Advertisement

ഐഹയുടെ പൂവുകൾ

November 18, 2020
Google News 6 minutes Read

..

നോവിദ്/ കഥ

ജർമനിയിൽ അക്കൗണ്ട് മാനേജറായി ജോലി നോക്കുകയാണ് ലേഖകൻ

ഞാൻ മരിച്ചിരിക്കുന്നു! ഇന്നലെയാണ് ഞാൻ മരിച്ചത്. ഇന്നലെയും ഞാൻ മരിക്കുന്നതായി സ്വപ്നം കണ്ടിരുന്നു. എന്റെ സ്വപനത്തോടുകൂടി ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു, അതൊരിക്കലും യാദൃച്ഛികം ആണെന്നെനിക്കു തോന്നുന്നില്ല. കാരണം ഞാൻ എന്നും ഉറങ്ങുവാൻ പോകുന്നത് തന്നെ സ്വപ്നങ്ങൾ കാണുവാൻ വേണ്ടിയായിരുന്നുവല്ലോ.

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. അവിടവിടെയായി എഴുതി മുഴുമിപ്പിക്കാത്ത കഥാവശിഷ്ടങ്ങൾ. വലിച്ചുവാരിയിട്ടിരിക്കുന്ന വസ്തുക്കൾ. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന കടലാസുകൾ. മഷിയുണങ്ങി കറപിടിച്ചമേശമേൽ തുറന്നുകിടക്കുന്ന പേന. മരണവിവരങ്ങളും, മരണാന്തരവിവരങ്ങളും.

കൃത്യമായി എഴുതിയെടുക്കുവാൻ തുനിയുന്ന ശവസംസ്‌കാര ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥന്റെ വിരലിനിടയിൽ തിരിയുന്ന പേനയിലേക്കുള്ള എന്റെ തുറിച്ചുനോട്ടം മനസിലായിട്ടാവുമോ, അയാൾ പേനയുടെ പിൻഭാഗംകൊണ്ടു മേശമേൽ തട്ടി, കടലാസിൽ നിന്ന് കണ്ണെടുത്ത് എന്റെ നേരെ നോക്കി.

ഇന്നലെ എപ്പോഴായിരുന്നു മരണം സംഭവിച്ചത്? ‘രാത്രിയിലെപ്പോഴോ’.

‘മരിക്കുന്നുവെന്നു ഞാൻ സ്വപനം കാണുകയായിരുന്നു. അങ്ങനെ തന്നെ ഞാൻ മരിക്കുകയും ചെയ്തു. കൃത്യമായ സമയം അറിയില്ല’ അയാൾ അതത്ര വിശ്വസിക്കാതെ എന്നെ നോക്കി, പിന്നെയും ചോദിച്ചു.

‘ആരെയെങ്കിലും അറിയിക്കുവാനുണ്ടോ’, ആരെ അറിയിക്കുവാൻ? ഞാൻ സ്വയം ചോദിച്ചു. ആരും ഉണ്ടായിരുന്നില്ലല്ലോ. ‘ഇല്ല ആരുമില്ല, ആരും ഉണ്ടായിരുന്നില്ല’.’ആർക്കുവേണ്ടിയും ഞാനൊരിക്കലും ഉണ്ടായിരുന്നിട്ടില്ല’.

ശബ്ദം കുറഞ്ഞ ഒരു മൂളിച്ചക്ക് ശേഷം വീണ്ടും അയാൾ. ‘എവിടെയാണ് സംസ്്കരിക്കേണ്ടതെന്ന് പ്രത്യേക ആഗ്രഹം വല്ലതും ഉണ്ടോ? ‘യൂറോപ്പിലെത്തന്നെ ഏറ്റവും വലുതും, പ്രശസ്തവുമായ സെമിത്തേരിയുടെ പേര് ഞാൻ പറയുമ്പോൾ, അയാൾ സംശയത്തോടുകൂടി വീണ്ടും എന്നെ നോക്കി.

