ലോട്ടറി

ലിധേഷ് വെള്ളോത്ത്/കഥ

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവാണ് ലേഖകന്‍

പതിവുപോലെ അമ്പലത്തില്‍ തൊഴുതു മടങ്ങുകയായിരുന്നു സുതന്‍… എപ്പോഴും മുന്നില്‍കൂടി പോയാലും വിളിക്കാത്ത കൈനോട്ടക്കാരന്‍ ഇന്ന് കൈമാടി വിളിച്ചതുകൊണ്ടാണ് അയാള്‍ പോയി കൈനീട്ടികൊടുത്തത്… ഭൂതം പറഞ്ഞപ്പോള്‍ ഭാവിയിലെ കാര്യം അറിയാന്‍ അയാള്‍ക് ആഗ്രഹം തോന്നി…അത് മനസിലാക്കിയ കൈനോട്ടക്കാരന്‍ അയാള്‍ക്ക് വായില്‍ തോന്നിയതൊക്കെ പറഞ്ഞു.. കൈയിലേക്ക് വല്യ ഒരു സമ്പത്ത് വരാന്‍ പോകുന്നു പക്ഷെ അത് അനുഭവിക്കാനുള്ള യോഗം കാണുന്നില്ലല്ലോ എന്നും പറഞ്ഞാണയാള്‍ നിര്‍ത്തിയത്…

ഏതായാലും സമ്പത്ത് വരുന്നുണ്ടല്ലോ, എന്ന ആശ്വാസത്തില്‍ നൂറു രൂപ അയാളുടെ തുറന്നു പിടിച്ച ഡയറിയില്‍ വച്ച് കൊടുത്തു സുതന്‍ നടന്നു. സ്ഥിരം പോകാറുള്ള ലോട്ടറി കടയില്‍ കയറി ഒരു ടിക്കറ്റും എടുത്തു വീട്ടിലേക്കു പോയി.

കടുത്ത ദാരിദ്ര്യത്തില്‍ നിന്നും പതുക്കെ ഇടത്തരം സാമ്പത്തിക സ്ഥിതിയിലേക്ക് പിച്ച വച്ചു വന്നവനാണ് സുതന്‍. അച്ഛന്‍ രണ്ടുകാലും തളര്‍ന്നു കിടപ്പായത് കൊണ്ട് തന്നെ അമ്മ എപ്പോഴും കൂടെ വേണം. പെങ്ങളുടെ കല്യാണം കഴിഞ്ഞു. അഞ്ചാറു വര്‍ഷമായി ഇടക്ക് വരാറുണ്ടവള്‍ ..സുതനു നാട്ടിലെ സോപ്പ് കമ്പനിയിലാണ് പണി… കടുത്ത ദൈവവിശ്വാസിയും വാക്കിനു വിലകല്പിക്കുന്നവനുമാണ്…

മാറ്റാന്‍ പറ്റാത്തതായി ഒരു ശീലമുണ്ട് മൂപ്പര്‍ക്ക്… കിട്ടുന്ന പൈസക്ക് ലോട്ടറി എടുക്കും.. അഞ്ഞൂറും ആയിരവും ഒക്കെ ഇടയ്ക്ക് കിട്ടാറുണ്ട്… അതുകൊണ്ട് തന്നെ വല്യ പ്രതീക്ഷയിലാണ് പുള്ളി ..

ലോട്ടറി എടുക്കുന്നതും ഫലം നോക്കുന്നതിനൊക്കെ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. എട്ട് ആണു ഭാഗ്യ നമ്പര്‍… എല്ലാ അക്കങ്ങള്‍ കൂട്ടിയാലും എട്ട് വരുന്ന ടിക്കറ്റ് മാത്രെ എടുക്കാറുള്ളൂ. നറുക്കെടുപ്പിന് രണ്ടു ദിവസമെങ്കിലും മുന്നേയുള്ള ടിക്കറ്റ് വേണം.. അതെന്തിനാണെന്ന് ചോദിച്ചാല്‍.. പ്രാര്‍ത്ഥിക്കാന്‍ സമയം വേണം.. ലോട്ടറി നറുക്ക് അയാള്‍ക് വീഴാന്‍ നേര്‍ച്ചയായി വീതം വെപ്പ് ഉണ്ട്. ദേവിക്ക് ഇത്ര ശതമാനം ശിവനും കൃഷ്ണനും ഇത്ര ശതമാനം കുട്ടിച്ചാത്തനും ഭഗവതിക്കും വരെ ഓഹരിയുണ്ട്.. ബാക്കി മതി അയാള്‍ക്ക്.

