സൗദാമിനി

..

അക്ഷയ് ഗോപിനാഥ്/കഥ

ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖകന്‍

‘എട്ട്, ഒന്‍പത് ,ഒന്‍പത് ‘
‘ഒമ്പത് കഴിഞ്ഞിട്ട് പിന്നേം ഒമ്പത് തന്ന്യാ ?? പത്തെവിടെ ?? ‘

പത്തെണ്ണിയിട്ടും കറണ്ട് വന്നില്ലേല്‍ ഈ പിള്ളേര് തിന്നാളയല്ലോ എന്നോര്‍ത്തങ്ങനെ ഇരിക്കുമ്പോഴാണ് കാറ്റ് വന്ന് ആകെ ഉണ്ടായിരുന്ന മണ്ണെണ്ണ് വിളക്ക് കൂടെ ഊതി കെടുത്തി പോയത്.

‘ തീപ്പെട്ട്യേട്ത്തൂ ?? ‘
നിലക്കടല നെറച്ച പാത്രത്തില്‍ തൊലി കളയാന്‍ കുമ്പലാക്കൊറ്റനെ ഞെക്കി ആ മണം കിട്ടിയപ്പോഴാണ് ജാനു ചോദിച്ചത്.

ഗള്‍ഫീന്ന് കൊണ്ടോന്ന കറുത്ത കട്ട ടോര്‍ച്ച് തപ്പിയെടുത്ത് കോലാന്ന് അകത്തേക്ക് അടിച്ചു കൊടുത്തു.

‘ പോയെടുക്കിന്‍ ടാ , അലമാരേല്‍ കാണും ‘
ആകെ അനുസരണ മോന്റെ ഇളയവന് മാത്രേ ഉള്ളൂ. മടീല്‍ കേറ്യാല്‍ ഇറങ്ങില്ല.

‘ മണ്ടണ്ട , തട്ടി വീഴും. ‘

തീപ്പെട്ടി വച്ച അലമാരേന്റെ മൂലയ്ക്കുള്ള തകരപ്പെട്ടി തുറന്ന് കടലാസ് കൈയ്യിട്ടു വാരുംന്ന് വിചാരിച്ചിരുന്നില്ല.

തീപ്പെട്ടി ഉരച്ച് കത്തിച്ച് കൊള്ളി ഉമ്മറത്തൂന്ന് കാലൂന്നിയിലേക്കെറിഞ്ഞ് ബാക്കി എണ്ണാന്‍ നില്‍ക്കുമ്പോള്‍ ചെക്കന്റെ കൈയില്‍ കടലാസ് കണ്ടിരുന്നു.

ജാനൂന്റെ കൈയ്യിന്ന് കടല വാങ്ങി വായിലിട്ട് ചവച്ച് അണപ്പല്ലില്‍ കുടുങ്ങിയത് നാക്ക് വെച്ച് തുഴഞ്ഞപ്പോഴാണ് വായന തുടങ്ങിയത്.

‘ സൗദാമിനിക്ക് ,
ഇന്നലെ കണ്ടില്ലല്ലോ ??
ഞാനെത്ര നേരം കാത്തുനിന്നെന്നറിയാമോ??’
വിരലുവെച്ചരിച്ച് വായിക്കാന്‍ സമയം കൊടുത്തില്ല.

അപകടം മണത്തയുടന്‍ കടലാസ് തട്ടിപ്പറിച്ചു വാങ്ങി. നല്ല പ്രായണ്ട്. കത്തിനും.

ബാക്കി കൂടെ മണ്ണെണ്ണത്തിരിയുടെ അടുത്തുന്ന് വായിച്ചിട്ട് ജാനുന്റെ കണ്ണുവെട്ടിച്ച് സൗദാമിനിടെ കൈയ്യും പിടിച്ച് പത്താം ക്ലാസ്സിലെ ആടുന്ന ബെഞ്ചില്‍ പോയിരുന്നു.

ആ ചോന്ന വെളിച്ചത്തില്‍ പഴക്കം ചെന്ന ആ കടലാസ് ഒന്നൂടെ തിളങ്ങി.
പത്തെണ്ണി നൂറായിട്ടും കറണ്ട് വരാണ്ടായപ്പോള്‍ പിള്ളേര് സുയിപ്പാക്കിയപോഴാണ് ഉച്ചക്കഞ്ഞിക്ക് ഞെട്ടിയെഴുന്നേറ്റത്.
പുളിയിഞ്ചി ഈമ്പി അവിടെ ആ വരാന്തയില്‍ തന്നെ നില്‍ക്കാന്‍ തോന്നി.

കറണ്ട് വന്നു.

ചോറ് വിളമ്പാന്‍ പോവുമ്പോള്‍ ജാനൂന്റെ മുഖം എളോര്‍ മാങ്ങ കണക്കുണ്ടായിരുന്നു.

കഴിച്ച് തീരും വരെ പിള്ളേര് സൗദാമിനിയെക്കുറിച്ച് ചോദിച്ചോണ്ടിരുന്നു. സൗദാമിനി ഇന്നും ഒരോര്‍മ്മയാണ് വസൂരിക്കല മായാത്ത പോലൊരോര്‍മ്മ

അരക്കെട്ടില്‍ തിരുകിയ കത്ത് ഇനി ഒരിക്കലും ആരേയും കാണിക്കരുതെന്നോര്‍ത്തു. ജാനുനോട് ഇനി എന്ത് പറയും ??

പഴന്തുണിയില്‍ കെട്ടി കുഴിച്ച് മൂടിയത് ചെക്കന്‍ ഇപ്പോള്‍ കുത്തിയിളക്കി മാന്തിയെടുത്തതെന്തിനാ ??

ആവോ??

വീണ്ടും പവര്‍ കെട്ടായി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights soudamini – story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top