പകല്‍വീട്

..

ഉണ്ണികൃഷ്ണന്‍ കാവനാട്/ കഥ

എസ്ബിഐ ജീവനക്കാരനാണ് ലേഖകന്‍

അടുത്ത വര്‍ഷം മുതല്‍ ഡേ കെയര്‍ ഫീസ് കൂടുമെന്ന് സാമൂവല്‍ സാര്‍ പറഞ്ഞത് മമ്മ കേള്‍ക്കാതെയാണ് ആന്‍സിയോട് പറഞ്ഞത്. ചെലവുകളുടെ കണക്കുകള്‍ പറഞ്ഞ് ആന്‍സി പൊട്ടിത്തെറിക്കും എന്ന് വിചാരിച്ച് രഹസ്യമായി ആണ് അത് അവളോട് പറഞ്ഞത്.

അവള്‍ക്കു പക്ഷേ വിഷമം ഒന്നും ഇല്ലായിരുന്നു.

’70 വയസ് കഴിഞ്ഞതല്ലേ, എത്ര ആയാലും കൊടുത്തല്ലേ പറ്റൂ’ എന്നതായിരുന്നു അവളുടെ പ്രതികരണം.

‘ മകളുടെ എന്‍ട്രന്‍സ് കോച്ചിംഗ് അടുത്ത മാസം മുതല്‍ സ്റ്റാര്‍ട്ട് ചെയ്യും. പിന്നെ നമ്മള്‍ ആറുമണിയോടെ മത്രമല്ലേ ഓഫീസില്‍ നിന്നും വരികയുള്ളൂ. ഇത്രനേരം വീട്ടില്‍ ആരും ഇല്ലാതെ മമ്മയെ ഒറ്റക്കിരിത്തുന്നത് എങ്ങനെയാണ്. അവര്‍ നന്നായി നോക്കുന്നുണ്ടല്ലോ. മാന്യമായി വണ്ടിയില്‍ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യുന്നു. മുന്‍പുണ്ടായിരുന്ന ഡേകെയര്‍ പോലെ ഇവിടെ രാത്രിയില്‍ മക്കളെയും മരുമക്കളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഹോംവര്‍ക്കോ ആക്ടിവിറ്റികളോ ഒന്നുമില്ല. കൂടെയുള്ള ഫ്രണ്ട്‌സും നല്ല കുടുംബത്തില്‍ നിന്നുള്ളവര്‍. മോശം ശീലങ്ങള്‍ ഒന്നും അവിടെ നിന്ന് പഠിച്ചിട്ട് വീട്ടില്‍ കാണിക്കുന്നില്ല. ആഹാരം കഴിച്ചിട്ട് പാത്രം പോലും കഴുകാറില്ലാതിരുന്ന മമ്മ ഇപ്പോള്‍ ആഹാരത്തിനു ശേഷം പാത്രം കഴുകി വയ്ക്കുന്നതും ടേബിള്‍ ടോപ്പ് ക്ലീന്‍ ചെയ്യുന്നതും കണ്ടിട്ടില്ലേ ? അതാ നല്ല അച്ചടക്കമുള്ള സ്ഥാപനത്തില്‍ കൊണ്ട് ചേര്‍ത്താല്‍ ഉള്ള ഗുണം.

ആറ് മണി വരെ അവര്‍ നോക്കുന്നുണ്ടല്ലോ. അത് കഴിഞ്ഞു വന്ന് ടീവിയുടെ മുന്നിലിരുന്നു കൊള്ളും നമ്മള്‍ക്ക് ശല്യം ഒന്നുമില്ല. പിന്നെ ഫീസ് , അത് മറ്റു മക്കളോട് എല്ലാം അമ്മയ്ക്ക് വേണ്ടിയുള്ള കോണ്‍ട്രിബ്യൂഷന്‍ കൂട്ടാന്‍ പറയണം’.