‘അവിടെ കല്ലറ നേരത്തെ ബുക്ക്‌ചെയ്തിട്ടുണ്ടായിരുന്നോ? ‘ഇല്ല.., ഞാൻ ഉദ്ദേശിച്ചിത് ആ പതിനാലാം നമ്പർ ചാപ്പലിനടുത്തു. പ്രത്യേകം തിരിച്ചട്ടിരിക്കന്ന സ്ഥലത്ത് ആ വലിയ ഐഹ മരത്തിന് ചുവട്ടിൽ ‘ എഴുത്തുനിറുത്തി അയാൾ എന്നെനോക്കി പറഞ്ഞു.

‘അത് ജാതി, മതഭേദമന്യേ പ്രത്യേകമായി ആവശ്യപ്പെടുന്നവരെ മാത്രം സംസ്‌കരിക്കപ്പെടുന്ന സ്ഥലം. സാധാരണ കല്ലറയെക്കാൾ ചാർജ് കൂടുതലാണവിടെ ‘

മരിച്ചതോ മരിച്ചു, കത്തിക്കരിഞ്ഞ ഒരുപിടി ചാരം കുഴിച്ചിടുവാൻ ഇത്രയും വലിയൊരു തുക ചിലവഴിക്കണമോയെന്ന ധ്വനി ആ വാക്കുകളിൽ നിഴലിച്ചിരുന്നു.’അതെ അതുതന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും’.

ആവശ്യമായ തുക നിങ്ങൾക്കെന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം.’ഞാൻ എന്റെ അക്കൗണ്ട് ഡീറ്റൈൽസും, അതിനവരെ അനുവദിച്ചുകൊണ്ടെഴുതിയ, ഒപ്പിട്ടു തയ്യാറാക്കിയ കടലാസുകളും മേശപ്പുറത്തേയ്ക്ക് നീക്കിവച്ചു.

അയാൾ അതെടുത്തു വിശദമായി നോക്കിയ ശേഷം വീണ്ടും എന്തൊക്കയോ കുത്തിക്കുറിച്ചുകൊണ്ടിരിന്നു.
‘എന്തെങ്കിലും പ്രത്യേക തീരുമാനങ്ങൾ വല്ലതും ഉണ്ടോ മനസിൽ.?

ഞാൻ ഉദ്ദേശിച്ചത്, ചാരം അടക്കപ്പെടുന്ന കുടത്തിന്റെ നിറം, പൂക്കൾ, മെഴുകുതിരികൾ, അവസാന പ്രാർത്ഥനാഗീതങ്ങൾ, അങ്ങനെ വല്ലതും’?

എഴുത്തു നിറുത്താതെയും, മുഖമുയർത്തി എന്നെ നോക്കാതെയുമാണയാളത് ചോദിച്ചത്. ‘പൂക്കളോ, തിരികളോ, പ്രാർത്ഥനാ ഗീതങ്ങളോ ഒന്നും വേണമെന്നില്ല. ഞാനതൊന്നും ആഗ്രഹിക്കുന്നില്ല’ ‘ആ ഐഹയുടെ ചുവട്ടിൽ, അവിടെ വേണം എന്നെ.’ ഞാൻ അർദ്ധയോക്തിയിൽ നിറുത്തി.

എന്തൊക്കയോ കണക്കുകൂട്ടലുകൾക്കും, എഴുത്തുകുത്തലുകൾക്കും ശേഷം അയാൾ പറഞ്ഞു,
‘അയ്യായിരത്തി മുന്നൂറ് യൂറോ ചിലവാകും ‘എന്നെ കരിച്ചു കുഴിച്ചുമൂടുന്നതിന്റെ കണക്കുകൾ കേട്ടിട്ടെനിക്ക് ഭാവ വ്യത്യാസം വല്ലതും വരുന്നുണ്ടോയെന്നൊരാകാംഷ അയാളുടെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു.

എല്ലാം സമ്മതം എന്ന നോട്ടത്തോടെ ഞാൻ കൂടെ കൊണ്ടുവന്നിരുന്ന ഒരു പേപ്പർബാഗും, ഒരു ലെറ്റർകവറും അയാൾക്ക് മുന്നിലേയ്ക്ക് നീക്കിവച്ചുകൊണ്ട് പറഞ്ഞു.

