ഒരു ദുബായ് സോപ്പ്
..
നജ്മ നവാര്‍/ കഥ
ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക
കുഞ്ഞവറാന്‍ തിരിച്ചു പോന്നു. കിളിതത്തമ്മ ബസ് നാല്‍ക്കവലയിലെത്തുന്നതിന് മുന്നേ ഇറങ്ങി, ചെരിപ്പൂരി കാട്ടിലെറിഞ്ഞ്, കണ്ടം കേറി തേങ്ങായെണ്ണി തോടിറങ്ങി മീനെണ്ണി നടന്നു.
നാലും കുടിയ വഴിയിലെ നച്ചിനകത്തെന്ന്, പെയിന്റ് പൂശിയ പീടികച്ചുമരിനകത്തൂന്ന്, നച്ചിനകത്ത് രാവുണ്ണി തല നീട്ടി അന്ധാളിച്ച് നോക്കി നിന്നു.
മുണ്ടിന്റെയൊരു തല കയ്യിലും പിടിച്ച് കക്ഷത്തു വെച്ച പുത്തന്‍ കവര്‍ വീഴാതെ മറ്റെ കൈയൊന്ന് പൊക്കി കാണിച്ച് അവറാന്‍ പാടവരമ്പത്തേക്ക് കയറി.
‘ചേട്ടാ ഒരു ദുബായ് സോപ്പെന്ന് ‘ ചെറുപുരക്കലെ പേരക്കുട്ടീടെ കുട്ടി മുപ്പത് രൂപാ നീട്ടിയപ്പോഴാണ് രാവുണ്ണിക്ക് സ്ഥലകാലബോധമുണ്ടായത്.
തലനീട്ടിപ്പിടിച്ച് നോക്കിയപ്പോള്‍ കുഞ്ഞവറാന്‍ പാടം കഴിഞ്ഞും പോയിരുന്നു. ബ്രോക്കറ് ശശീടെ പുത്തന്‍ വീടിന് മുന്നിലെത്തിയപ്പോഴാണ് സ്വപ്നത്തിലെന്ന പോലെയുള്ള ആ നടത്തം വിട്ട് കുഞ്ഞവറാനൊന്ന് കിതച്ച് നിന്നത്.
പോക്കുവെയിലില്‍ കുളിച്ചു നിന്ന ആ കൂറ്റന്‍ വീടു കണ്ടപ്പോള്‍ താനൊരിക്കെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണില്‍ നിന്ന് കൂവിയൊരു കൂവലോര്‍ത്ത് അവറാനൊന്ന് കുലുങ്ങിച്ചിരിച്ചു. ടിവി കുഞ്ഞവറാന് പണ്ടേ കണ്ടു കൂടാത്തതാണ്. ദുബായിലുള്ള പ്രത്യേകം മലയാളം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു അന്ന്.
‘പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍’
ദാസേട്ടന്റെ മധുരമായ ശബ്ദം കേട്ടപ്പോള്‍ കുറച്ച് ശുദ്ധവായു ശ്വസിക്കാമെന്ന് കരുതി ബാല്‍ക്കണിയിലേക്കിറങ്ങിയതായിരുന്നു.
ചൂടുള്ള വെയിലിന്റെ ആവി തട്ടി ഒന്നു പതച്ചെങ്കിലും ബാല്‍ക്കണിയിലെ ചട്ടിയില്‍ വേരുനിറഞ്ഞു പെറ്റ അക്യേഷ്യാ മരത്തിന്റെ തണലിലേക്ക് ചാരി നിന്നു.
ഇരുളും കുന്നിന്റെ ഉച്ചീല്‍ കേറി നിന്ന് താഴെ പാടം നോക്കി മേലെ മേഘം നോക്കി, പറന്ന പക്ഷിയേ നോക്കി….
‘കൂ….യ്….. ‘
അവറാന്‍ നീട്ടിയങ്ങ് കൂവി.