ത്രേസ്യാമ്മ ഡേ കെയറില്‍ ഹാപ്പി ആയിരുന്നു. പണ്ടൊക്കെ നാട്ടു വര്‍ത്തമാനം പറയാനും കേള്‍ക്കാനും ആയി പല വീടുകളില്‍ കയറി ഇറങ്ങി നടക്കണമായിരുന്നു. പൊങ്ങച്ചക്കാരികള്‍ ആയ മക്കളും മരുമക്കളും പല വീടുകളുടെയും ഭരണമേറ്റെടുത്തത് മൂലം അങ്ങോട്ടൊന്നും കയറാന്‍ പറ്റാത്ത സ്ഥിതിയായി . ഞായറാഴ്ച പള്ളിയില്‍ ആണെങ്കില്‍ കൊണ്ടു പോകുന്നവരുടെ സൗകര്യത്തിനനുസരിച്ച് പോയി വരണം. ഇവിടെ ഇപ്പോള്‍ എല്ലാവരും ഒത്തുകൂടി എന്തൊരു രസമാണ്. രാവിലെ എട്ട് മണിക്ക് വന്നാല്‍ ആറുമണിവരെ സംസാരം തന്നെ സംസാരം. ലോക കര്യങ്ങള്‍ എല്ലാം അറിയാം. സ്‌നാക്‌സ് കൊണ്ടു വന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. ആര് കൊണ്ടുവന്നാലും ഷെയര്‍ ചെയ്തു കഴിക്കാം.

ഉച്ചയ്ക്ക് ആഹാരം ഇവിടെനിന്നും തന്നെ. ആഴ്ചയിലൊരിക്കല്‍ വരുന്ന ഡോക്ടര്‍ ഉണ്ടല്ലോ, അയാള്‍ കണിശക്കാരന്‍ ആണ് പലര്‍ക്കും പല നിബന്ധനകളും വെക്കും. ഉപ്പ് കുറയ്ക്കണം, മധുരം കൂട്ടരുത് എന്നൊക്കെ. അത് അനുസരിച്ച് മാത്രമേ ഓരോരുത്തര്‍ക്കും ഭക്ഷണം കിട്ടുകയുള്ളൂ. എങ്കിലും ഒരുമിച്ചിരുന്ന് പല പാത്രത്തില്‍നിന്ന് കഴിച്ചിട്ട് ഉപദേശം എല്ലാം അങ്ങ് മറക്കും. ഫ്രണ്ട്‌സ് ആരുടെയെങ്കിലും വീട്ടില്‍ വിശേഷങ്ങള്‍ നടന്നാല്‍ സ്‌പെഷ്യലായി എന്തെങ്കിലും അവര്‍ കൊണ്ടുവരും. ഏലിയാമ്മയുടെ മകള്‍ ബെന്‍സ് കാര്‍ വാങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആയിരുന്നു കൊടുത്തു വിട്ടത്. അക്കാര്യം മരുമകളോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്തൊരു ദേഷ്യം ആയിരുന്നു. നാട്ടുകാരുടെ കാര്യം ഇവിടെ വന്നു വിളമ്പരുത് എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. അസൂയ… അല്ലാതെ എന്ത്.

ഏലിയമ്മയുടെ മകള്‍ പുതിയ കാറില്‍ വീട്ടില്‍ കൊണ്ടുവന്നു വിട്ടു കാര്യം അതുകൊണ്ട് മരുമകളോട് പറഞ്ഞില്ല