‘ഒരുപക്ഷെ, അന്നവിടെ സംസ്‌കാരത്തിന് ഒരാൾമാത്രം വരും. ചിലപ്പോൾ, ചിലപ്പോൾ മാത്രം. ഉറപ്പില്ല.’ ഞാൻ ആ കവറിന് മുകളിൽ ഒരു വിസിറ്റിങ് കാർഡ് വയ്ക്കുന്നതായാൾ ശ്രദ്ധിച്ചു. വിസിറ്റിങ് കാർഡ് എടുത്തു വായിച്ച ശേഷം ഞാൻ മേശപ്പുറത്തു വച്ച ചെറിയ ആ പേപ്പർ ബാഗിലേയ്ക്ക് അയാളുടെ കണ്ണുകളുടക്കി. ഇതെന്താണെന്നൊരു നോട്ടവും എന്നിലേക്കെത്തി.

എന്റെ പഴയ ഒരു ക്യാമറയും, ഞാൻ അവസാനമായി ഉപയോഗിച്ചിരുന്ന കണ്ണടയും, എന്റെ ഫേസ്ബുക്കിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും പാസ്‌വേർഡും അവശേഷിക്കുന്ന ചില ചെറിയ സമ്പാദ്യങ്ങളുടെ വിശദവിവരങ്ങളും, അവകാശ സമ്മതപത്രങ്ങളും, എനിക്കായി എന്നോ സമ്മാനിക്കപ്പെട്ട സ്വർണനിറത്തിലുള്ള ഒരു പേനയും ആ ബാഗിൽ ഞാൻ വച്ചിരുന്നു. ആ പേനയിൽ ഞാൻ ഒരിക്കലും മഷി നിറച്ചിരുന്നില്ല.
നിറം മങ്ങാതെ, മുനയൊടിയാതെ, നോവുകൾ നിറച്ചൊരിക്കലുമൊന്നുമെഴുതാത്ത ആ സമ്മാനം ഞാൻ തിരികെയേൽപ്പിക്കുവാനാഗ്രഹിച്ചു.

അതിലുള്ള സാധനങ്ങളുടെ വിവരങ്ങൾ വിശദീകരിക്കാതെതന്നെ ഞാൻ തുടർന്നു. ‘ഇതിൽ എന്റെ അവസാനത്തെ ചില ചെറിയ ആഗ്രഹങ്ങളും, സമ്പാദ്യങ്ങളും മാത്രം. ‘അന്നവിടെ ഈ വിസിറ്റിങ് കാർഡിൽ പറയുന്ന ആൾ വരുകയാണെങ്കിൽ ദയവായി ഇതേൽപ്പിക്കുക’. അങ്ങനെയാരും അന്ന് വന്നില്ലെങ്കിലോ എന്നയാൾ ചോദിക്കരുതെന്ന് ഞാൻ ആശിച്ചു. അതറിഞ്ഞതുപോലെ അയാൾ വളരെ ശ്രദ്ധയോടുകൂടി ആ ബാഗും, കവറും അടുത്തുള്ള അലമാരിയിൽ എടുത്തുവച്ചു. വീണ്ടും കസേരയിൽ വന്നിരുന്നത്തിനു ശേഷം ഒരു ഫോട്ടോ ആൽബം എനിക്കുമുന്നിലേക്കു നീക്കിവച്ചെന്നോട് പറഞ്ഞു.

‘ഇതിൽ ചാരം നിറയ്ക്കുന്ന ചെപ്പുകളുടെ കുറേ ചിത്രങ്ങൾ ഉണ്ട്. ഏതു വേണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം’

ആൽബം മറിച്ചുനോക്കാതെ തന്നെ ഞാൻ പറഞ്ഞു.

‘ആകാശനീലിമയിൽ, ചെപ്പിന്റെ അരികുകളിൽ മഞ്ഞ നേർത്തവരകൾ കൊണ്ട് ഭംഗിയാക്കിയതും, കറുത്ത റിബൺ കെട്ടിയതുമായ ഒരെണ്ണമതിലുണ്ടാവണം. അതുമതി. ‘വളരെ കൃതാർത്ഥതയോടുകൂടി ഞാനയാളെ നോക്കി.