പണി നടന്നു കൊണ്ടിരുന്ന തൊട്ടടുത്ത ഫ്‌ലാറ്റിലേക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ തൂക്കിപ്പിടിച്ചു നിന്ന ക്രെയിനിന്റെ കമ്പിയിലൊന്ന് മീട്ടി മൂന്നു നില റോഡിലെ തിരക്കിലേക്കാ ശബ്ദം കടല്‍ക്കാറ്റു തിരഞ്ഞ് ഓടിപ്പോയി.
ബാല്‍ക്കണിയുടെ കമ്പിയില്‍ പിടിച്ച് ആ പോക്കു നോക്കി കുഞ്ഞവറാനൊന്ന് കുലുങ്ങിച്ചിരിച്ച് തിരിഞ്ഞു നിന്നപ്പോള്‍ അടുത്ത ഫ്‌ലാറ്റിലെ മിസിസ് നായര്‍ കോതിയ മുടിയില്‍ നിന്ന് വിരലെടുക്കാതെ കണ്ണും തള്ളി നിന്ന ആ നില്‍പ് ഓര്‍ത്ത് തള്ളവിരലില്‍ കടിച്ച ചോണനുറുമ്പിനെ നുള്ളിയിട്ട് അവറാന്‍ വീണ്ടും നടന്നു.
‘അവറാനല്ലായോ അത്?
എടാ അററാച്ചാ…..’
റാവുത്തരുമ്മ കുഞ്ഞവറാനെ കണ്ടതും വയ്യാത്ത കാല് കുത്തിയും വലിച്ചുമോടി.
കുഞ്ഞവറാന്‍ തിരിഞ്ഞു നിന്നു.
‘എന്നാക്കെയുണ്ട് രാവുത്തരുമ്മാ….’
‘എടാ നീയെന്നാടാ പാടത്തൂടെ ഓടുന്നേ… നിന്റെ കൊച്ചെന്ത്യേ… അവനെ നീയാ മരുഭൂമീല്‍ ഒറ്റക്കിട്ട് പോന്നോ?’
ഓട്ടത്തിനിടയില്‍ വേച്ചുവേച്ച് ഉമ്മ ചോദിച്ചു.
‘കാലു വേദനക്ക് കുറവൊന്നുമില്ലാന്ന് പറഞ്ഞിട്ട് എന്നാ ഓട്ടമാ ഓടുന്നേ…
പശൂനെ കെട്ടാനാവുമ്പക്കിന് വീടെത്തണം. ഞാമ്പോണ്.’
ഓടിയ ഓട്ടമെല്ലാം വെറുതെയായെന്ന് വന്ന വഴിയും നടന്നു നീങ്ങുന്ന അവറാനെയും മാറി മാറി നോക്കി രാവുത്തരുമ്മ പിറുപിറുത്തു.
‘എന്നാലും ഇവനീ വയസാംകാലത്തെന്നാ പറ്റിയാന്നേ… ‘
പാടം കേറി വീടിന്റെ അതിരിലെത്തിയപ്പോള്‍ കായ്ച്ചു നിന്ന മുരിങ്ങ മരമൊന്ന് കുലുക്കി നോക്കി. സുപരിചിതമായ രീതിയിലൊന്ന് കുലുങ്ങി മഞ്ഞ മുരിങ്ങയിലകള്‍ പൊഴിച്ച് ആ മരം അയാളെ നോക്കി ചിരിച്ചു.
‘എടാ കേശാച്ചുവേ, രണ്ട് മൂന്ന് മൂത്ത മുരിങ്ങാ പറിച്ചാ മേരിപ്പെണ്ണിന്റെ കൈയ്യില്‍ കൊടുത്ത് രാത്രിക്കൊരു തോരനങ്ങ് വെക്കാന്‍ പറ’
ചാണകം വാരുന്ന ചൂലും മുറവും താഴെയിടാന്‍ മറന്ന് തുറന്ന വായുമായി തൊഴുത്തില്‍ നിന്നിറങ്ങി വന്ന കേശാച്ചു കുഞ്ഞവറാനെക്കണ്ട് മിഴിച്ചു നിന്നു പോയി.