സാമുവല്‍ സാറിന് ആ മാസത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ‘പകല്‍ വീട് ‘ എന്ന പ്രായമാവരെ സംരക്ഷിക്കുന്ന തന്റെ സ്ഥാപനം വളരെ നല്ല രീതിയില്‍ പോകുന്നു. സമൂഹത്തില്‍ പണക്കാരുടെ ഇടയില്‍ നല്ല സ്റ്റാറ്റസ് ഉണ്ട്. ബാങ്ക് ബാലന്‍സ് വിചാരിച്ചതിലധികം കൂടുന്നുണ്ട്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍ തന്റെ അപ്പോയ്‌മെന്റ്‌ന് വേണ്ടി കാത്തുനില്‍ക്കുകയാണ് . ‘അഡള്‍ട്ട് ഡയപ്പര്‍ ‘ കമ്പനിക്കാര്‍ എപ്പോഴും ശല്യമാണ്. 70 വയസ് കഴിഞ്ഞ എല്ലാവരെക്കൊണ്ടും ഡയപ്പര്‍ വാങ്ങിപ്പിക്കണം എന്നാണ് അവര്‍ പറയുന്നത്. രണ്ട് വീല്‍ ചെയര്‍ ഉള്‍പ്പെടെ നല്ല നല്ല ഓഫറുകള്‍ അവര്‍ സമ്മാനമായി തന്നിട്ടുണ്ട്. 70 വയസ് കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍തന്നെ സ്‌പെഷ്യല്‍ കെയര്‍ ഫീ വാങ്ങുന്നുണ്ട്. 75 വയസിന് മുകളിലുള്ളവര്‍ക്ക് വീക്കിലി ഹെല്‍ത്ത് ചെക്കപ്പ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു വേറെ ആണ് ഫീസ്. കണ്‍സള്‍ട്ടേഷനും മറ്റും ഡോക്ടര്‍മാര്‍ക്ക് വലിയ ഇഷ്ടമാണ്. വലിയ വലിയ ഹോസ്പിറ്റല്‍കാര്‍ ഫ്രീ ആയിട്ടാണ് ഡോക്ടര്‍മാരെ വിട്ടുനല്‍കുന്നത്. ഇക്കാര്യത്തില്‍ ആയുര്‍വേദക്കാരും ഒട്ടും പിന്നിലല്ല .

മാതാപിതാക്കളെ ഇവിടേക്ക് പറഞ്ഞു വിടുന്ന പല കുടുംബങ്ങളുടെയും ആവശ്യം ഇവിടെ നിന്നും നൈറ്റ് കെയര്‍ കൂടി വേണം എന്നാണ്. വൃദ്ധസദനം എന്ന ആശയം അവര്‍ക്ക് ഒട്ടും ഇഷ്ടമല്ലത്രെ. നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന തോന്നല്‍. അവരുടെ വീട്ടില്‍ തന്നെ ആളെ വിട്ട് നൈറ്റ് കെയര്‍ കൂടി ഏര്‍പ്പെടുത്തണമെന്നാണ് പറയുന്നത്. അതാകുമ്പോള്‍ ഒറ്റയ്ക്ക് പേരെന്റ്‌സ്‌നെ വീട്ടില്‍ നിര്‍ത്തിയിട്ട് വിദേശത്തു പോകാമല്ലോ.

ഈ കാര്യത്തില്‍ അല്‍പം പുരോഗതിയുണ്ടായി. പുതിയ സ്റ്റാഫിനെ റിക്രൂട്ട് ചെയ്തപ്പോള്‍ താമസ സൗകര്യം ആവശ്യമുള്ളവരെ ആണ് എടുത്തത്. പലരെയും പല വീട്ടിലും മുറി നല്‍കി താമസിപ്പിച്ച്, ‘പകല്‍ വീട്ടിലെ’ അംഗങ്ങള്‍ക്ക് രാത്രി സംരക്ഷണം കൂടി നല്‍കി. അങ്ങനെ സ്റ്റാഫ് സാലറിയുടെ തൂക നൈറ്റ് കെയറില്‍ നിന്ന് കിട്ടുകയും ചെയ്തു .