‘സാധാരണരീതിയിൽ രണ്ടാഴ്ചയോളം സമയമെടുക്കും. വേഗമാക്കുവാൻ ഞാൻ ശ്രമിക്കാം’. അയാൾ ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിലേയ്ക്ക് നോക്കി പറഞ്ഞു. എഴുതിക്കൂട്ടിയ പേപ്പറുകളും, ആൽബവും ചേർത്തടുക്കിവച്ച ശേഷം അയാൾ പേനയടച്ചു ഗ്ലാസുകൊണ്ടു പണികഴിപ്പിച്ച ചെറിയ പെൻസ്റ്റാണ്ടിലേക്കു വച്ചു.

നോവുകളുടെ കറുപ്പുകളിലെഴുതിയ, മുനതേഞ്ഞു. മഷിയുണങ്ങിയ പേന മേശപ്പുറത്തു കിടന്നെന്നെത്തന്നെ നോക്കുന്നു. ഞാനെന്റെ കൈ ചലിപ്പിക്കുവാൻ ശ്രമിച്ചു. കഴിയുന്നില്ല. ഞാൻ വീണ്ടും ചുറ്റും നോക്കി. എഴുന്നേറ്റുനിന്നന്നെ നോക്കി പരിതപിക്കുന്നയെന്റെ അക്ഷരങ്ങളെയാണ് കണ്ടതെവിടെ. ഞങ്ങൾ നിസഹായരാണെന്നവർ മൊഴിയുന്നപോലെ. നിമിഷങ്ങളോ, മണിക്കൂറുകളോ, ദിവസങ്ങളോ കടന്നുപോകുന്നതെനിക്കിനിയറിയുവാൻ സാധിക്കില്ലല്ലോ. ശരീരം അഴുകിത്തുടങ്ങിയിട്ടുണ്ടാവുമോ? ആവോ, അറിയില്ല.

ശ്വാസം നിലച്ചതിനാൽ, ഗന്ധങ്ങൾ കിട്ടുകയുമില്ല. ഇനിയെത്ര നാളുകൾ ഞാനിങ്ങനെ കിടക്കണം. എന്നോ ഒരിക്കൽ വാതിലിന് പുറത്തു ശബ്ദങ്ങളും, കാൽപെരുമാറ്റവും കേട്ട്, ഞാൻ ചെവികൂർപ്പിച്ചു. ചുറ്റിലും നോക്കി. അടുക്കും, ചിട്ടയുമില്ലാതെ, എല്ലാം ചിതറി കിടക്കുന്നു. വൃത്തിയുള്ള ഒരു ഷർട്ട് പോലുമല്ല. ഞാനണിഞ്ഞിരിക്കുന്നതും, കഷ്ട്ടം. വരുന്നവർക്കെന്തുതോന്നുമായിരിക്കും.

ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന് പറഞ്ഞുകേട്ടതോർത്തുപോയി. ഇനിപറഞ്ഞിട്ടെന്തുകാര്യം?
ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു! കുറെ ആൾക്കാർ എന്റെ അടുത്തേക്ക് വന്നെന്നെ സൂക്ഷിച്ചു നോക്കി. സ്‌തെതസ്‌കോപ് വച്ചൊരാൾ എന്റെ ഹൃദയമിടിക്കുന്നുണ്ടോയെന്നും, തണുത്തു
മരവിച്ചിരുന്ന എന്റെ കണ്ണുകൾ വലിച്ചുതുറന്നു രക്തയോട്ടമുണ്ടോയെന്നും പരിശോധിക്കുന്നതു
കണ്ടപ്പോൾ അയാളൊരു ഡോക്ടർ ആണെന്ന് മനസിലായി. കൂടെ ഉണ്ടായിരുന്നവർ പൊലീസും, പിന്നെ ആശുപത്രി ജീവനക്കാരും. വളരെക്കുറച്ചു നേരത്തെ പരിശോധനകൾക്ക് ശേഷം അവർ തമ്മിൽ പരസ്പരം എന്തൊക്കയോ സംസാരിക്കുന്നതു ഞാൻ കാണുന്നുണ്ടായിരുന്നു. പൊലീസുകാർ മുറിയുടെ ഓരോ മുക്കും, മൂലയും വളരെ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്നു.

