൊരു ചിത്രം!
മേശപ്പുറത്ത് ക്രമത്തില്‍ അടുക്കി വച്ച ചിത്രങ്ങളില്‍ ആദ്യത്തേതില്‍ മഞ്ഞ അരളിപ്പൂക്കളെ വകഞ്ഞു മാറ്റി ഒരു പന്ത്രണ്ട് വയസ്സു പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ജനലഴികളില്‍ കൈകള്‍ കോര്‍ത്ത് നിന്നു. അന്നേരം തുറന്നിട്ട ജനലഴികള്‍ കടന്നു വന്നൊരു കാറ്റ് ക്രമത്തില്‍ അടുക്കി വെച്ചിരുന്ന ചിത്രങ്ങളെ ക്രമം തെറ്റിച്ച് കടന്ന് പോയി.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – manja niramulla chuvanna panineer poovu – story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here