കുറച്ച് മുറികളില്‍ ഏസി ഫിറ്റ് ചെയ്യണം. ഡസ്റ്റ് അലര്‍ജി ഉള്ള ഇന്‍-മേറ്റ്‌സിന്റെ ഫാമിലിക്കാര്‍ തന്നെ അത് ചെയ്‌തോളൂം. എല്ലാം അവരുടെ തന്നെ ആവശ്യമല്ലേ. ഞാന്‍ സമ്മതം മാത്രം മൂളിയാല്‍ മതി


വര്‍ഗ്ഗീസ് ചേട്ടന്റെ മരിച്ചടക്കിന് പോയിട്ട് വന്ന ആന്‍സി വളരെ സന്തോഷവതിയായിരുന്നു. ‘വെല്‍ അറേഞ്ച്ഡ് ഫങ്ഷന്‍’ എന്നാണ് അവള്‍ പറഞ്ഞത് .

ഡേ കെയറിയില്‍ വച്ചായിരുന്നു വര്‍ഗീസ് ചേട്ടന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്പിറ്റലിലെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തതിനുശേഷമാണ് സാമുവല്‍ സാര്‍ വീട്ടുകാരെ പോലും വിവരം അറിയിച്ചത്. എല്ലാവിധ പരിചരണവും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. മക്കളെ എല്ലാം കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യം അതുകൊണ്ട് അദ്ദേഹത്തിന് ലഭിച്ചു.

പകല്‍ വീട്ടിലെ അംഗങ്ങളുടെ എല്ലാം വീട്ടുകാരെ വിളിച്ച് അറിയിച്ചിട്ട് , മരണവിവരം ഡേ കെയറിയില്‍ വരുന്ന അവരുടെ മാതാപിതാക്കളെ അറിയിക്കരുത് എന്ന് പറയുകയും ചെയ്തു. ചിലര്‍ക്ക് അത് മെന്റല്‍ ഷോക് ആയാലോ.

പള്ളിയിലെ ഒരുക്കങ്ങളും ചടങ്ങിനു ശേഷം ഉള്ള ഭക്ഷണവും എല്ലാം നന്നായി. ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിനെക്കള്‍ കൃത്യതയോടു കൂടി സാമുവല്‍ സാറ് എല്ലാം അറേഞ്ച് ചെയ്തു.

മരിച്ചടക്കിന് സാധാരണ ചായയുടെ കൂടെ ബിസ്‌ക്കറ്റ് ഉഴുന്നുവട എന്നിവയാണ് കൊടുക്കാറുണ്ടായിരുന്നത്. ഇന്ന് പപ്‌സ് ആയിരുന്നു. വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ആവശ്യത്തിന്. ഇത്രയും രുചിയുള്ള പഫ്‌സ് ഇതുവരെ കഴിച്ചിട്ടേ ഇല്ല. അതുകൊണ്ട് ഒന്നിന് പകരം രണ്ടെണ്ണം തന്നെ കഴിച്ചു. കുറ്റം പറയരുതല്ലോ ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു .

പിന്നെ വര്‍ഗീസ് ചേട്ടന്റെ മരുമകള്‍ ഇട്ടിരുന്ന കറുത്ത ബ്ലൗസ് പുതിയതായിരുന്നു. കഴുത്ത് എല്ലാം നന്നായി ഒതുക്കി വൃത്തിയായി തയ്ച്ചിരിക്കുന്നു. ഇതിനിടയില്‍ അവള്‍ എവിടെ കൊടുത്തത് തുന്നിച്ചത് ആയിരിക്കും അത് .? അതോ അതും എമര്‍ജന്‍സി ആയിട്ട്‌സാമുവല്‍ സര്‍ തന്നെ ചെയ്യിപ്പിച്ചതാകുമോ ?

ആയിരിക്കും .

അടുത്ത തവണ ഡേകെയറില്‍ പോകുമ്പോള്‍ അതെല്ലാം ഒന്ന് തിരക്കി വയ്ക്കണം?