ഏറെനേരം കഴിഞ്ഞു ഏതോ കുറെ ബലിഷ്ടമായ കരങ്ങൾ എന്നെ എടുത്തൊരു നീളമുള്ള തുണി സഞ്ചിപോലുള്ള ഒന്നിലേയ്‌ക്കെടുത്തു മാറ്റിവച്ചു. ബലിഷ്ടരെങ്കിലും, എന്നെ തൂക്കിക്കൊണ്ടുപോകുമ്പോൾ അവർ കിതക്കുന്നതെനിക്ക് കേൾക്കാമായിരുന്നു. എനിക്ക് ഭാരമൊട്ടുമേ. അനുഭവപ്പെടുന്നുമില്ലായിരുന്നു! ശബ്ദങ്ങൾ നേർത്തു, നേർത്തു വന്നു. പിന്നെ എല്ലാം നിശബ്ദമായി. വല്ലാതെ തണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു. അത് കൂടി, കൂടി വന്നുകൊണ്ടിരുന്നു. ഞാനൊരു തണുത്തുമരവിച്ച വസ്തുവായി മാറി, തണുപ്പായി മാറി, കൊടുംതണുപ്പുമാത്രമായി മാറി.

കൊടും തണുപ്പിൽ നിന്നൊരു മാറ്റമായിരുന്നു പിന്നീട് തുടക്കത്തിൽ, അഗ്‌നിനാളങ്ങൾ എന്നിലേക്കെത്തിയപ്പോൾ സുഖകരമായി അനുഭവപ്പെട്ടിരുന്നെങ്കിലും, ആ തീച്ചൂളയിൽ എത്രവേഗമാണ് ഞാൻ ഉരുകിത്തീർന്നത്. വിശദീകരിക്കുവാനൊരിക്കലും സാധിക്കാത്തത്ര പൊള്ളലുകളായിരുന്നവകൾ. ആരോ ഒരാൾ പഴകിയ ഒരു ഇരുമ്പു കോരിയാൽ മനോഹരമായ, ഞാൻ ആഗ്രഹിച്ച ആ ചെപ്പിനുള്ളിലേയക്ക് എന്നെ എടുത്തിട്ടു.

ശവസംസ്‌കാര ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനിലേയ്ക്ക് അത് കൈമാറിയിട്ട് ഏതോ ഒരു പേപ്പറിൽ ഒപ്പിട്ടു മേടിച്ചതിനു ശേഷം അയാൾ നടന്നകന്നു. ശ്രദ്ധയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥൻ അതടച്ച്, കറുത്ത റിബണാൽ ഭദ്രമായി കെട്ടിയതിനുശേഷം, അതയാളുടെ തുകൽബാഗിനകത്തുവച്ച്, അവിടെ നിന്ന് നിഷ്‌കാസിതനായി.

മേഘാവൃതമായൊരു ദിവസമായിരുന്നു ഞാൻ ഐഹയുടെ ചുവട്ടിലേക്ക് എത്തപ്പെട്ടത്. വയോധികനായ ഒരു പുരോഹിതനും, ഞാനടങ്ങിയ ചെറിയ ചെപ്പുകുടം ഇടതു കൈയാൽ മാറോടുചേർത്തു ആ ഉദ്യോഗസ്ഥനും ഐഹയുടെ ചുവട്ടിൽ എത്തിയപ്പോഴേയ്ക്കും ചെറുതായി. മഴ പെയ്തു തുടങ്ങിയിരുന്നു. മരത്തിനു ചുവട്ടിൽ ഏറെ ആഴമില്ലാത്തൊരു കുഴിയും ഒരുക്കിയിട്ടിരുന്നു.