നറുക്കെടുപ്പ് കഴിഞ്ഞു ഫലം വന്നാലും ഒരാഴ്ച കഴിഞ്ഞേ അത് നോക്കാറുള്ളു. അതിനും അയാള്‍ക്കൊരു കാരണമുണ്ട്. ലോട്ടറിയിലെ ഒന്നാം സമ്മാനം കൊണ്ട് പകല്‍ സ്വപ്നങ്ങളില്‍ കൊട്ടാരങ്ങള്‍ പണിയും. പുത്തന്‍ കാറിലെ യാത്ര. കടം ചോദിച്ചു വരുന്നവര്‍ക്ക് വാരിക്കോരി കൊടുക്കുന്നത് അതങ്ങനെ നീളും. അഥവാ നറുക്ക് വീണില്ലെങ്കില്‍ ആ ലോട്ടറിയുടെ മുപ്പതു രൂപ അയാള്‍ മുതലാക്കുന്നത് ഇതിനിടയിലെ ദിവസങ്ങളിലാണ്.. സ്വപ്നത്തില്‍ എങ്കിലും അയാള്‍ രാജാവായി വാഴും ആ ഒരാഴ്ചക്കാലം…

അങ്ങനെയിരിക്കെ ഒരു ദിവസം പെങ്ങളെ കുട്ടിയെ കളിപ്പിച്ചിരിക്കുമ്പോഴാണ് ലോട്ടറി കടയിലെ സുകു കണ്ണും തള്ളി വന്നു പറഞ്ഞത്. തലേ ദിവസം നറുക്കെടുത്ത ലോട്ടറിയില്‍ ഒന്നാം സമ്മാനം സുതന്‍ എടുത്ത ലോട്ടറിക്കാണെന്ന്.
സുതനു വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. സുകു കുലുക്കി വിളിച്ചു ടിക്കറ്റ് എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു..

സുതന്‍ അകത്തുപോയി ഷര്‍ട്ടിന്റെ കീശയിലെ കുഞ്ഞു ബുക്ക് എടുത്തു നിവര്‍ത്തി നോക്കി.. തിരിച്ചു മറിച്ചും നോക്കി… വീണ്ടും കീശയില്‍ തപ്പി… അപ്പോഴേക്കും സുകു അകത്തേക്ക് വന്നു വീണ്ടും ചോദിച്ചു.. ‘ടിക്കറ്റ് എവിടേ? ‘സുതന്‍ കൈമലര്‍ത്തി.. വിക്കി വിക്കി പറഞ്ഞു ‘കാ … കാണുന്നില്ല.. കീശയിലെ ചെറിയ ബുക്കിലായിരുന്നു വച്ചത് ‘
വീട് മൊത്തം അരിച്ചു പെറുക്കി എല്ലാരും..

സുതന്‍ തലക്ക് കൈയ്യും കൊടുത്തു ഒരു ഭാഗത്തു ഇരിപ്പുണ്ട്… മരണ വീട് പോലെയായി ആ വീട്…
സുതനു സങ്കടം സഹിക്കാന്‍ പറ്റിയില്ല.. ദൈവം ദൈവത്തിന്റെ പാതി ചെയ്തു… തനിക്കു ഒരു തുണ്ട് കടലാസ് സൂക്ഷിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് വിലപിച്ചു… നേര്‍ച്ചയിട്ട പൈസ കൊടുക്കണം… ദൈവത്തോടാണെങ്കിലും പറഞ്ഞ വാക്ക് പാലിക്കണം… സുതന്റെ മനസ് കിടന്നു തിളച്ചു…. ഭയവും.. സങ്കടവും… നിരാശയും.. എല്ലാം സുതനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചു… അതിന്റെ പരിണിത ഫലം… ഒരു നൈലോണ്‍ കയറില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു സുതന്‍.

റോഡരികിലെ വെള്ളക്കെട്ടില്‍ കടലാസു തോണിയായി ആ ലോട്ടറി ടിക്കറ്റ് ഒഴുകി കളിക്കുന്നുണ്ടായിരുന്നു അപ്പോഴും…….

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Lottery – story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top