ഇന്നത്തെ പ്രധാന വാർത്തകൾ (11-11-2020)
നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു : സ്വപ്‌നാ സുരേഷ്
ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. സ്വപ്നയെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഓൺലൈൻ മാധ്യമങ്ങൾ ഇനി കേന്ദ്രസർക്കാരിന്റെ കീഴിൽ
ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോർട്ടലുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. കേന്ദ്രസർക്കാർ ചട്ടങ്ങൾ ഇതോടെ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമാകും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി (35) ആണ് മരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എന്‍സിപി മത്സരിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പരാതിയാണ് വിമത നീക്കത്തിന് പിന്നില്‍. സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഇത്തവണ നല്‍കിയില്ലെന്നും സീറ്റുവിഭജനത്തില്‍ സിപിഐഎം വിവേചനം കാണിച്ചു എന്നുമാണ് എന്‍സിപിയുടെ പരാതി.
മലപ്പുറത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ
മലപ്പുറം പോത്തുകല്ലിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭർത്താവ് വിനേഷിനെ റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നീണ്ട നേരത്തെ ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തി. ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Story Highlights – todays news headlines november 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here