പുരോഹിതൻ വളരെവേഗം വിശുദ്ധജലം തളിച്ച് കർമങ്ങൾ അവസാനിപ്പിക്കുവാൻ തുടങ്ങുമ്പോളായിരുന്നു വളരെ സാവധാനം അങ്ങോട്ടേയ്ക്ക് കടന്നുവന്ന ആ അതിഥിയെ അവർ ശ്രദ്ധിക്കുന്നത്. പെട്ടന്ന് തന്നെ ആ ഉദ്യോഗസ്ഥൻ അങ്ങോട്ടേയ്ക്കുചെന്ന് ആ വിസിറ്റിങ് കാർഡ് എടുത്തെന്തൊക്കയോ ചോദിക്കുകയും അതിനുശേഷം അവിടെ അയാൾ മാറ്റിവച്ചിരുന്ന എന്റെ ബാഗും, ആ ലെറ്ററും കൈമാറുന്നതും ഞാൻ കണ്ടു.

പുരോഹിതൻ അക്ഷമനായി അവരെ നോക്കുന്നുണ്ടായിരുന്നു. ആ ഉദ്യോഗസ്ഥൻ അയാളുടെ കൈയിലിരുന്ന ചിതാഭസ്മമടങ്ങിയ ആ കുടം മഴവെള്ളം ഒലിച്ചിറങ്ങുന്ന ആ കുഴിയിലേക്ക് വച്ച്, വന്നയാളെ ഒന്ന് നോക്കി. അത് മനസിലാക്കിയിട്ടെന്നവണ്ണം, ആ വ്യക്തി കുഴിയുടെ അടുത്തേയ്ക്ക് നടന്നടുത്തിട്ടൊരുപിടി നനഞ്ഞ മണ്ണ് ആ കുടത്തിനുമേലിട്ടു മാറിനിന്നു.

നിർവികാരമായ ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല, ഒരുതുള്ളി കണ്ണുനീർക്കണം പോലുമടർന്നു വീണില്ല. പുരോഹിതൻ ശബ്ദം താഴ്ത്തി ശുശ്രൂഷാവചനങ്ങൾ ചൊല്ലി, വീണ്ടും വിശുദ്ധജലം തളിച്ച്, ഇനി കുഴി മൂടാം എന്നയർത്ഥത്തിൽ ആ ഉദ്യോഗസ്ഥനെ നോക്കി.

അയാൾ പെട്ടെന്നുതന്നെ ആ കുഴി മൂടി , മൺവെട്ടിക്ക് സമാനമായ ഉപകരണവും, മറ്റു സാമഗ്രികളും എടുത്തു പുരോഹിതനോടൊപ്പം ചാപ്പലിലേയ്ക്ക് നടന്നു പോയി. മഴനനഞ്ഞു നിന്നിരുന്ന നിന്റെ കണ്ണുകളിലേയ്ക്ക് ഞാൻ നോക്കി. ഐഹയുടെ ചില്ലകളിൽ നിന്ന് മഴത്തുള്ളികളോടൊപ്പം നിന്റെ നെറ്റിയിലേയ്ക്കുതിർന്നു വീണുകൊണ്ടിരിക്കുന്ന കുഞ്ഞു പൂവുകൾ നീ അസഹ്യതയോടെ തട്ടിമാറ്റുന്നുണ്ടായിരുന്നു.

നിനക്കൊരിക്കലും ആ പൂവുകളോടിഷ്ടമുണ്ടായിരുന്നില്ല. ഞാൻ വല്ലപ്പോഴും എഴുതുവാനായി ആ മരച്ചുവടുകളിൽ പോയിരിക്കുന്നതുപോലും നിനക്കൊരിക്കലും ഇഷ്ടമല്ലായിരുന്നു. അപ്പോഴൊക്കെ നീ ചോദിക്കുമായിരുന്നു. ‘സൗരഭ്യമില്ലാത്ത ഈ പൂക്കളുടെ നടുവിൽ എന്തിനുവന്നിരിക്കുന്നുവെന്ന് ‘
ഞാൻ കൂട്ടിവയ്ക്കുന്ന ഐഹയുടെ പൂക്കളെ നീ പലപ്പോഴും തട്ടിത്തെറിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെയും നീ പറയുമായിരുന്നു.