ആപത്ത് ആരുടെ കുടുംബത്തിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമല്ലോ? എല്ലാ കാര്യത്തിലും പരിചയമുള്ള ഒരു വിശ്വസ്തന്‍ ആ സമയത്ത് നോക്കിനടത്താന്‍ ഉണ്ടായാല്‍ ഒരു വലിയ കാര്യമല്ലേ? അപ്പോള്‍ പണമെത്ര എന്ന് നോക്കിയിട്ട് എന്ത് കാര്യം? സമൂഹത്തില്‍ അന്തസോടെ ജീവിക്കണമെങ്കില്‍ ഇങ്ങനെയുള്ള ആളുകളെ എപ്പോഴും കൂട്ട് പിടിക്കണം.


ഭര്‍ത്താവ് രാത്രിയില്‍ പുറത്തിറങ്ങി രഹസ്യമായി ആരോടോ സംസാരിക്കുന്നത് കണ്ടപ്പോള്‍ ആന്‍സിക്ക് സംശയം തോന്നി.

ചോദിച്ചപ്പോള്‍ ഓഫീസിലെ ഹരിയുടെ കോള്‍ ആണ് എന്ന് കാണിച്ചു തന്നു.

രാത്രിയില്‍ ബെഡ് റൂമില്‍ വച്ചാണ് ഹരിയുടെ ഫോണ്‍ കാളിന്റെ കാര്യം പറഞ്ഞത്.

മമ്മ കേള്‍ക്കാതിരിക്കാന്‍ ആണത്രേ പുറത്തുപോയി സംസാരിച്ചത്.

ഹരിയും ഭാര്യയും ജോലിക്കു പോയാല്‍ അവന്റെ അമ്മ ഒറ്റയ്ക്കാണ്. പ്രായം അധികം ഇല്ലാത്തതിനാലും മറ്റു രോഗങ്ങള്‍ ഇല്ലാത്തതിനാലും ഇതുവരെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പക്ഷേ പകല്‍സമയങ്ങളില്‍ പലപ്പോഴും അവര്‍ ഗേറ്റിനടുത്ത് വന്ന്‌നിന്ന് നാട്ടുകാരോട് എല്ലാം സംസാരിക്കുന്നു. വാട്ട്‌സ്ആപ്പും ഫേസ്ബുക്കും ഒക്കെ ഉള്ള ഈ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റുകയില്ലല്ലോ. ദിവസവും ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. പകല്‍ ഒറ്റക്കല്ലേ എന്ന് വിചാരിച്ച് ഒരു വേലക്കാരിയെ വെച്ചാലും അവര്‍ക്ക് പതിനായിരം രൂപ മാസം കൊടുക്കണം. വീട് എല്ലാം തുറന്നിട്ട് പോകേണ്ടിവരും. അവരുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്തതിനാല്‍ വേലക്കാരിയെ വേണ്ടെന്നുവെച്ചു. കാര്യങ്ങളെല്ലാം പുറത്തുള്ളവര്‍ അറിയുന്നത് മോശമല്ലേ?

അങ്ങനെയാണ് ഹരി ‘പകല്‍ വീട് ‘ നെക്കുറിച്ച് കേള്‍ക്കുന്നത്. 60 വയസില്‍ താഴെ ഉള്ളത് കൊണ്ട് അവിടെ അഡ്മിഷന്‍ കിട്ടുമോ എന്ന് ഒരു സംശയം.

അവിടെ ഒരു അഡ്മിഷനു വേണ്ടി റെക്കമെന്‍ഡ് ചെയ്യാനാണ് എന്നെ വിളിച്ചത്. ഞാനത് സമ്മതിച്ചു.

ആന്‍സി ഒന്നും മിണ്ടിയില്ല .

ഒരു നെടുവീര്‍പ്പിടുക മാത്രം ചെയ്തു.

തങ്ങളുടെയും വാര്‍ധക്യകാലം ഇതുപോലെ ആകുമോ എന്ന് ചിന്തിച്ചുകൊണ്ട് ഇരുവരും കട്ടിലിന്റെ രണ്ടു വശങ്ങളിലേക്ക് ചരിഞ്ഞു കിടന്നു….

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights pakalveedu – story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top