ചാണകത്തിലിരുന്ന ഈച്ചയെല്ലാം വായില്‍ കേറുമെടാ. വായടച്ചുവെക്കെന്ന് താക്കീതു ചെയ്ത് കുഞ്ഞവറാന്‍ വീട്ടിലേക്കുള്ള വഴിയേ കേറിപ്പോയി.
അവറാച്ചന്‍ പോയ്ക്കഴിഞ്ഞിട്ടും കണ്ണില്‍ നിന്നും മായും വരെ കേശാച്ചു വാതുറന്നു തന്നെ നിന്നു. പിന്നെ ചൂലും മുറവും താഴെയിട്ട് അടുക്കള മുറ്റത്തേക്കോടി.
കുഞ്ഞവറാന്‍ ഉമ്മറത്തേക്ക് കയറി വാതില്‍പടിയില്‍ തൂക്കിയിട്ട പഴകി മങ്ങിയ ഗാന്ധിജിയുടെ ഫോട്ടോയിലേക്ക് നോക്കി.
കക്ഷത്തെ ദുബായ് കവറെടുത്ത് തിണ്ണയില്‍ വെച്ച് ഷര്‍ട്ടഴിച്ച് വെറും നിലത്തേക്ക് വിസ്തരിച്ചു കിടന്നു.
ഒരു വടക്കന്‍ കാറ്റ് അതിരു കടന്ന് മുറ്റത്തെ ചെമ്പരത്തിയുടെ പിന്നിലൊന്ന് കറങ്ങി നിന്ന് ചാരുപടിയില്‍ വന്നെത്തി നോക്കി.
‘എന്നാലും അവറാനെന്നാത്തിനാ തിരിച്ചു പോന്നേ?’
‘എടീ മേരിപ്പെണ്ണേ… ‘
വിളിയങ്ങ് അടുക്കളേലടുപ്പിലെ തീച്ചൂടില്‍ വീഴുന്നേന് മുന്നേ വാതില്‍ക്കല്‍ മറുപയെത്തി.
‘എന്നായേമാനെ’
കയ്യും കുത്തിയെണീറ്റ് നടുവൊന്ന് വളച്ച് വെട്ടി കവറില്‍ കയ്യിട്ട് ഒരത്തറു കുപ്പിയെടുത്ത് ഇന്നായെന്നവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. വേണ്ടായെന്ന് പറയാന്‍ പോലുമാവാതെ അന്തം വിട്ട് ആ പളുങ്കുപാത്രമവള്‍ കയ്യില്‍ വാങ്ങി.
ചാരുപടിയിന്മേല്‍ തൂങ്ങി നിന്ന കേശാച്ചുവിനും ഒരു ദുബായ് സിഗരറ്റിന്റെ പാക്കറ്റ് എറിഞ്ഞു കൊടുത്തിട്ട് കവറില്‍ അവസാനമുണ്ടായിരുന്ന ദുബായ്‌സോപ്പുമെടുത്ത് കയ്യില്‍ പിടിച്ച് കേശാച്ചൂ എന്ന് നീട്ടി വിളിച്ച് കുഞ്ഞവറാന്‍ കുളക്കരയിലേക്ക് നടന്നു കഴിഞ്ഞു.
കയ്യില്‍ വന്നു പെട്ട സാധനവും നോക്കി നിന്ന കേശാച്ചു പെട്ടെന്ന് അവറാന്റെ പിറകേ ഓടി. അത്തറിന്റെ കുപ്പി തിണ്ണയില്‍ വെച്ച് അവറാന്‍ വെച്ചിട്ടു പോയ കവറെടുത്ത് മണത്ത് നോക്കിക്കൊണ്ട് മേരി അവര്‍ പോയ വഴിയേ നോക്കി നിന്നു.
ചീരച്ചാലിലെ മുഹമ്മദ് കുട്ടിയും ചെറു പുരക്കലെ കേശവനും നച്ചിനകത്തെ രാവുണ്ണിയും കൂടി വെയിലോടിപ്പോയ വെട്ടത്തില്‍ പാടം കടന്നോടി വരുന്നുണ്ടായിരുന്നു.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – oru dubai soap – story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here