‘ആർക്കാണ് സൗരഭ്യം ചൊരിയാത്ത പൂവുകൾ ഇഷ്ട്ടപ്പെടുവാനാവുക’. എന്റെ വന്യമായ യാത്രകളിൽ ഞാൻ കണ്ട സൗന്ദര്യമുള്ള, സൗരഭ്യം ചൊരിയാത്ത പൂക്കളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ നീ ആ വിഷയത്തിൽ നിന്ന് താത്പര്യമില്ലാതെ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു, എന്നും ! സൗന്ദര്യമുണ്ടെങ്കിലും, സൗരഭ്യം പകരാത്ത പൂവുകളെ നിനക്കിഷ്ടമല്ലായിരുന്നു. ഇന്നിപ്പോൾ നീ ഈ ഐഹയുടെ ചുവട്ടിൽ നിൽക്കുമ്പോഴും ഞാനതറിയുന്നുണ്ട്. എനിക്ക് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. ഏതോ ഒരു രാസ്വപ്‌നത്തിന് നടുവിൽ, നിന്റെ കരുത്താർന്ന കരങ്ങളാൽ എന്റെ ചുമലുകളും, കൈകളും ബന്ധിക്കപ്പെട്ടപ്പോഴും , ശക്തിയേറിയ നിന്റെ തുടകളാലും, കാൽമുട്ടുകളാലും, എന്റെ അരക്കെട്ടിന്റെ ശക്തി ശോഷിച്ചുപോയപ്പോഴും, നിന്റെ ചുണ്ടുകളാൽ എന്റെ വായ് നീ മൂടികെട്ടിയപ്പോഴും നീ മുറുകെ അടച്ചുപിടിച്ചിരുന്ന നിന്റെ കണ്ണുകളേക്കാൾ എത്ര ഇരട്ടി ശക്തിയുണ്ടായിരുന്നു നിന്റെ ശരീരത്തിനും, ഇച്ഛാശക്തിക്കുമെന്ന് ഞാനറിഞ്ഞിരുന്നുവെന്ന്!

ശ്വാസം നിലച്ചു.നിർജ്ജീവമായികൊണ്ടിരുന്ന എന്റെ കണ്ണുകൾ അപ്പോഴും അടഞ്ഞിരുന്നില്ല. നീ എന്നിൽ നിന്നുമകന്നെണീറ്റ് തീവ്രമായൊരുന്മാദാവസ്ഥയിൽ അടുക്കും ചിട്ടയുമായി ഞാൻ ക്രമീകരിച്ചു വച്ചിരുന്ന സാധനങ്ങളെല്ലാം ആ മുറിക്കുള്ളിൽ വാരിവിതറുമ്പോഴും അതിവേഗത്തിലുള്ള നിന്റെ ശ്വാസോച്ഛ്വാസങ്ങൾ എനിക്ക് കേൾക്കാമായിരുന്നു. ഏതോ ഒരു ആത്മസംതൃപ്തിയോടെ അവസാനമായി എന്നെ നീ നോക്കിനിന്നു, കുറെ നിമിഷങ്ങൾ…!

മെല്ലെ, മെല്ലെ നിന്റെ കാലടിശബ്ദങ്ങൾ അകന്നകന്നുപോകുന്നതും ഞാനറിഞ്ഞിരുന്നു. ഞാൻ മരിച്ചിരിക്കുന്നു, പക്ഷെ സ്വാഭാവികമരണമോ, ഒരാത്മഹത്യയോ അല്ലായിരുന്നു, ഞാൻ മരണപ്പെടുകയായിരുന്നു!

കൃത്യമായി നീ എല്ലാം ചെയ്തിരുന്നുവെങ്കിലും, പ്രകൃതി നിയമംപോലെ നീയും അവശേഷിപ്പിച്ചിരുന്നു
ഒരു തെളിവവിടെ…! നീ അറിഞ്ഞോ, അറിയാതയോ ഉപേക്ഷിച്ചു പോന്നിരുന്നു. ആരാലും കണ്ടുപിടിക്കപ്പെടാതെ പോയൊരു തെളിവ്. ഞാനതെന്റെ കൂടെ കൊണ്ടുപോകുന്നു, എന്നേയ്ക്കുമായി. നീയാമഴയിലൂടെ നടന്നകന്നുപോകുമ്പോൾ നിന്റെ കയ്യിൽ തൂങ്ങുന്ന ആ ബാഗിനോടൊപ്പം, ചേർത്തുപിടിച്ച ആ കവറും മഴത്തുള്ളികൾ വീണു നനയുന്നുണ്ടായിരുന്നു. ആ കവറിനുള്ളിൽ എന്താണെന്ന് നീ എപ്പോഴെങ്കിലും വായിക്കുമോ…? അറിയില്ല. ഞാൻ നിനക്കുവേണ്ടി അതിപ്പോൾ വായിക്കട്ടെ.

ഞാനിഷ്ടപ്പെട്ട പൂവുകൾക്ക് സൗരഭ്യമുണ്ടായിരുന്നില്ല.., പക്ഷെ ഞാൻ നിനക്കായെഴുതിയ എല്ലാവരികളിലും സുഗന്ധം നിറഞ്ഞിരുന്നു. ഞാൻ നിനക്കായെഴുതിയ എല്ലാ സ്‌നേഹ സന്ദേശങ്ങളും, പറയാൻ മറന്നുപോയതും, പറയാൻ ബാക്കിവച്ചതുമായതെല്ലാം. അതിമധുരങ്ങൾ മാത്രമായിരുന്നു. നീ അതൊരിക്കലും വായിച്ചിരുന്നില്ല, രുചിച്ചിരുന്നില്ല. ഒരിക്കെലെങ്കിലും കാണുവാൻ ശ്രമിച്ചിരുന്നുമില്ല. എന്റെ ചെറുകുറിപ്പുകൾ നീയെന്നെങ്കിലും കണ്ടിരുന്നുവെങ്കിൽ. ഒരു പക്ഷെ ഞാൻ ഇന്നും ജീവിച്ചിരുന്നേനെ. എന്റെയും, നിന്റെയും ജീവിതം മറ്റൊന്നാകുമായിരുന്നു. വൈകിപ്പോയിരിക്കുന്നു. ഒരുപാട് വൈകിപ്പോയിരിക്കുന്നു. എനിക്ക് നിന്നോടൊട്ടും വെറുപ്പില്ല, ഇന്നും സ്‌നേഹം മാത്രം, അതിലുപരി നന്ദിയും! നിന്നിലൂടെയെനിക്ക് മരണപ്പെടുവാൻ കഴിഞ്ഞുവല്ലോ!

മഴക്കിത്തിരി ശമനം വന്നിരിക്കുന്നു. എന്റെമേൽ ഐഹയുടെ സുഗന്ധമില്ലാത്ത പൂവുകൾ പൊഴിഞ്ഞു വീണുകൊണ്ടേയിരിക്കുന്നു. അവയിലൂടിറ്റിറ്റൊഴുകുന്ന മഴവെള്ളം മണ്ണിനിടയിലൂടെ ഒലിച്ചിറങ്ങി. കറുത്ത റിബണുകളെ നനയിക്കുവാൻ തുടങ്ങിയിരിക്കുന്നു. തുള്ളി, തുള്ളികളായി വന്നെന്നെയും നനയിക്കുന്നു. ഈ ഐഹയുടെ അടിവേരുകളിലേയ്ക്ക് ഞാൻ അലിഞ്ഞിറങ്ങട്ടെ. സൗരഭ്യം പകരാനാവാത്ത പൂവുകളെ ഗർഭം ധരിക്കുവാനായി ഇവയുടെ അടിവേരുകളിൽ തളിർത്തിനിയുമൊന്ന് ഉണർന്നെഴുന്നേൽക്കുവാൻ!

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Aihayude poovukal, story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here